|    Sep 22 Sat, 2018 4:22 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

വൃദ്ധസദനങ്ങള്‍ പ്രകൃതിസൗഹൃദമാവണം

Published : 27th December 2017 | Posted By: kasim kzm

കെ എം സലീം
വിശ്രമത്തിന്റെ വേളയിലേക്കു നീങ്ങുന്ന അവസ്ഥയാണ് വാര്‍ധക്യം. ഈ കാലയളവില്‍ നേരിടുന്ന പ്രശ്‌നമാണ് ഒറ്റപ്പെടല്‍. ജീവിതത്തില്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളുണ്ടാവാമെങ്കിലും വാര്‍ധക്യത്തില്‍ ആരും സംരക്ഷിക്കാനില്ലാത്ത അവസ്ഥ ദയനീയമാണ്. കേരളത്തിലെ ഓരോ ജില്ലയിലും ശരാശരി 40ഓളം വൃദ്ധസദനങ്ങള്‍ ഉണ്ടെന്നാണു  കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍കാലങ്ങളില്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം മക്കളെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള അഞ്ചു വയസ്സ് പൂര്‍ത്തിയാവുന്നതു വരെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വളര്‍ത്താനായിരുന്നു ശ്രദ്ധിച്ചിരുന്നത്. ഇന്ന്് കൂട്ടുകുടുംബവ്യവസ്ഥയില്‍ നിന്ന് അണുകുടുംബത്തിലേക്കു മാറിയ കാലത്ത് ഭാര്യയും ഭര്‍ത്താവും ശമ്പളവ്യവസ്ഥയില്‍ തൊഴില്‍ചെയ്യുന്നവരായി മാറിയതു കാരണം അവരില്‍ പലര്‍ക്കും തൊഴില്‍ ഉപേക്ഷിച്ച് മക്കളെ പരിപാലിക്കാന്‍ താല്‍പര്യമില്ല. അവരുടെ പരിപാലനച്ചുമതല മറ്റുള്ളവരെ ഏല്‍പിക്കുകയാണ്. വീടുകളില്‍ വന്ന് കുട്ടികളെ പരിപാലിക്കാന്‍ തയ്യാറാവുന്ന സ്ത്രീകള്‍ ധാരാളമുണ്ടെങ്കിലും അവരെ പല കാരണങ്ങളാല്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതും അതോടൊപ്പം അവര്‍ക്കു നല്‍കേണ്ടിവരുന്ന പ്രതിമാസ ശമ്പളവും ചെലവുകളും മറ്റാനുകൂല്യങ്ങളുമെല്ലാം കണക്കിലെടുത്തും കൂടുതല്‍ സുരക്ഷിതത്വം ഉണ്ടെന്നു കരുതുന്ന ശിശുസൗഹൃദ പാഠശാലകളിലേക്ക് കുട്ടികളെ പറഞ്ഞയക്കുകയാണു ചെയ്യാറുള്ളത്.
ഓരോ കുട്ടിക്കും മാതാവില്‍ നിന്നു ലഭിക്കേണ്ട അവകാശമാണ് മുലപ്പാല്‍ എന്നത്. എന്നാല്‍, സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള മുലയൂട്ടാനുള്ള ലീവ് കാലാവധി ഒരുവര്‍ഷത്തില്‍ താഴെ മാത്രമാണ്. നേരത്തേ ഇത് ആറുമാസമായിരുന്നു. ഭര്‍ത്താവിന് കൃത്യമായി ശമ്പളം ലഭിക്കുന്ന തൊഴിലോ സാമാന്യം ഭേദപ്പെട്ട നിലയില്‍ ജീവിക്കാനുള്ള വരുമാനമാര്‍ഗങ്ങളോ ഉള്ളവര്‍ പോലും കുട്ടികളെ മുലയൂട്ടുന്നതിനും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിനുമായി ജോലിയില്‍ നിന്ന് രണ്ടുവര്‍ഷത്തെ അവധിയെടുക്കാന്‍ തയ്യാറാവാറില്ല. അത്തരം സാഹചര്യങ്ങളിലുള്ള കുട്ടികള്‍ വളര്‍ന്നു വലുതാവുന്നത് മാതാപിതാക്കളുടെ സ്‌നേഹവാല്‍സല്യങ്ങള്‍ ലഭിക്കാതെയും പരിചാരകരില്‍ നിന്നുള്ള ശകാരങ്ങളും പരിഹാസങ്ങളും നേരിട്ടുകൊണ്ടുമാണ്. അവര്‍ വളര്‍ന്നു വലുതാവുമ്പോള്‍ മാതാപിതാക്കളെന്ന പരിഗണന നല്‍കിക്കൊണ്ട് അവര്‍ തങ്ങളെ സ്‌നേഹിക്കണമെന്നോ പരിചരിക്കണമെന്നോ ആവശ്യപ്പെടാന്‍ എന്തവകാശമാണുള്ളത്?
വൃദ്ധസദനങ്ങളില്‍ ചേര്‍ക്കപ്പെടുന്നവരുടെ ഇടയില്‍ മുസ്‌ലിംകളുടെ എണ്ണം താരതമ്യേന കുറവാണെന്നു കാണാവുന്നതാണ്. മാതാപിതാക്കള്‍ക്ക് മക്കളോടെന്നപോലെ മാതാപിതാക്കളോട് മക്കള്‍ക്കുള്ള ബാധ്യതയും കടപ്പാടുകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഓരോ ഇസ്‌ലാം മതവിശ്വാസിയും ബാലപാഠശാലയില്‍നിന്നു വേണ്ടവിധം പഠിച്ചു മനസ്സിലാക്കുന്നുണ്ട്. മതവിശ്വാസികള്‍ക്കിടയില്‍ മഹല്ല് ഭരണസംവിധാനങ്ങളുടെ സ്വാധീനവും പ്രവാചകചര്യകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമായി നിലകൊള്ളുന്നവരെ അകറ്റിനിര്‍ത്തുന്നതോടൊപ്പം അവരുമായിട്ടുള്ള വൈവാഹികബന്ധം പോലും ഗുണകരമല്ലെന്നു തിരിച്ചറിഞ്ഞ് അത്തരക്കാരെ മാറ്റിനിര്‍ത്താന്‍ മുസ്‌ലിംകള്‍ ജാഗ്രതകാണിക്കാറുണ്ടെന്നതുമെല്ലാമാണ് അതിനുള്ള കാരണങ്ങള്‍.
സന്നദ്ധസംഘടനകളുടെ മേല്‍നോട്ടത്തിലെന്നപോലെ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലും പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങള്‍ കേരളത്തിലുണ്ട്്. വരുംകാലങ്ങളില്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെയും പ്രായംചെന്നവരെയും സംരക്ഷണകേന്ദ്രങ്ങളെന്ന പേരില്‍ മതില്‍ക്കെട്ടിനകത്ത് തളച്ചിടുന്ന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു പകരമായി അവര്‍ക്ക് പ്രകൃതിസൗന്ദര്യങ്ങള്‍ ആസ്വദിക്കുന്നതിനും പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും സാധ്യമാവുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കണം. അത്തരത്തിലുള്ള കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നവരെ സംബന്ധിച്ചിടത്തോളം തങ്ങള്‍ ഒറ്റപ്പെട്ടു പോയതായി അനുഭവപ്പെടാനുള്ള സാധ്യത ഇല്ലാതാവുന്നതോടൊപ്പം അവരുടെ മാനസിക ഉന്മേഷത്തിന് അതു കാരണമായിത്തീരുകയും ചെയ്യും.                       ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss