|    Aug 20 Sun, 2017 11:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വൃക്കരോഗം കീഴടക്കിയ കുടുംബത്തിന് പുതുജീവിതവുമായി മൃതസഞ്ജീവനി

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: വൃക്കരോഗം കീഴടക്കിയ കുടുംബത്തിന് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ പുതുജീവിതം. ആറ്റിങ്ങല്‍ മാമം കിഴുവില്ലം മേവര്‍ത്തുവിള വീട്ടില്‍ സുനില്‍ കുമാര്‍- ലത ദമ്പതികളുടെ മക്കളായ സുബിന്‍ലാല്‍ (18), സുധിന്‍ലാല്‍ (14) എന്നിവര്‍ക്കാണ് മൃതസഞ്ജീവനി വഴി വൃക്കകള്‍ മാറ്റിവച്ചത്. ലതയുടെ മാതൃസഹോദരിയുടെ മകളായ സുകുമാരിയുടെ മകള്‍ അഞ്ജു(22)വും വൃക്ക രോഗത്തിന്റെ പിടിയിലാണ്. ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്ന അഞ്ജുവും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. കരളലിയിപ്പിക്കുന്ന ജീവിത കഥയാണ് ഈ കുടുംബത്തിന്റേത്. ലതയുടെ രണ്ടു സഹോദരന്‍മാര്‍ വൃക്കരോഗം വന്ന് ചെറുപ്പത്തിലേ മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ സുനില്‍കുമാര്‍ ദുരിതംപേറി ജീവിതം തള്ളിനീക്കുന്നതിനിടെയാണ് മൂത്ത മകനായ സുബിന്‍ലാലിന് അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍രോഗം കണ്ടെത്തിയത്. വൃക്കകള്‍ക്ക് കാര്യമായ തകരാറ് സംഭവിച്ചതിനാല്‍ നാലരവര്‍ഷത്തോളം ഡയാലിസിസ് തുടര്‍ന്നു. അവസാനം വൃക്ക മാറ്റിവയ്ക്കാനായി മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തു. അനുയോജ്യമായ വൃക്ക ലഭിച്ചതോടെ 2015 ജനുവരി ആറിന് സുബിന്‍ലാലിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളജില്‍ നടത്തി. ജീവിതത്തിലേക്ക് തിരിച്ചുവന്ന സുബിന്‍ലാല്‍ നഷ്ടപ്പെട്ട പഠനം വിണ്ടെടുത്ത് ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയെടുത്തു. രണ്ടാമത്തെ മകനായ സുധിന്‍ലാലിന് വൃക്കരോഗത്തിന്റെ ലക്ഷണമില്ലായിരുന്നുവെങ്കിലും പാരമ്പര്യമായി വൃക്കരോഗമുള്ളതിനാല്‍ 11ാം വയസ്സില്‍ രക്തം പരിശോധിച്ചപ്പോഴാണ്  രോഗത്തിന്റെ പിടിയിലാണെന്ന് മനസ്സിലായത്. തുടര്‍ന്ന് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് 2016 ആഗസ്ത് 10ന് സുധിന്‍ലാലിനും മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവച്ചു. പിന്നാലെയാണ് അഞ്ജുവും രോഗത്തിന്റെ പിടിയിലമര്‍ന്നത്.  പനി, ഛര്‍ദ്ദി, നീര് എന്നിവയായിരുന്നു ലക്ഷണങ്ങള്‍. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതോടെ 2014 മുതല്‍ അഞ്ജുവിന് ഡയാലിസിസ് തുടങ്ങി.  അഞ്ജുവിന്റെ അച്ഛന്‍ ജയകുമാറിന് കൂലിപ്പണിയാണ് ജോലി. അമ്മ സുകുമാരിക്ക് വാതം വന്ന് കൈകള്‍ക്ക് സ്വാധീനക്കുറവുണ്ട്. രണ്ട് സെന്റ് വീതമുള്ള പണിതീരാത്ത വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഇപ്പോള്‍ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിന് സമീപം വാടകവീട്ടിലാണ് താമസം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക