|    Sep 22 Sat, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വൃദ്ധസദനത്തിലെ മുത്തശ്ശി; പ്രചരിക്കുന്ന കഥ വ്യാജം

Published : 25th August 2018 | Posted By: kasim kzm

അഹ്മദാബാദ്: സാമൂഹിക മാധ്യമങ്ങളില്‍ ദിവസങ്ങളായി പ്രചരിക്കുന്ന വൃദ്ധസദനത്തിലെ മുത്തശ്ശിയുടെയും കാണാനെത്തിയ കൊച്ചുമകളുടെയും ചിത്രം പലരുടെയും കണ്ണുനിറച്ചതാണ്. എന്നാല്‍, ചിത്രം യഥാര്‍ഥമാണെങ്കിലും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥ വളച്ചൊടിച്ചതാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാത്രമല്ല, 11 വര്‍ഷം മുമ്പത്തെ ഫോട്ടോയാണ് ഈയിടെ നടന്നതെന്ന രീതിയില്‍ പ്രചരിക്കുന്നത്.
സ്‌കൂള്‍ അധികൃതര്‍ക്കൊപ്പം വൃദ്ധസദനത്തിലെത്തിയ ഭക്തി പഞ്ചാല്‍ എന്ന ഗുജറാത്തി പെണ്‍കുട്ടി അവിടെ വച്ച് അവിചാരിതമായി സ്വന്തം മുത്തശ്ശിയെ കണ്ട് പൊട്ടിക്കരയുന്ന ദൃശ്യമെന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രം പ്രചരിക്കുന്നത്. ഭക്തിയുടെ മാതാപിതാക്കള്‍ മുത്തശ്ശിയെ വൃദ്ധസദനത്തിലാക്കിയതാണെന്നും ഇവരോട് മുത്തശ്ശി എവിടെയാണെന്നു ചോദിക്കുമ്പോള്‍ ബന്ധുവീടുകളിലാണെന്ന് മറുപടി നല്‍കിയിരുന്നുവെന്നും വിശദീകരണവുമുണ്ട്. എന്നാല്‍, ഫോട്ടോയുടെ യാഥാര്‍ഥ്യം വെളിപ്പെടുത്തി ബിബിസി ഹിന്ദി രംഗത്തെത്തി. ബിബിസിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ കല്‍പിത് ഭഷേഷ് എന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫറാണ് 2007ല്‍ ഈ ചിത്രം എടുത്തത്. ആഗസ്ത് 19ന് ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ബിബിസി ഫോട്ടോജേര്‍ണലിസ്റ്റുകള്‍ ചെയ്ത മികച്ച ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കല്‍പിത് പങ്കുവച്ച ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
എന്നാല്‍, ഫോട്ടോയോടൊപ്പം പ്രചരിച്ച വാര്‍ത്ത സത്യമല്ലെന്ന് ബിബിസി വ്യക്തമാക്കി. മുത്തശ്ശിയെയും ഭക്തിയെയും നേരിട്ടു കണ്ടാണ് വാര്‍ത്തയുടെ നിജസ്ഥിതി ബിബിസി വെളിപ്പെടുത്തിയത്. കഥയില്‍ പറയുന്ന പോലെ ഭക്തിയുടെ മാതാപിതാക്കള്‍ മുത്തശ്ശിയെ വൃദ്ധസദനത്തില്‍ തള്ളുകയായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ട് വൃദ്ധസദനത്തില്‍ എത്തിയതായിരുന്നു മുത്തശ്ശി. തന്റെ മുത്തശ്ശി വീടുവിട്ടുപോയതാണെന്ന വിവരം തനിക്കറിയാമായിരുന്നു. എന്നാല്‍, വൃദ്ധസദനത്തില്‍ യാദൃശ്ചികമായി അവരെ കണ്ടപ്പോഴുള്ള വികാരപ്രകടനമാണ് ഫോട്ടോയില്‍ ഉള്ളതെന്നും ഭക്തി പഞ്ചാല്‍ കൂട്ടിച്ചേര്‍ത്തു. ഫോട്ടോ വൈറലായതോടെ ഈ മുത്തശ്ശിയെയും കൊച്ചുമകളെയും തേടി കല്‍പിത് വീണ്ടുമെത്തി. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss