|    Oct 20 Sat, 2018 3:03 pm
FLASH NEWS
Home   >  Sports  >  Football  >  

വീണ്ടും സമനില; അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത കയ്യാലപ്പുറത്ത്

Published : 6th September 2017 | Posted By: ev sports


ബ്യൂണസ് ഐറിഷ്: ഇക്കളി തുടര്‍ന്നാല്‍ ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ടീമിന് ലോകകപ്പ് മല്‍സരങ്ങള്‍ പുറത്തിരുന്ന് കാണേണ്ടി വരും. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെനസ്വേലയോടും സമനില വഴങ്ങിയതോടെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളെല്ലാം അണിനിരന്നിട്ടും സ്വന്തം കാണികള്‍ക്ക് മുന്നില്‍ 1-1 സമനില അര്‍ജന്റീനയ്ക്ക് വഴങ്ങേണ്ടി വന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം ജോണ്‍ മ്യുറില്ലോയിലൂടെ വെനസ്വേലയാണ് ആദ്യം വലകുലുക്കിയത്. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ റോള്‍ഫ് ഫ്‌ളെച്ചറിന്റെ സെല്‍ഫ് ഗോളിലൂടെ അര്‍ജന്റീന സമനില ഒപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ വഴങ്ങിയതോടെ പെറുവും ഇക്വഡോറുമായുള്ള അടുത്ത മല്‍സരങ്ങള്‍ അര്‍ജന്റീനയ്ക്ക് ജീവന്‍മരണ പോരാട്ടമാണ്. 16 മല്‍സരങ്ങളില്‍ നിന്ന് 24 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീനയുള്ളത്.
മറ്റൊരു മല്‍സരത്തില്‍ ബ്രസീല്‍ കൊളംബിയയോടും 1-1 സമനില വഴങ്ങി. ലാറ്റിനമേരിക്കന്‍ പട്ടികയിലെ തലപ്പത്ത് തുടരുന്ന ബ്രസീലിന് വേണ്ടി വില്ല്യന്‍ ഗോള്‍ നേടിയപ്പോള്‍ റെഡാമെല്‍ ഫാല്‍ക്കാവൊയിലൂടെ കൊളംബിയ ഗോള്‍ മടക്കുകയായിരുന്നു.
അതേ സമയം കരുത്തരായ ഉറുഗ്വേ വിജയം കണ്ടു. പരാഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത ഉറുഗ്വേ 27 പോയിന്റുകളുമായി ഗ്രൂപ്പില്‍ രണ്ടാമതെത്തി.
മറ്റൊരു സൂപ്പര്‍ ടീമായ സ്‌പെയ്‌നും തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലിഷ്റ്റന്‍സ്‌റ്റൈന്‍നെ എതിരില്ലാത്ത എട്ടു ഗോളുകള്‍ക്കാണ് സ്‌പെയ്ന്‍ തോല്‍പ്പിച്ചത്.ഇയാഗോ ആസ്പാസ് രണ്ടും സെര്‍ജിയോ റാമോസ്, ഡേവിഡ് സില്‍വ , ഇസ്‌കോ എന്നിവര്‍ ഓരോ ഗോളും സ്‌പെയിനിനായി നേടി
മറ്റൊരു മല്‍സരത്തില്‍ ഇസ്രായേലിനെ  ഇറ്റലി വീഴ്ത്തി. സിറോ ഇമോബൈലിന്റെ ഗോളിന്റെ കരുത്തില്‍ 1-0നാണ് ഇറ്റലി വിജയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss