|    Aug 24 Thu, 2017 4:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

Published : 6th August 2017 | Posted By: fsq

 

കെ  എ  സലിം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയാവും. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്തതിന്റെ 68 ശതമാനം വോട്ടും നേടിയ നായിഡുവിന് 272 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകളാണ് ലഭിച്ചത്. 11 വോട്ടുകള്‍ അസാധുവായി. വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്ന 785 പാര്‍ലമെന്റ് അംഗങ്ങളില്‍ 771 പേര്‍ (98.21 ശതമാനം) വോട്ട് ചെയ്തു. 14 എംപിമാര്‍ വോട്ട് ചെയ്തില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നാലും ബിജെപി, മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് എന്നിവയുടെ രണ്ടുവീതവും എന്‍സിപി, പാട്ടാളിമക്കള്‍ കക്ഷി എന്നിവയുടെ ഓരോന്നു വീതവും രണ്ടു സ്വതന്ത്ര അംഗങ്ങളുമാണ് വോട്ടു ചെയ്യാതിരുന്നത്. വിമാനം വൈകിയതിനാലാണ് കേരളത്തില്‍ നിന്നുള്ള മുസ്‌ലിംലീഗ് അംഗങ്ങളായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ക്ക് വോട്ടു ചെയ്യാനാവാതിരുന്നത്.  ബിജെപി അംഗങ്ങളായ സന്‍വര്‍ലാല്‍ ജാട്ട്, വിജയ് ഗോയല്‍, കോണ്‍ഗ്രസ്സിന്റെ മൗസം നൂര്‍, റാണി നരാഹ്, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കുനാല്‍ ഘോഷ്, തപസ് പോള്‍, പ്രതിമ മണ്ഡല്‍, അഭിഷേക് ബാനര്‍ജി, പാട്ടാളി മക്കള്‍ കക്ഷിയുടെ അന്‍പുമണി രാമദോസ്, എന്‍സിപിയുടെ ഉദയന്‍ രാജെ ഭോന്‍സ്‌ലെ, സ്വതന്ത്രരായ അനു ആഗ, നാബ കുമാര്‍ ശരണ്യ എന്നിവരാണ് വോട്ട് ചെയ്യാത്ത മറ്റുള്ളവര്‍. വോട്ടെടുപ്പ് തുടങ്ങി അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരും വോട്ട് ചെയ്യാനെത്തി. മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റെങ്കിലും മൂന്നു പേരും തങ്ങളുടെ പാര്‍ലമെന്റ് അംഗത്വം രാജിവച്ചിരുന്നില്ല. പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കാതിരുന്ന വെങ്കയ്യ നായിഡു 10.8നു തന്നെ വോട്ട് ചെയ്യാനെത്തി. 11:35ഓടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വോട്ട് ചെയ്യാനെത്തിയത്. സുപ്രിംകോടതി അയോഗ്യനാക്കിയ ബിജെപി എംപി ചെഹ്ദി പാസ്വാനു വോട്ടവകാശമില്ലായിരുന്നു. എന്‍ഡിഎ സഖ്യകക്ഷികള്‍ക്കു പുറമേ എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ വെങ്കയ്യ നായിഡുവിനെ പിന്തുണച്ചു. ജെഡിയു, ആര്‍ജെഡി, എന്‍സിപി, ഇടതു പാര്‍ട്ടികള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് യുപിഎ സഖ്യകക്ഷികള്‍ക്കു പുറമേ ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. വെങ്കയ്യ നായിഡുവിനെ ഗോപാല്‍കൃഷ്ണ ഗാന്ധി അഭിനന്ദിച്ചു. ഈ മാസം 11നു നായിഡു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക