|    Jun 20 Wed, 2018 11:30 am

വീര്യം കൂടിയ കളനാശിനികള്‍ വ്യാപകം

Published : 13th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: ജില്ലയിലെ തോട്ടംമേഖലയില്‍ എന്‍ഡോസള്‍ഫാനെ വെല്ലുന്ന കീട-കളനാശിനികള്‍ ഇപ്പോഴും വ്യാപകം. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ടോയെന്നും മറ്റ് കീടനാശിനികള്‍ ഉപയോഗിക്കുന്നതു വഴി മാരകരോഗങ്ങള്‍, കുട്ടികളില്‍ ബുദ്ധിമാന്ദ്യം, ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയവ സംഭവിക്കുന്നുണ്ടോയെന്നും പരിശോധിക്കാന്‍ ആറുവര്‍ഷം മുമ്പ് ആരോഗ്യവകുപ്പ് സര്‍വേ നടത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ തോട്ടംമേഖലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ സംഘം നടത്തിയ പഠനത്തില്‍ വീര്യം കൂടിയ കീടനാശിനകളുടെയും കളനാശിനികളുടെയും പ്രയോഗം തോട്ടംതൊഴിലാളികള്‍ക്കിടയില്‍ അര്‍ബുദ-ശ്വാസകോശ രോഗങ്ങള്‍ വ്യാപകമാണെന്നു കണ്ടെത്തിയിരുന്നു. പ്രാദേശിക തലത്തില്‍ പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും നേരത്തേ നടത്തിയ പല പഠനങ്ങളിലും വയനാട്ടില്‍ കാന്‍സറും ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളും ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന കണ്ടെത്തലുമുണ്ട്. തോട്ടംമേഖലകളായ മേപ്പാടി, മൂപ്പൈനാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ കാന്‍സര്‍ രോഗികള്‍ മറ്റ് പ്രദേശങ്ങളേക്കാള്‍ കൂടുതലായുണ്ടെന്നാണ് കണക്ക്. പതിറ്റാണ്ടുകളായി മാരക കീടനാശിനി പ്രയോഗിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ പലയിടത്തും ബുദ്ധിമാന്ദ്യം അടക്കം വൈകല്യമുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായും കണ്ടെത്തിയിരുന്നു. ഇത്തരം കുട്ടികളെ പഠിപ്പിക്കാന്‍ ആദ്യം ചൂരല്‍മലയിലാണ് സ്‌കൂള്‍ ആരംഭിച്ചത്. പിന്നീട് ഈ സ്‌കൂള്‍ മേപ്പാടിയിലേക്ക് മാറ്റി.ഇപ്പോള്‍ മൂപ്പൈനാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട അരപ്പറ്റയിലും ഇത്തരം കുട്ടികളെ പഠിപ്പിക്കാനുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ എത്തുന്ന കാന്‍സര്‍ രോഗികളില്‍ 20 ശതമാനത്തോളം പേര്‍ മേപ്പാടി, മൂപ്പൈനാട്, തവിഞ്ഞാല്‍ മേഖലയില്‍ നിന്നുള്ളവരാണ്. ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലാണ് ജില്ലയില്‍ ഏലത്തോട്ടങ്ങള്‍ ഏറെയുള്ളത്. ഇവിടേക്ക് തമിഴ്‌നാട്ടില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ പോലുള്ള വീര്യം കൂടിയ കീടനാശിനികള്‍ ഇപ്പോഴും മറ്റ് പല ലേബലുകളിലായി എത്തുന്നുണ്ടെന്നാണ് വിവരം. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം മാധ്യമങ്ങളിലിലൂടെയും മറ്റും ബോധ്യപ്പെട്ട തൊഴിലാളികള്‍ ചെറുക്കുമെന്നറിഞ്ഞാണ് മറ്റ് ലേബലുകളില്‍ ഈ കീടനാശിനി കൊണ്ടുവരുന്നത്. പല രാജ്യങ്ങളിലും നിരോധിച്ച റൗണ്ട് അപ്പ് എന്ന കളനാശിനി നിരോധനം വന്നശേഷവും ജില്ലയിലെ  വന്‍കിട തോട്ടങ്ങളില്‍ പ്രയോഗത്തിലുണ്ടായിരുന്നു. മാസ്‌ക് പോലും ധരിക്കാതെയാണ് മാരക കീടനാശിനികളും കളനാശിനികളും വന്‍കിട തോട്ടങ്ങളില്‍ തൊഴിലാളികള്‍ തളിക്കുന്നത്. മരുന്നു തളിക്കുന്നതിനിടെ കൈകാലുകള്‍ പോലും കഴുകാതെ ഭക്ഷണം കഴിക്കുന്നവരുമുണ്ട്. റൗണ്ട്അപ്പിന് പകരമായി ഇപ്പോള്‍ ചായത്തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത് ഗ്ലൈസെല്‍, ഗോള്‍ തുടങ്ങിയ കളനാശിനികളാണ്. റൗണ്ട്അപ്പ് പോലെ പുല്ലുകള്‍ കരിയുകയും ചെടിയുടെ വേരുകളടക്കം ദ്രവിക്കുകയും ചെയ്യുന്നതാണ് ഈ കളനാശിനികള്‍. ഡയറ്റോണ്‍, പൊന്‍പിഫ്, കാലക്‌സിന്‍, ഇന്റോസിന്‍, ബറോസല്‍, ബാബറ്റോണ്‍, ഡിഎപി തുടങ്ങിയ കീടനാശികളുടെ പ്രയോഗം സര്‍വ സാധാരണമാണ്. ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കാര്യമായ അറിവൊന്നും തൊഴിലാളികള്‍ക്കില്ല. തേയിലത്തോട്ടങ്ങളില്‍ ഇപ്പോള്‍ പ്രയോഗിക്കുന്ന ടുഫോര്‍ ഡി എന്ന കീടനാശിനി മാരക വിഷമുള്ളതാണ്. ഇതു ദേഹത്ത് തട്ടിയാല്‍ സോറിയാസ് പോലുള്ള രോഗങ്ങള്‍ ഉണ്ടായേക്കാം. തേയിലച്ചപ്പില്‍ നിന്നു കീടങ്ങളെ അകറ്റാന്‍ പ്രയോഗിക്കുന്ന മരുന്നുകളില്‍ പലതും ഗുരുതരമായ ഭവിഷ്യത്തുള്ളതാണെന്നു ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടതാണ്. തോട്ടംമേഖലയില്‍ കീടനാശിനി പ്രയോഗത്തിന് നിയോഗിക്കുന്ന തൊഴിലാളികള്‍ക്ക് മുഖം മറയ്ക്കാന്‍ മാസ്‌ക്കും കൈകാലുകളും ശരീരവും കഴുകാന്‍ സോപ്പും കൊടുക്കണമെന്ന ട്രേഡ് യൂനിയനുകളുടെ ആവശ്യം വന്‍കിട തോട്ടങ്ങളില്‍ പലതിലും പ്രാവര്‍ത്തികമായിട്ടില്ല. പതിറ്റാണ്ടുകളായി തോട്ടങ്ങളില്‍ ഈ ജോലി ചെയ്യുന്നവരും ഇതിനകം ജോലിയില്‍ നിന്നു പിരിഞ്ഞവരുമായ തൊഴിലാളികളില്‍ പലരും ഇപ്പോള്‍ വിവിധ രോഗങ്ങള്‍ക്ക് അടിമകളാണ്. തോട്ടങ്ങളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് മാനേജ്‌മെന്റ് സൗജന്യ ചികില്‍സാ സൗകര്യം അനുവദിക്കുക. നിത്യരോഗിയായി തോട്ടത്തില്‍ നിന്നു പിരിയേണ്ടിവരുന്നവരുടെ കാര്യം പിന്നീട് ആരും തിരിഞ്ഞു നോക്കുന്നതേയില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ചികില്‍സ കൊണ്ടൊന്നും ഭേദപ്പെടാത്ത രോഗാവസ്ഥയിലാണ് മുന്‍ തൊഴിലാളികളില്‍ പലരും. സ്‌കൂള്‍ കുട്ടികള്‍ രാവിലെയും വൈകീട്ടും നടന്നുപോവുന്ന വഴികളില്‍ വച്ചാണ് പല തോട്ടങ്ങളിലും രാസകീടനാശികള്‍ കലര്‍ത്തുന്നത്. തേയില,ഏലത്തോട്ടങ്ങളില്‍ ഇപ്പോഴും പ്രയോഗത്തിലുള്ള കീടനാശിനികളും കളനാശികളും പരിശോധിക്കാന്‍ പര്യാപ്തമായ സംവിധാനം ഇല്ലെന്നതാണ് ദോഷഫലങ്ങള്‍ ഏറെയുള്ള മരുന്നുകള്‍ മടിയില്ലാതെ പ്രയോഗിക്കാന്‍ ഉടമകള്‍ക്ക് ധൈര്യം പകരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss