|    Dec 10 Mon, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകിവീണ് മലയാളികളടക്കം മൂന്നു മരണം

Published : 3rd May 2018 | Posted By: kasim kzm

കണ്ണൂര്‍: മൈസൂരുവിലെ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകിവീണ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം മാണൂക്കരയിലെ കെ വി വിനോദ് (37), പാലക്കാട് തിരുമിറ്റക്കോട് ചാലാച്ചി വടക്കേക്കര സ്വദേശി ഹിളര്‍ (35), ബംഗളൂരു രാമനഗര്‍ സ്വദേശി രാജശേഖര്‍ (35) എന്നിവരാണു മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ 10ഓളം പേര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ട് 7.15ഓടെയാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീഴുകയും ഗാര്‍ഡനിലെ കൂടാരങ്ങള്‍ തകരുകയും ചെയ്തു. മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവും ഉണ്ടായി. ഇത് ശരീരത്തില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിനോദും ഹിളറും തല്‍ക്ഷണം മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആഞ്ഞുവീശിയ കാറ്റില്‍ പരിഭ്രാന്തരായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ചിതറിയോടി. രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ വീഴ്ചവരുത്തിയതായി ടൂറിസ്റ്റുകള്‍ ആരോപിച്ചു. മൈസൂരുവിലേക്ക് വിനോദസഞ്ചാരത്തിനു പോയ പട്ടുവം ഗവ. ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘത്തില്‍ അംഗമായിരുന്നു വിനോദ്. കഴിഞ്ഞ 29ന് രാത്രിയാണ് 32 അംഗ സംഘം പുറപ്പെട്ടത്. ഇവരുടെ ട്രാവലറിന് മുകളിലാണ് മരം കടപുഴകിയത്. നീലാങ്കോല്‍ കുഞ്ഞമ്പു-സരസ്വതി ദമ്പതികളുടെ മകനായ വിനോദ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ദിനേശന്‍, സുരേഷ് പട്ടുവം, ഉമേഷ്, അനിത.
പുഞ്ചയില്‍ വളപ്പില്‍ മൊയ്തീന്‍ കുട്ടിയുടെയും ആയിഷയുടെയും മകനാണ് ഹിളര്‍. ഭാര്യ: സാബിറ. മക്കള്‍: മുഹമ്മദ് റാഷിദ്, റംസീന, റാഫി. സഹോദരങ്ങള്‍: ഹൈദരലി, മജീദ്. അപകടത്തെ തുടര്‍ന്ന് വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss