|    Dec 19 Wed, 2018 6:58 pm
FLASH NEWS

വൃക്ക തകരാറിലായ യുവാവിന് സഹപാഠികളുടെ കൈത്താങ്ങ്

Published : 28th May 2018 | Posted By: kasim kzm

കണ്ണൂര്‍: വൃക്കകള്‍ തകരാറിലായ യുവാവിനു സഹപാഠികളുടെ കൈത്താങ്ങില്‍ ചികില്‍സാ സഹായമൊരുങ്ങുന്നു. ചെറുപുഴ കുണ്ടന്‍തടം കൊട്ടാടിക്കുന്നില്‍ അതുല്‍ ശശീന്ദ്രനു വേണ്ടി തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജിലെ സഹപാഠികള്‍ ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത് മൂന്നു ലക്ഷം രൂപയാണ്. ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുകയാണ് അതുല്‍.
നാലര വയസ്സും ഒന്നര വയസ്സുമുള്ള രണ്ടുമക്കളും ഭാര്യയും അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അതുല്‍. അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, ജീവിതച്ചെലവ് തന്നെ താങ്ങാനാവാത്ത അതുലിന്റെ കുടുംബം സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ബ്രണ്ണന്‍ കോളജിലെ പഴയ സഹപാഠികള്‍ ഒത്തുചേര്‍ന്നത്. ജ്വല്ലറി തൊഴിലാളിയായ അതുലിന്റെ ശസ്ത്രക്രിയയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി 20 ലക്ഷത്തോളം രൂപ ആവശ്യമായി വരും.
പഠിക്കുമ്പോള്‍ സര്‍വകലാശാല യൂനിയന്‍ കൗണ്‍സിലറായിരുന്നു അതുല്‍. രോഗവിവരം അറിഞ്ഞ സഹപാഠികള്‍ അതുലിനു വേണ്ടി കൈകോര്‍ക്കാം എന്ന പേരില്‍ വാട്‌സ് ആപ് കൂട്ടായ്മയുണ്ടാക്കി. തങ്ങളുടെ വരുമാനത്തിലെ നല്ലൊരു തുക അതുലിനു വേണ്ടി നല്‍കാന്‍ സഹപാഠികള്‍ തയ്യാറായതോടെ ഒരു ദിവസം കൊണ്ട് തന്നെ മൂന്നു ലക്ഷത്തിലേറേ രൂപ ചികില്‍സാ സഹായത്തിനായി സ്വരൂപിക്കാനായി.
അധ്യാപകരും വിദേശത്ത് ജോലി ചെയ്യുന്നവരുമെല്ലാം കൂട്ടായ്മയിലുണ്ട്. അതുല്‍ ചികില്‍സാഫണ്ടിലേക്ക് തുക അയക്കാനായി ഒരു അക്കൗണ്ട് തുടങ്ങുകയും ചെയ്തു. അക്കൗണ്ട് നമ്പര്‍: 67145631183. ഐഎഫ്എസിസി: എസ്ബിഐ-എന്‍ 0070812, എസ്ബിഐ, ചെറുപുഴ ബ്രാഞ്ച്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss