|    May 25 Fri, 2018 10:04 pm
FLASH NEWS

വെങ്ങല്ലൂര്‍ സ്‌കൂളിനിത് വെറും ട്രോഫിയല്ല; ഓവറോള്‍ കിരീടമാണ്

Published : 17th November 2016 | Posted By: SMR

ഇരട്ടയാര്‍: വെങ്ങല്ലൂര്‍ ടി എം യുപി സ്‌കൂളിന് കിട്ടിയ ഏക ട്രോഫി ശരിക്കും ഓവറോള്‍ ആണ്, വെറുതേ പറയുന്നതല്ല. ആ ചരിത്രം പിന്നാലെ. ആദ്യം വിജയത്തെക്കുറിച്ച്. ഓട്ടുപാത്രങ്ങള്‍, ചെമ്പ് പാത്രങ്ങള്‍, മുനിമാരും ആദിവാസികളും ഒക്കെ ഉപയോഗിച്ചിരുന്ന നൂറ്റാണ്ടുകള്‍ക്ക് അപ്പുറമുള്ള ഗൃഹോപകരണങ്ങള്‍, ഇന്ത്യയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങള്‍… തീരുന്നില്ല, ഈ സ്‌കൂളിലെ പ്രധാനാധ്യാപികയും കുട്ടികളും കാണികള്‍ക്കായി ഒരുക്കിയതൊക്കെയും പഴമയുടെ കൗതുകക്കാഴ്ചകളായിരുന്നു. എല്‍ പി വിഭാഗം സോഷ്യല്‍ സയന്‍സ് കലക്ഷന്‍ മല്‍സരത്തില്‍ ആഷിഖ് ഷെമീറും സിയാന ടി എസ്സും പ്രധാനാധ്യാപിക പി എസ് ഗീതയും കഷ്ടപ്പെട്ടതു വെറുതേയായില്ല. ഫസ്റ്റ് എ ഗ്രേഡുമായിട്ടാണ് മൂന്നുവാഹനങ്ങളിലായി എത്തിച്ച പുരാവസ്തുശേഖരവുമായി ഇവര്‍ മലയിറങ്ങിയത്. സബ് ജില്ലയിലും ഈയിനത്തില്‍ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. സംസ്ഥാനതലത്തില്‍ ഈയിനത്തില്‍ മല്‍സരമില്ലെന്ന ഒരു സങ്കടമുണ്ടെന്നൊഴിച്ചാല്‍ ബാക്കിയൊക്കെ ഏറെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് കുട്ടികള്‍ക്കും അധ്യാപികയ്ക്കും. വെങ്ങല്ലൂര്‍ ടി എം സ്‌കൂളിന് ആകെ ലഭിച്ചത് ഈ ഒരു ട്രോഫി മാത്രമാണ്, കാരണം ഒരുപാടുണ്ട് പറയാന്‍. 1958ല്‍ സ്‌കൂള്‍ തുടങ്ങുമ്പോള്‍ തൊടുപുഴ മേഖലയിലെ ഏറ്റവും നല്ല സ്‌കൂളായിരുന്നു ഇത്. കാലം കഴിഞ്ഞുപോയപ്പോ സ്‌കൂളിനും മാറ്റങ്ങള്‍ക്കൊത്ത് ഉയരാനായില്ല, എന്നല്ല ഉയര്‍ത്താന്‍ താല്‍പ്പര്യത്തോടെ ആരും മുന്നിട്ടുവന്നില്ല എന്നതാണു സത്യം. ഇപ്പോള്‍ ഒന്നുമുതല്‍ ഏഴാംക്ലാസ് വരെ ആകെ സ്‌കൂളിലുള്ളത് 35 വിദ്യാര്‍ഥികളാണ്. ! ഇവരില്‍ നിന്ന് സബ് ജില്ലയില്‍ 28 കുട്ടിക#േളെ 16 ഇനങ്ങളിലായി പങ്കെടുപ്പിക്കാന്‍ സാധിച്ചത്.ഇതിന് ഒരൊറ്റ രഹസ്യമേയുള്ളൂ. പ്രധാനാധ്യാപിക പി എസ് ഗീത. കൂടെയുള്ള അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി സ്‌കൂളിന്റെ സമഗ്രമായ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ ഫലമാണ് ഈ ട്രോഫി. വാര്‍ഡ് മെംബര്‍ രാജീവ് പുഷ്പാംഗദന്റെയും നഗരസഭാ അധികൃതര്‍ അടക്കമുള്ളവരുടെ പിന്തുണയും സ്‌കൂളിന് ഗുണകരമാവുന്നുണ്ട്. വരുംനാളുകളില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ അടക്കം വിദ്യാര്‍ഥികളെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പഴയരിക്കണ്ടം ഗവ. യുപി സ്‌കൂളിനെ, സ്‌കൂള്‍ മികവ് ഉല്‍സവത്തില്‍ ഏറ്റവും നല്ല സ്‌കൂളിനുള്ള അവാര്‍ഡ് വാങ്ങി നല്‍കിയാണ് ഗീത ടീച്ചര്‍ വെങ്ങല്ലൂരിലേക്കു സ്ഥലംമാറിവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss