|    May 30 Tue, 2017 12:47 am
FLASH NEWS

വൃദ്ധയെ പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published : 4th July 2016 | Posted By: SMR

നെടുമങ്ങാട്: പേരുമലയില്‍ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പോലിസ് അറസ്റ്റു ചെയ്തു. മഞ്ച ചെട്ടിയാര്‍മുക്ക് പുതുവല്‍ പുത്തന്‍ വീട്ടില്‍ എസ് സെയ്ദ് (26) ആണ് അറസ്റ്റിലായത്. പീഡന ശ്രമം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളതെന്ന് പോലിസ് അറിയിച്ചു.
കഴിഞ്ഞ 30ന് പുലര്‍ച്ചെയാണ് സംഭവം. 70 കാരിയായ വയോധികയുടെ വീട്ടില്‍ കടന്ന സെയ്ദ് അവരെ മുഖം അടക്കി പിടിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമം നടത്തി. അക്രമത്തില്‍ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട വൃദ്ധ അടുത്ത വീട്ടില്‍ അഭയം തേടുകയായിരുന്നു. നേരം വെളുത്തതോടെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. പോലിസിന്റെ അനാസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ശനിയാഴ്ച റൂറല്‍ എസ്പി ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സക്വാഡും, ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. വയോധികയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
സംഭവം സംബന്ധിച്ച് പോലിസ് പറയുന്നത് ഇപ്രകാരമാണ്. അവിവാഹിതനും നിര്‍മാണ ജോലിക്കാരനുമായ സെയ്ദ് മദ്യ ലഹരിയിലായിരുന്നു. രാത്രി ഒരു മണിയോടെ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച് വാതില്‍ ചവിട്ടി തുറന്നു കയറി അവരെ വായ് പൊത്തിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ ഇയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ഇറങ്ങിയതോടെ യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നതിനാല്‍ വീട്ടില്‍ കയറിയ ആള്‍ ആരാണെന്ന് വയോധികയ്ക്ക് വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല.
അന്വേഷണത്തില്‍ രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും പോയ സെയ്ദ് പുലര്‍ച്ചെ 4 മണിയോടെയാണ് തിരികെ മടങ്ങിയെത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പോലിസ് പറയുന്നു. വെള്ളിയാഴ്ച്ച വീട്ടില്‍ ഉണ്ടായിരുന്ന ഇയാള്‍ തന്നെ പോലിസ് അന്വേഷിക്കുന്നു എന്നറിഞ്ഞതോടെ മുങ്ങുകയായിരുന്നു. രഹസ്യമായി കുളപ്പടയിലെ കുടുംബ വീട്ടില്‍ എത്തിയ ഇയാളെ അവിടെ നിന്നാണ് അന്വേഷണ സംഘം ഇന്നലെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day