|    Apr 23 Sun, 2017 11:17 pm
FLASH NEWS

വൃത്തിഹീനമായ സാഹചര്യം; മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

Published : 31st October 2016 | Posted By: SMR

ചാലക്കുടി: മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. വൃത്തിഹീനമായ സാഹചര്യത്തില്‍ കുടിവെള്ളം പോലും ലഭിക്കാതെ നരകയാതന അനുഭവിക്കാണ് ഇവിടെയുള്ള തൊഴിലാളി കുടുംബങ്ങള്‍. തമിഴ്‌നാടിനും കേരളത്തിനുമിടയിലുള്ള വന്യമായ മലയിടുക്കുകളില്‍ കിലോമീറ്ററോളം വിശാലമായി കിടക്കുന്ന തേയില തോട്ടത്തില്‍ നൂറ് കണക്കിന് തോട്ടം തൊഴിലാളികളാണ് പണിയെടുക്കുന്നത്. മതിയായ സംരക്ഷണമോ പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യമോ ഇവിടെയില്ല എന്നത് സ്ത്രീകളടക്കമുള്ള ഇവിടത്തുക്കാര്‍ക്ക് ദുരിതമാവുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീര്‍ത്ത ചെറിയ ഷെഡുകളിലാണ് ഇവരുടെ താമസം. ഷെഡുകള്‍ക്ക് ഇരുനൂറോളം വര്‍ഷത്തെ പഴക്കമുണ്ട്. അറ്റകുറ്റ പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് ഷെഡുകള്‍ ഷോചനീയാവസ്ഥയിലാണ്. കുടിവെള്ള പൈപ്പുകള്‍ കാലപഴക്കത്തെ തുടര്‍ന്ന് തുരുമ്പെടുത്ത് കഴിഞ്ഞു. വൈദ്യുതിയുടെ കാര്യവും വ്യത്യസ്ഥമല്ല. ഷെഡുകളുടെ മേല്‍കൂര ജീര്‍ണ്ണിച്ച് തുടങ്ങി. മഴ നനയാതെ കിടക്കണമെങ്കില്‍ തൊഴിലാളികള്‍ സ്വന്തം ചെലവില്‍ മേല്‍കൂര ശരിപ്പെടുത്തണം. തുച്ഛമായ വരുമാനത്തില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കായി പണം നീക്കിവയ്ക്കാന്‍ ഇവര്‍ക്കാകില്ല. രാത്രികാലങ്ങളില്‍ വന്യജീവികളുടെ ശല്യം രൂക്ഷമായതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കുട്ടികളെ നെഞ്ചോട് ചേര്‍ത്തുവച്ച് ഉറങ്ങാതിരിക്കുകയാണ് ഇവിടത്തെ സ്ത്രീകള്‍. പണ്ട് ഇവിടെ തൊഴിലാളികള്‍ക്കായി ഒരാശുപത്രിയുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചു. നല്ല ചികില്‍സ ലഭിക്കണമെങ്കില്‍ ഇവിടത്തുകാര്‍ക്ക് നൂറ് കിലോമീറ്ററോളം താണ്ടി ചാലക്കുടിയിലെത്തണം. കുട്ടികളുടെ വിദ്യഭ്യാസത്തിനായി ഇവിടെ ആകെയുള്ളത് ഒരു എല്‍പി സ്‌കൂള്‍ മാത്രമാണ്. യാത്രാസൗകര്യങ്ങളും അപര്യാപ്തമാണ്. തൊഴിലിന്റെ കാലാവധി കഴിഞ്ഞ് പിരിഞ്ഞ് പോരേണ്ടി വരുമ്പോള്‍ എവിടേക്ക് പോകും എന്നതും തോട്ടം തൊഴിലാളികളുടെ മുന്നിലെ ചേദ്യചിഹ്നമാണിപ്പോഴും. ഷെഡ് പോലെയുള്ള ക്വാട്ടേഴ്‌സ് ഒഴിയേണ്ടിവരുമ്പോള്‍ പ്രായമായ മാതാപിതാക്കളേയും പ്രായപൂര്‍ത്തിയായ കുട്ടികളേയും കൊണ്ട് എവിടേക്ക് പോകും എന്ന ആശങ്കയും ഇവര്‍ക്കുണ്ട്. മാനേജ്‌മെന്റ്, സര്‍ക്കാര്‍, തൊഴിലാളി സംഘടനകള്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ സംയുക്തമായി ഇടപ്പെട്ടാലെ തൊട്ടംതൊഴിലാളികളുടെ ദുരിതത്തിന് അറുതിയാകൂ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day