|    Nov 20 Tue, 2018 7:33 pm
FLASH NEWS
Home   >  Kerala   >  

വീഴ്ചകളുടെ പടുകുഴിയിലേക്ക് പിണറായി പോലിസ്

Published : 16th June 2018 | Posted By: G.A.G

ഗുരുതരമായ ആരോപണങ്ങളുയര്‍ന്നിട്ടും പിണറായി സര്‍ക്കാരിന്റെ പോലിസ് ഭരണം കൂടുതല്‍ ആഴമേറിയ വീഴ്ചകളിലേക്ക് കൂപ്പു കുത്തുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമായി ആഭ്യന്തരവകുപ്പിന്റെ കെടുകാര്യസ്ഥത വളര്‍ന്നുവെന്ന് വ്യക്തമാവുന്ന സംഭവ പരമ്പരകളാണ് ഏതാനും ആഴ്ചകളായി സംസ്ഥാനത്തുണ്ടായത്. പോലിസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതു മാത്രമല്ല, പോലിസുകാരുടെ ധാര്‍മികവീര്യം കാത്തുസൂക്ഷിക്കാന്‍ പോലും ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ല എന്നാണ് ഏറ്റവുമൊടുവിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഭരണം മാറുമ്പോഴും പതിവ് രീതികള്‍ മാറ്റാത്ത പോലിസ് സര്‍ക്കാരിന് തലവേദനയായി മാറിയ സംഭവങ്ങള്‍ കേരളത്തില്‍ ഇതിനുമുന്‍പുമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ നാണിപ്പിക്കുന്നതാണ് പിണറായി പോലിസിന്റേതായി പുറത്തുവരുന്ന കഥകള്‍. ആളുമാറി കസ്റ്റഡിയിലെടുത്ത് ഉരുട്ടിക്കൊന്നതിന്റെയും ദുരഭിമാനക്കൊലക്ക് ഒത്താശ ചെയ്തതിന്റെയും വാദിയെ പ്രതിയാക്കി അകത്തിടുന്നതിന്റെയും കഥകള്‍ക്ക് പിന്നാലെ ഉദ്യോഗസ്ഥരുടെ വീട്ടില്‍ കീഴ്ജീവനക്കാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതിന്റെ വാര്‍ത്തകളും പുറത്തുവന്നതോടെ പോലിസിനകത്തെ പ്രശ്‌നങ്ങള്‍ കൂടിയാണ് ചര്‍ച്ചയാകുന്നത്.
ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയത്ത് കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസിന്റേതായി ആരോപിക്കപ്പെട്ട പങ്ക്  കേരളമനസാക്ഷിയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. പൗരന്‍മാരുടെ ജനാധിപത്യ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസ് അച്ചാരംപറ്റി ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് യുവാവിനെ വധിക്കാന്‍ കാവലൊരുക്കുകയായിരുന്നു എന്ന ഗുരുതരമായ ആരോപണമാണ് ഈ സംഭവത്തില്‍ ഉയര്‍ന്നത്. മതേതര-ജാതിരഹിത മാഹാത്മ്യങ്ങളെക്കുറിച്ച് ഊറ്റം കൊള്ളുന്ന ഒരു ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു ആരോപണം അങ്ങേയറ്റം ലജ്ജാവഹമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും സംഭവത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കെവിനെ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞിട്ടും അന്വേഷിക്കാന്‍ മുതിരാതിരുന്ന ഗാന്ധിനഗര്‍ എസ്‌ഐയ്‌ക്കെതിരേ കേവലം സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് എടുത്തത്.
ചെന്നിത്തലയുടെ പോലിസിന്റെ കാക്കിട്രൗസര്‍ ആര്‍എസ്എസിന്റേതാണെന്ന് ആരോപിച്ച ഇടതുപക്ഷം അധികാരത്തിലേറിയിട്ടും പോലിസിന്റെ സംഘപരിവാര്‍ പ്രീണനവും തുടരുക തന്നെയാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പീഡന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട തൃശൂര്‍ സ്വദേശി അഞ്ജലിയുടെ കേസ് തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. താന്‍ നേരിട്ട കൊടും പീഡനങ്ങളെക്കുറിച്ച് പോലിസ് ആസ്ഥാനത്തെത്തി ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നേരിട്ട് പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ പോലും ഡിജിപി തയ്യാറായില്ല.
കര്‍ണാടകയില്‍ കേസ് ഉള്ളതിനാല്‍ പരാതി സ്വീകരിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ കേസെടുക്കാനാവില്ലെന്നുമുള്ള മുടന്തന്‍ ന്യായങ്ങളാണ് ഡിജിപി ഇക്കാര്യത്തില്‍ ഉന്നയിച്ചത്. അന്നേ ദിവസം തന്നെ പരാതിയുമായി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് അഞ്ജലി പരാതി നല്‍കിയെങ്കിലും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. അവസാനം അഞ്ജലിയ്ക്ക്  ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യേണ്ടി വന്നു. ഒടുവില്‍ അമൃത ആശുപത്രിയിലെ മനോരോഗവിദഗ്ദന്‍ ഉള്‍പ്പടെയുള്ള 24 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
എടപ്പാളില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ച തിയേറ്റര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തതും എടത്തലയില്‍ ഉസ്മാന്‍ എന്ന യുവാവിന് നേരെയുണ്ടായ അതിക്രമവും ഏറ്റവുമൊടുവില്‍ കൊല്ലം അഞ്ചലില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിന് വഴികൊടുത്തില്ലെന്നതിന്റെ പേരില്‍ സ്ത്രീയെയും മകനെയും കയ്യേറ്റം ചെയ്ത സംഭവവും പോലിസിന്റെ പ്രതിച്ഛായ കൂടുതല്‍ മലിനമാക്കി. മര്‍ദനമേറ്റവരുടെ പരാതി ആദ്യഘട്ടത്തില്‍ അവഗണിച്ച പോലിസ് പരാതിപ്പെപ്പെട്ടയാളെ ജാമ്യംകിട്ടാത്ത കേസില്‍ പ്രതിയാക്കുകയും ചെയ്തുവെന്നാണ് അഞ്ചല്‍ സംഭവത്തില്‍ ഉയര്‍ന്ന ആരോപണം.കേവലം ഉദ്യോഗസ്ഥതലത്തിലുള്ള തിരുത്തല്‍ -ശിക്ഷാ നടപടികളില്‍ അവസാനിക്കുന്നതല്ല ഇത്തരം വീഴ്ചകള്‍ എന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss