|    Jun 25 Mon, 2018 9:39 pm
FLASH NEWS
Home   >  Sports  >  Cricket  >  

വീണ്ടും നാണം കെട്ട് ബംഗളൂരു; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയം ആറ് വിക്കറ്റിന്

Published : 7th May 2017 | Posted By: ev sports


ബംഗളൂരു: ബംഗളൂരുവിന്റെ ദുരിതം അവസാനിക്കുന്നില്ല. തുടര്‍തോല്‍വികളുടെ കണക്കുപുസ്തകത്തിലേക്ക് വീണ്ടുമൊരു തോല്‍വികൂടി എഴുതപ്പെട്ടിരിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ആറ് വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ കൊല്‍ക്കത്ത 15.1 ഓവറില്‍ 159 റണ്‍സ് നേടി വിജയ ലക്ഷ്യം മറികടന്നു.
ഇന്ത്യയുടെ വീരനായകന്‍ വിരാട് കോഹ്‌ലിക്ക് ഇത് നാണക്കേടിന്റെ സീസണാണ്. തൊട്ടതെല്ലാം പിഴക്കുന്നു. കളിഞ്ഞ സീസണില്‍ നേടിയ റെക്കോഡ് നേട്ടങ്ങളുടെ പ്രൗഡിയെല്ലാം മായ്ച്ച് കളയുന്ന നാണക്കേടാണ് കോഹ്‌ലി ഏറ്റുവാങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗളൂരുവിന്റെ വിധി ആദ്യ പന്തില്‍ തന്നെ വ്യക്തം. വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്ല്‍ ഉമേഷ് യാദവിന്റെ ആദ്യ പന്തില്‍ തന്നെ മടങ്ങി. സമ്മര്‍ദം നിറഞ്ഞ് നിന്ന മുഖവുമായി ബാറ്റിങിനിറങ്ങിയ കോഹ്‌ലിയുടെ ഷോട്ടുകള്‍ തുടക്കം മുതലേ പിഴച്ചു. ഉമേഷ് യാദവിന്റെ രണ്ടാം ഓവറില്‍ കോഹ്‌ലിയെ പീയൂഷ് ചൗള വിട്ടുകളഞ്ഞെങ്കിലും തൊട്ടടുത്ത  ഉമേഷിന്റെ പന്തില്‍ കോഹ്‌ലി(5) കുടങ്ങി. രണ്ടാമനായി കോഹ്‌ലി കളം വിടുമ്പോള്‍ ബംഗളൂരുവിന്റെ സ്‌കോര്‍ബോര്‍ഡില്‍ വെറും 20 റണ്‍സ്. എബി ഡിവില്ലിയേഴ്‌സും 10) നിരാശപ്പെടുത്തിയതോടെ
വന്‍ ദുരന്തം പ്രതീക്ഷിച്ച ബംഗളൂരുവിനെ മാന്യമായ സ്‌കോര്‍ സമ്മാനിച്ചത് നാലാം വിക്കറ്റിലെ മന്ദീപ് സിങ് -ട്രവിസ് ഹെഡ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 52 റണ്‍സുമായി മന്ദീപ് സുനില്‍ നരേയ്‌ന് മുന്നില്‍ കീഴടങ്ങി. മധ്യ നിരയില്‍ കേദാര്‍ യാദവ്(8) പവന്‍ നേഗി(5) എന്നിവര്‍ വന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പുറത്തായി. അവസാന ഓവറുകളില്‍ ഹെഡ് കൊടുങ്കാറ്റായി. 34 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും സഹിതം 75 റണ്‍സുമായി പുറത്താവാതെ നിന്ന ഹെഡിന്റെ ബാറ്റിങ് കരുത്താണ് ബംഗളൂരുവിനെ 158 റണ്‍സിലേക്കെത്തിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും സുനില്‍ നരേയ്ന്‍ രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റ് ക്രിസ് വോക്‌സും സ്വന്തമാക്കി.
മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്ത തുടക്കം മുതലേ നയം വ്യക്തമാക്കി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ഓപണിങ് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ക്രിസ് ലിനും(50) സുനില്‍ നരേയ്‌നും ചേര്‍ന്ന് വെറും ആറോവറില്‍ കൊല്‍ക്കത്ത സ്‌കോര്‍ബോര്‍ഡിനെ 100 കടത്തി. ബംഗളൂരു ബൗളര്‍മാരെ നിഷ്‌കരുണം തല്ലിപറത്തിയ നരേയ്ന്‍ 17 പന്തില്‍ ആറ് ഫോറും നാല് സിക്‌സറും സഹിതം 54 റണ്‍സുമായി പുറത്താവുമ്പോള്‍ കൊല്‍ക്കത്ത 6.1 ഓവറില്‍ 1 വിക്കറ്റിന് 105 എന്ന നിലയിലായിരുന്നു. ലിന്‍ 22 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സറും സഹിതമാണ് 50 റണ്‍സ് നേടിയത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം(31) ഗൗതം ഗംഭീര്‍(14) എന്നിവരുടെ വിക്കറ്റുകളും കൊല്‍ക്കത്തയ്ക്ക് നഷ്ടമായെങ്കിലും കൂടുതല്‍ അപകടം വരുത്താതെ മനീഷ് പാണ്ഡെ(4) യൂസഫ് പഠാന്‍ (0) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തയെ വിജയത്തിലേക്കെത്തിച്ചു. 29 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് കൊല്‍ക്കത്തയുടെ വീരോജിത ജയം. ഓള്‍ റൗണ്ട് പ്രകടനം നടത്തിയ സുനില്‍ നരേയ്‌നാണ് കളിയിലെ താരം.ജയത്തോടെ 12 മല്‍സരങ്ങളില്‍ നിന്ന് 16 പോയിന്റുകളുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss