|    Apr 24 Tue, 2018 12:46 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വീണ്ടും വരുന്നു യൂറോ വസന്തം

Published : 11th May 2016 | Posted By: SMR

പാരിസ്: യൂറോപ്യന്‍ കാല്‍പന്തുകളിയുടെ വസന്തകാലത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി. ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു യൂ റോ കപ്പ് കൂടി വരുന്നു. ഫ്രാന്‍സില്‍ അടുത്ത മാസം ഇതേ ദിവസം യൂറോ പോരാട്ടങ്ങള്‍ക്കു വിസില്‍ മുഴങ്ങും.
ഫിഫ ലോകകപ്പിനുശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായി വിലയിരുത്തപ്പെടുന്ന യൂറോ കപ്പിന്റെ 15ാം എഡിഷനാണ് ഇത്തവണത്തേത്. മുന്‍ ചാംപ്യന്മാര്‍ കൂടിയായ ഫ്രാന്‍സാണ് ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 10ന് ആരംഭിക്കുന്ന ടൂ ര്‍ണമെന്റിന്റെ കലാശപ്പോര് ജൂലൈ 10നാണ്.
ഇത്തവണത്തെ യൂറോയുടെ ഏറ്റവും വലിയ പ്രത്യേകത കൂടുതല്‍ ടീമുകള്‍ അണിനിരക്കുന്നുവെന്നതാണ്. 1996ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതു മുതല്‍ കഴിഞ്ഞ യൂറോ വരെ 16 ടീമുകളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോയില്‍ 24 ടീമുകളുടെ പ്രകടനം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആസ്വദിക്കാം. ചാംപ്യന്‍മാരാവുന്ന ടീമിന് 2017ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലേക്കു യോഗ്യത ലഭിക്കും.
നാലു ടീമുകളെ ആറു ഗ്രൂപ്പുകളിലായാണ് ഫ്രഞ്ച് യൂറോയില്‍ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഫ്രാന്‍സിനൊപ്പം റുമാനിയ, അല്‍ബേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവരും ബിയില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ്, റഷ്യ, സ്ലൊവാക്യ എന്നിവരും സിയില്‍ ലോകചാംപ്യന്‍മാരായ ജര്‍മനി, ഉക്രെയ്ന്‍, പോളണ്ട്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവരും ഡിയില്‍ നിലവിലെ ജേതാക്കളായ സ്‌പെയിനിനൊപ്പം ചെക് റിപബ്ലിക്, തുര്‍ ക്കി, ക്രൊയേഷ്യ എന്നിവരും അണിനിരക്കും.
ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവരാണ് ഗ്രൂപ്പ് ഇയിലെങ്കില്‍ ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍, ഐസ്‌ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി എന്നിവര്‍ മാറ്റുരയ്ക്കും.
ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടു സ്ഥാനക്കാര്‍ക്കാണ് നോക്കൗട്ട് റൗണ്ടിലേക്കു നേരിട്ടു യോഗ്യത ലഭിക്കുക. ഇവരെക്കൂടാതെ ആറു ഗ്രൂപ്പുകളില്‍ നി ന്നും മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന നാലു ടീമുകള്‍ കൂടി നോക്കൗട്ട് റൗണ്ടിലെത്തും. ജൂണ്‍ 25, 26, 27 തിയ്യതികളിലാണ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂണ്‍ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലാണ്. സെമി ഫൈനലുകള്‍ ആറ്, ഏഴ് തിയ്യതികളില്‍ നടക്കും. ജൂലൈ 10ന് സെന്റ് ഡെനിസിലാണ് ഫൈനല്‍.
2010ലാണ് ഫ്രാന്‍സിനെ യൂ റോ വേദിയായി തിരഞ്ഞെടുത്തത്. ഇറ്റലി, തുര്‍ക്കി എന്നിവരും വേദിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും ജയം ഫ്രാന്‍സിനൊപ്പം നിന്നു. ഫ്രാന്‍സിലെ ബോര്‍ഡോ, ലെന്‍സ്, ലില്ലെ, ലിയോ ണ്‍, മാഴ്‌സെ, നൈസ്, പാരിസ്, സെന്റ ഡെനിസ്, സെന്റ് എറ്റിനെ, ടൊലൂസ് എന്നീ 10 നഗരങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ഇതു മൂന്നാംതവണയാണ് ഫ്രാന്‍സ് യൂറോയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. 1960ലെ കന്നി യൂറോ കപ്പിനുശേഷം 84 ലും ഫ്രാന്‍സ് യൂറോ കപ്പിനു വേദിയായിട്ടുണ്ട്. 84ല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കന്നി യൂറോ കപ്പില്‍ മുത്തമിട്ട ഫ്രാന്‍സ് 2000ലും ചാംപ്യന്‍പട്ടമലങ്കരിച്ചു.
ആതിഥേയരായ ഫ്രാന്‍സ് ഇത്തവണത്തെ യൂറോ കപ്പിനു നേരിട്ടു ടിക്കറ്റെടുത്തപ്പോള്‍ ശേ ഷിച്ച 23 ടീമുകളും യോഗ്യതാ കടമ്പ കടന്നാണെത്തുന്നത്. ആകെ 53 ടീമുകളാണ് യോഗ്യതാറൗണ്ടില്‍ ശക്തി പരീക്ഷിച്ചത്. ടോട്ടല്‍ ഫുട്‌ബോളിലൂടെ ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരെ ഹരം കൊള്ളിച്ച ഹോളണ്ടിന്റെ അഭാവമാണ് ഇത്തവണത്തെ യൂറോ കപ്പിന്റെ പ്രധാന നഷ്ടം. ചരിത്രത്തിലാദ്യമായി ഹോളണ്ട് യൂറോ കപ്പിനു യോഗ്യത നേടാനാവാതെ പുറത്താവുകയായിരുന്നു.
കഴിഞ്ഞ രണ്ടു തവണയും സ്‌പെയിനാണ് യൂറോ കപ്പില്‍ വിജയികളായത്. ഹാട്രിക് കിരീടം തേടിയാണ് സ്പാനിഷ് പട ഫ്രാന്‍സിലേക്ക് പറക്കാനൊരുങ്ങുന്നത്. കൂടുതല്‍ തവണ ജേതാക്കളായ ടീമെന്ന നേട്ടം സ്‌പെയിനും ജര്‍മനിയും പങ്കിടുകയാണ്. മൂന്നു വട്ടം ഇരുടീമും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss