|    Oct 20 Sat, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍ : മരുമകളുടെ സുഹൃത്ത് കസ്റ്റഡിയില്‍

Published : 14th September 2017 | Posted By: fsq

 

ആലത്തൂര്‍: തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തോലന്നൂര്‍ പൂളക്കപറമ്പില്‍ സ്വാമിനാഥന്‍ (75-റിട്ട ആര്‍മി), ഭാര്യ പ്രേമ കുമാരി (63) എന്നിവരെയാണ് വീടിനുള്ളില്‍ ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ സ്വദേശി, മങ്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന സദാനന്ദ(53)നെ ഇന്നലെ ഉച്ചയോടെ പോലിസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ സദാനന്ദന്‍ സ്വാമിനാഥന്റെ മൂത്തമകന്റെ ഭാര്യ ഷീജയുടെ സുഹൃത്താണ്. മങ്കരയിലെ വാടകവീട്ടില്‍ നിന്ന് ഡിവൈഎസ്പി പി ശശികുമാറിന്റെ നേതൃത്വത്തി ല്‍ കുഴല്‍മന്ദം, ആലത്തൂര്‍ സിഐമാരും എസ്പിയുടെ ക്രൈ ംസ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ രാവിലെ ഏഴോടെ പാല്‍വില്‍പനയ്‌ക്കെത്തിയ അയല്‍ക്കാരി രാജലക്ഷ്മിയാണ് മരുമകള്‍ ഷീജയെ (35) വീടിന് പിന്നില്‍ വായ മൂടിയും കൈകള്‍ കെട്ടിയ നിലയിലും സ്വാമിനാഥനെ വീടിനകത്തെ ഹാളില്‍ കുത്തേറ്റ നിലയിലും പ്രേമകുമാരിയെ മുറിയില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്. അവശനിലയിലായ ഷീജയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്വാമിനാഥനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചും വയറ്റില്‍ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. പ്രേമകുമാരിയെ തലയണകൊണ്ട് കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാറും പാലക്കാട് എസ്പിയുടെ ചുമതലയുള്ള മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബഹ്‌റയും പറഞ്ഞു. ആയുധങ്ങള്‍ കണ്ടെടുത്തിട്ടില്ല. എന്നാല്‍, പ്രതി കുറ്റസമ്മതം നടത്തിയതായാണു സൂചന. കൊലപാതകത്തില്‍ ഷീജയ്ക്കും പങ്കുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. ഷീജയ്ക്ക് നേരത്തെ തന്നെ സദാനന്ദനുമായി ബന്ധമുണ്ടെന്ന് പോലിസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് മുമ്പ് വീടിന്റെ വാതില്‍ അകത്തുനിന്ന് തുറന്നുകൊടുത്ത നിലയിലായിരുന്നു. ഷീജയുടെ മൊബൈലില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്നാണ് സദാനന്ദനിലേക്ക് പോലിസെത്തിയത്. ഷീജ ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. ആഗസ്ത് 31 ന് സ്വാമിനാഥനെ ഷോക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നിരുന്നു. പിറ്റേന്ന് ഇതേക്കുറിച്ച് കോട്ടായി പോലിസില്‍ പരാതിനല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 31നു നടന്ന വധശ്രമത്തെ തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന മരുമകള്‍ ഷീജ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങുകയായിരുന്നു. പ്രേമകുമാരിയുടെ സഹോദരീപുത്രി കൂടിയാണ് ഷീജ. സമീപത്തെ ക്വാറിയിലേക്ക് പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഐജി സൂചിപ്പിച്ചു.തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍, പാലക്കാട് എസ്പിയുടെ ചുമതലയുള്ള മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ആലത്തൂര്‍ ഡിവൈഎസ്പിമാരായ ശശികുമാര്‍, കെ എം സെയ്താലി, എഡിഎം വിജയന്‍, സിഐമാരായ കെ എ എലിസബത്ത്, സിദ്ദീഖ്, സുനില്‍കുമാര്‍, കുത്തന്നൂര്‍ 2 വില്ലേജ് ഓഫിസര്‍ ശിവശങ്കരന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാലുമണിയോടെ തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.മക്കള്‍: പ്രദീപ് കുമാര്‍ (മിലിട്ടറി, ഗുജറാത്ത്), പ്രമോദ് കുമാര്‍ (ദുബയ്), പ്രസീത. മറ്റു മരുമക്കള്‍: പ്രവീണ, പ്രസാദ് കുമാര്‍ (കണ്ണാടി).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss