|    Oct 20 Fri, 2017 3:42 am

വീണ്ടും മാവോവാദ പ്രചാരണ പോസ്റ്ററുകളും ബാനറുകളും ; പോലിസ് അതീവ ജാഗ്രതയില്‍

Published : 5th August 2017 | Posted By: fsq

 

മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലിയില്‍ മാവോയിസ്റ്റ് പോസ്റ്ററുകളും, ലഘുലേഖകളും പതിച്ചതായി കണ്ടെത്തി. പ്രദേശത്തെ ഒരു കടയുടെ ഭിത്തിയിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കുപ്പു ദേവരാജന്റേയും, അജിതയുടേയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകള്‍. കൂടാതെ ജൂലൈ 28 രക്തസാക്ഷി ദിനമെന്ന് ആഹ്വാനം ചെയ്യുന്ന തുണിയില്‍ എഴുതിയ ഒരു ബാനറും വലിച്ചു കെട്ടിയിട്ടിയിരുന്നു. കാട്ടുതീയുടെ ലഘുലേഖകളും പ്രദേശത്ത് ഒട്ടിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി മൂച്ചിക്കല്‍ രാമകൃഷ്ണന്റെ കടയുടെ വരാന്തയിലാണ് ലഘുലേഖകളും മുന്‍വശത്തെ ചുമരില്‍ പോസ്റ്റുകളും പതിച്ചിരിക്കുന്നത്.  തൊട്ടടുത്ത കലുങ്കിനു സമീപം ബാനറും വലിച്ചു കെട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച  രാവിലെ കടയില്‍ വന്നവരാണ് പോസ്റ്റുകള്‍ കണ്ടത്. ലഘുലേഖകളൊഴികെയുള്ളവ എഴുതി തയ്യാറാക്കിയതാണ്. നിലമ്പൂരില്‍ പോലിസുമായുള്ള സംഘട്ടനത്തി ല്‍ കൊല്ലപ്പെട്ട കുപ്പുദേവരാജന്റെയും. അജിതയുടേയും രക്തസാക്ഷിത്വ മഹത്വം വിളിച്ചോതുന്നതാണ് പോസ്റ്ററുകള്‍. ധീര രക്തസാക്ഷികളുടെ ആശയങ്ങളെ ഉയര്‍ത്തി പിടിക്കാന്‍ പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. പുത്തന്‍ ജനാധിപത്യ വിപ്ലവ പൂര്‍ത്തീകരണത്തിന് ജനകീയ യുദ്ധപാതയില്‍ അണിചേരാനും ആഹ്വാനം ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകള്‍ ഭീകരവാദികളല്ല; മാവോയിസ്റ്റുകളെ കൊല്ലുന്നത് ജനങ്ങളുടെ അവകാശവും, സ്വാതന്ത്ര്യവും നിഷേധിക്കുന്നതിന് തുല്യമാണെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നു. 2004 മുതല്‍ 2014 വരെ രക്തസാക്ഷിത്വം വഹിച്ച മാവോയിസ്റ്റ് സേനാംഗങ്ങളുടെ വേര്‍തിരിച്ചുള്ള കണക്കുകളും ഇവരെ കുറിച്ചുള്ള വിശദ വിവരങ്ങളുമാണ് ലഘുലേഖയിലുള്ളത്.  പ്രദേശത്ത് പത്തോളം പോസ്റ്റുകളും, ഒരു ബാനറും, കാട്ടുതീയുടെ ഏതാനും പതിപ്പുകളുമാണ് പതിച്ചിരിക്കുന്നത്. മാനന്തവാടി പോലിസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സമീപ പ്രദേശമായ ചിറക്കരയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ സംഭവസ്ഥലം സന്ദര്‍ശിച്ചു. രക്തസാക്ഷി ദിനചാരണത്തോടനുബന്ധിച്ച് ആക്രമണ സംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാനേഷ്യണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലിസ് കഴിഞ്ഞ ദിവസങ്ങളില്‍ അതീവ ജാഗ്രതയിലായിരുന്നു. അതേ സമയം, ജനവാസ മേഖലയില്‍ എത്തി മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിക്കുകയും ബാനര്‍ കെട്ടുകയും ചെയ്ത സംഭവം പോലിസും, രഹസ്യാന്വേഷണ വിഭാഗവും ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. അടുത്ത ദിവസങ്ങളില്‍ പ്രദേശത്ത് പോലിസ് തിരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക