|    Feb 26 Sun, 2017 6:32 pm
FLASH NEWS

വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ്ജില്ലാ ആശുപത്രിയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിനുള്ള നടപടികള്‍ ആരംഭിച്ചു

Published : 12th November 2016 | Posted By: SMR

കൊല്ലം:ഈ സാമ്പത്തിക വര്‍ഷം 107.39 കോടി ചെലവില്‍ 662 സമഗ്ര വികസനപദ്ധതികള്‍ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിഭാഗത്തില്‍ 547 പദ്ധതികളും പ്രത്യേക ഘടക പദ്ധതി പ്രകാരം 112 പദ്ധതികളും സ്‌പെഷ്യല്‍ ട്രൈബല്‍ പ്ലാന്‍ പ്രകാരം മുന്ന് പദ്ധതികളും ഉള്‍പ്പെടെ ക്ഷേമ- വികസന പദ്ധതികള്‍ നടപ്പാക്കാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.ഇതിനായി ഉല്‍പ്പാദനമേഖലയില്‍ 12.79 കോടിയും സേവനമേഖലയില്‍ 24.87 കോടിയും പശ്ചാത്തല മേഖലയില്‍ 20.17 കോടിയുമുള്‍പ്പെടെ 107,31,47,247 രൂപ അടങ്കല്‍തുകയ്ക്കുള്ള പദ്ധതികള്‍ക്ക് ജില്ലാ അസൂത്രണസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. തരിശുരഹിതകൊല്ലം പദ്ധതിയിലൂടെ കുടുംബശ്രീ -കര്‍ഷക ഗ്രൂപ്പുകളുടെ സഹകകരണത്തോടെ തരിശ് ഭൂമിയുള്‍പ്പെടെ 275 ഹെക്ടര്‍ സ്ഥലത്ത് ജൈവ കൃഷിയും വിത്തുല്‍പാദനവും നടത്തും. ഇതിനായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.  ജില്ലയിലെ 55 ഗ്രാമപ്പഞ്ചായത്തുകളുമായി ചേര്‍ന്ന് 1700 ഹെക്ടര്‍ സ്ഥലത്ത് പുതുതായി കൃഷി ഇറക്കും. 51 ലക്ഷം രൂപ ഇതിനായും വകയിരുത്തി   യിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് കറവമാടുകളെ വാങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുന്നതാണ് മറ്റൊരു മാതൃകാ പദ്ധതി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങള്‍ക്ക് 104 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്തുകളില്‍ മാതൃകാടിസ്ഥാനത്തില്‍ കുടുംബശ്രീ, വനിതാ സ്വയംസഹായസംഘങ്ങള്‍ മുഖേന ആടുകള്‍ വളര്‍ത്തുന്ന പദ്ധതിക്ക് (ആട് ഗ്രാമം പദ്ധതി) 60 ലക്ഷം രൂപയും  വകയിരുത്തിയിട്ടുണ്ട്. തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യാന്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിനായി (എബിസി പ്രോഗ്രാം) കൊല്ലം ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളേയും സംയോജിപ്പിച്ചുകൊണ്ട് 3.15 കോടി രൂപ അടങ്കല്‍ തുക വകയിരുത്തിയുള്ള പദ്ധതിയും ജില്ലാ പഞ്ചായത്ത്  നടപ്പാക്കും. ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായും ജില്ലയിലെ എല്ലാ ഫാമുകളേയും മാതൃകാഫാമുകളാക്കി മാറ്റുന്നതിന്റെ ഭാഗമായും മാതൃകാ ഔഷധ കൃഷിത്തോട്ടം, ഫുഡ് പ്രോസസിങ് യൂനിറ്റ്, പക്ഷി മൃഗാദികളുടെ പ്രദര്‍ശന യൂനിറ്റ് എന്നിവ സ്ഥാപിക്കും. പട്ടികജാതി കോളനികളിലുള്‍പ്പെടെ പുതിയ  റോഡുകള്‍ നിര്‍മ്മിക്കുന്നതിനും,  സ്‌കൂളുകളില്‍ ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുമായി 50 കോടി 467 ഓളം പ്രവൃത്തികള്‍ നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള എല്ലാ സ്‌കൂളുകളുടേയും ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ആദ്യഭാഗമായി  നാലു സ്‌കൂളുകള്‍ ഡിജിറ്റല്‍ ക്ലാസ് റൂം ഉള്‍പ്പെടെയുള്ള  മാതൃകാ സ്‌കൂളുകളാക്കി മാറ്റുന്നതിനും ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ കുട്ടികളുടെ പ്രാതിനിധ്യത്തിന് അനുസൃതമായി ടോയ്‌ലറ്റ് നിര്‍മിക്കുന്നതിനും  ശുചീകരണത്തിന്റെ ഭാഗമായി എയ്‌റോബിക് കംപോസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടിയ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കുന്നതിനായി 35 ലക്ഷം രൂപയും ,ബഡ്‌സ് സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നിതിനായി 35 ലക്ഷം രൂപയും ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ കീമോ തെറാപ്പി യൂനിറ്റിന്റെ വികസനത്തിനും വിക്‌ടോറിയ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിരക്ഷയ്ക്കും  ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിനുമായി 85 ലക്ഷം രൂപയും വകയിരുത്തിയതില്‍പ്പെടും.  വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് നല്‍കുന്നതിന്റെ ഭാഗമായി ജീവനം പ്രോജക്ട് ആവിഷ്‌കരിച്ചിട്ടുണ്ട്.  11 കോടി രൂപ ചെലവ് വകയിരുത്തിയിട്ടുള്ള എം ആര്‍ ഐ സ്‌കാന്‍ മെഷീനിന്റെ ഇന്‍സ്റ്റലേഷന്‍ ജനുവരി മാസത്തില്‍ നടപ്പാക്കും. 1.5 കോടി രൂപ വകയിരുത്തി ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് തുടങ്ങുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയിലാണ്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടി കൊല്ലം ജില്ലയിലെ 250 അര്‍ഹരായ  ഭിന്നശേഷിയുള്ള ഗുണഭോക്താക്കള്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടറുകളും കാഴ്ചശക്തി ഇല്ലാത്തവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ / ടാബ് ഉപകരണങ്ങളുടെ ഡിസ്‌പ്ലേയില്‍ തെളിയുന്ന വിവരങ്ങല്‍ ശബ്ദരൂപത്തിലാക്കി അറിയിക്കുന്നതിനുവേണ്ടി ബ്ലൈന്‍ഡ് ഫ്രണ്ട്‌ലി ടാബ്ലെറ്റും  ലഭ്യമാക്കും. സെക്രട്ടറി എന്‍ ജയ്‌സുഖ്‌ലാല്‍, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജൂലിയറ്റ് നെല്‍സണ്‍, പൊന്നമ്മ ജയപ്രകാശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day