|    Apr 28 Fri, 2017 3:48 pm
FLASH NEWS

വൃദ്ധ മാതാവിനു ക്രൂരമര്‍ദനം; മകളും ഭര്‍ത്താവും അറസ്റ്റില്‍; തെളിവായി മൊബൈല്‍ ദൃശ്യങ്ങള്‍

Published : 29th November 2016 | Posted By: SMR

പയ്യന്നൂര്‍: വൃദ്ധയായ അമ്മയെ ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മകളെയും ഭര്‍ത്താവിനെയും പോലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ മാവിച്ചേരി കുന്നുമ്മല്‍ വീട്ടില്‍ കെ വി കാര്‍ത്യായനിയമ്മയെ (75) മര്‍ദിച്ച സംഭവത്തില്‍ മകള്‍ ചന്ദ്രമതി, ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവരെയാണു പിടികൂടിയത്. ചന്ദ്രമതിയുടെ സഹോദരന്‍ വേണുഗോപാലിന്റെ പരാതിയിലാണ് നടപടി. പ്രതികള്‍ക്കെതിരേ  വയോജന പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. കാര്‍ത്യായനിയെ ചന്ദ്രമതി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ രഹസ്യവീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് വേണുഗോപാല്‍ പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം അവശയായ കാര്‍ത്യായനി മകളോടൊപ്പമാണ് താമസിച്ചുവരുന്നത്. ഓര്‍മക്കുറവ് ബാധിച്ച അമ്മയെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നതായും ചൂലുകൊണ്ട് അടിക്കുന്ന സാഹചര്യമുണ്ടായെന്നും ഈ നില തുടര്‍ന്നാല്‍ അമ്മയുടെ രണത്തിനു വരെ കാരണമായേക്കാമെന്നും മകന്‍ ആരോപിച്ചു. ഈ മാസം 24നാണ് മര്‍ദനരംഗം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. കാര്‍ത്യായനിയെ മകള്‍ കെകൊണ്ടും ചൂലുകൊണ്ടും തുടര്‍ച്ചയായി അടിക്കുന്നതും അസഭ്യം പറഞ്ഞു തള്ളിപ്പുറത്താക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് വീട്ടിലെത്തി അന്വേഷണം നടത്തി ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം ഇവര്‍ ഇന്നലെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് പയ്യന്നൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കാര്‍ത്യായനിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. ചന്ദ്രമതിയുടെ ക്രൂരതകള്‍ക്ക് സഹായം നിന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. അതേസമയം, മകള്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് കാര്‍ത്യായനി പോലിസില്‍ മൊഴിനല്‍കി. നല്ല രീതിയിലാണ് മകള്‍ സംരക്ഷിക്കുന്നത്. മര്‍ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്തിട്ടില്ല-പോലിസിനു നല്‍കിയ മൊഴി വാര്‍ത്താചാനലുകളോടും കാര്‍ത്യായനി ആവര്‍ത്തിച്ചു. എന്നാല്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരേ പരാതി നല്‍കിയതെന്ന് ചന്ദ്രമതി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day