|    Jun 18 Mon, 2018 3:31 pm
FLASH NEWS
Home   >  National   >  

വീണ്ടും വീണ്ടും ഓഫറുകള്‍, കള്ളപ്പണക്കാരോടുള്ള സര്‍ക്കാര്‍ നിലപാട്‌ അപഹാസ്യമാകുന്നു

Published : 29th February 2016 | Posted By: G.A.G

Black-money

ന്യൂഡല്‍ഹി : കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ളനടപടികളുടെ ഭാഗമായി ബജറ്റില്‍ ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി പ്രഖ്യാപിച്ച പദ്ധതി അപഹാസ്യമാകുന്നു. 45 ശതമാനം നികുതിയടച്ചാല്‍ കള്ളപ്പണം വെളുപ്പിക്കാമെന്നാണ് പുതിയ പ്രഖ്യാപനം. രാജ്യത്തു നിന്നും കളളപ്പണം തുടച്ചുനീക്കുമെന്നും കള്ളപ്പണം ഖജനാവിലേക്ക് കണ്ടുകെട്ടുമെന്നുമൊക്കെയുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകളുടെ പൊള്ളത്തരം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്ന പദ്ധതിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജാലകം വണ്‍ടൈം കംപ്ലയന്‍സ് വിന്‍ഡോ എന്ന പദ്ധതി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ആകെ പിരിച്ചെടുക്കാനായത് 2428.4 കോടി രൂപ മാത്രമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ തുകയാണിതെന്ന്് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ കള്ളപ്പണം പൂഴ്ത്തിവെച്ചതായി ആദായനികുതിവകുപ്പിന് നേരത്തേ തെളിവുകള്‍ ലഭിച്ച ചിലരും പദ്ധതിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് സ്വത്ത് വെളിപ്പെടുത്തിയിരുന്നുവെന്നും അവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതുകൊണ്ടാണ് തുകയില്‍ കുറവ് വന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. പദ്ധതിയില്‍ ചേരാത്ത കള്ളപ്പണക്കാര്‍ ഇനിമേല്‍ പിടിയിലാവുകയാണെങ്കില്‍ സ്വത്തിന്റെ 120 ശതമാനം നികുതിയും പിഴയും നല്‍കേണ്ടി വരുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടൊപ്പം പത്തു വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചേക്കാം. പദ്ധതി വഴി ആസ്തി വെളിപ്പെടുത്തിയവര്‍ക്ക് മുപ്പത് ശതമാനം പിഴയാണ് ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് പതിനഞ്ച്് ശതമാനം കൂടി വര്‍ധിപ്പിച്ച് നാല്‍പ്പത്തഞ്ചാക്കി എന്നു മാത്രം.
നൂറ്റിഇരുപത് ശതമാനം പിഴയില്‍ നിന്നും തടവുശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാന്‍  പദ്ധതി അവസാനിച്ച ശേഷവും ധാരാളം പേര്‍ മുന്നോട്ടു വന്നിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഇത്തരക്കാരെ ഉദ്ദേശിച്ചാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുപ്പതിന് പകരം നാല്‍പത്തഞ്ച് ശതമാനം നികുതി നല്‍കിയാല്‍ 120 ശതമാനം നികുതിയില്‍ നിന്നും കടുത്ത ശിക്ഷയില്‍ നിന്നും ഇളവ് നല്‍കാമെന്ന ഓഫറാണ് ഇത്തരക്കാരോട് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. പണക്കാരായ കുറ്റവാളികള്‍ക്ക് ശിക്ഷ ഇളവിനായി വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നാണ് പ്രധാന ആരോപണം.
പൂഴ്ത്തിവെച്ച് പണം കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ച്്് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി കള്ളപ്പണക്കാരെ സുഖിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss