|    Jan 19 Thu, 2017 8:25 pm
FLASH NEWS

വീണ്ടും ചില നിയമസഭാ വര്‍ത്തമാനങ്ങള്‍

Published : 8th June 2016 | Posted By: SMR

slug--rashtreeya-keralamപതിനാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തന്നെ സംഭവബഹുലമായി. അംഗങ്ങളുടെ സത്യപ്രതിജ്ഞ മുതല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പുവരെയുള്ള നടപടികളെല്ലാം എടുത്തുപറയാന്‍ എന്തെങ്കിലുമൊക്കെ ബാക്കിവച്ചാണ് കടന്നുപോയത്. രണ്ടുദിവസത്തെ നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം പിരിയുമ്പോള്‍, ഒ രാജഗോപാലിന്റെ അധികവോട്ടും പി സി ജോര്‍ജിന്റെ അസാധുവോട്ടും യുഡിഎഫിലെ വോട്ടുചോര്‍ച്ചയുമൊക്കെയാണ് പ്രധാന ചര്‍ച്ചയായിരിക്കുന്നത്.
അസാധുവോട്ട് സംബന്ധിച്ച പി സി ജോര്‍ജിന്റെ വിശദീകരണം വളരെ വ്യക്തമാണ്. ഇരുമുന്നണികളുടെയും പിന്തുണയില്ലാതെ ജയിച്ചുവന്ന പി സി ജോര്‍ജിന്, ഇത്തവണത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ സ്വീകരിച്ച നിലപാടുകള്‍ അതേ അര്‍ഥത്തില്‍ സഭയില്‍ പ്രതിഫലിപ്പിക്കാന്‍ ആദ്യാവസരത്തില്‍ തന്നെ കഴിെഞ്ഞന്നു പറയാം. എന്നാല്‍, കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപിയുടെ ആദ്യവോട്ട് ഇടതുപക്ഷത്തേക്കു പോയത് ഏതു നിലപാടിന്റെ പ്രതിഫലനമാണെന്നതാണ് പ്രസക്തമാവുന്നത്. ശ്രീരാമകൃഷ്ണന്റെ വ്യക്തിപ്രഭാവത്തിന് വോട്ട് ചെയ്‌െതന്നാണ് രാജഗോപാലിന്റെ വിശദീകരണം. നിയമസഭയ്ക്കുള്ളില്‍ എന്ത് വ്യക്തിപ്രഭാവം. ഭരണഘടനാപരമായി, തിരഞ്ഞെടുത്ത മണ്ഡലത്തിലെ ജനങ്ങളെയും രാഷ്ട്രീയമായി അതത് കക്ഷികളുടെ നിലപാടുകളെയുമാണ് സാമാജികര്‍ സഭയില്‍ പ്രതിനിധീകരിക്കുന്നത്. അങ്ങനെയല്ലെങ്കില്‍, വിപ്പ് നല്‍കുന്നതും കൂറുമാറ്റ നിരോധന നിയമത്തില്‍പ്പെടുത്തി അയോഗ്യരാക്കുന്നതുമൊക്കെ എടുത്ത് തോട്ടില്‍ കളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് പറയേണ്ടിവരും. സഭയില്‍ അംഗങ്ങളുടെ പേരിനു പകരം, പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ പേരില്‍ സംബോധന ചെയ്യണമെന്നാണു ചട്ടം വിവക്ഷിക്കുന്നത്. ചട്ടങ്ങള്‍ പലപ്പോഴും കാറ്റില്‍പ്പറക്കാറുണ്ടെങ്കിലും ഇത്തരം മര്യാദകള്‍ പാലിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തിയിരുന്ന സാമാജികരും നമുക്കുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. ഇതേക്കുറിച്ചൊന്നും അറിയാത്ത രാഷ്ട്രീയത്തിലെ ശിശുവായി രാജഗോപാലിനെ മാറ്റിനിര്‍ത്താന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അതിനെയാണ് ബാലിശമായി കാണേണ്ടത്.
കേരള നിയമസഭയില്‍ പുതുമുഖമാണെങ്കിലും രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന ഒ രാജഗോപാലിന് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ആവോളം അനുഭവസമ്പത്തുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി സംഘപരിവാര രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ സജീവമായിനില്‍ക്കുന്ന അദ്ദേഹത്തെ, രാഷ്ട്രീയാനുഭവങ്ങളുടെ കാര്യത്തിലും ആര്‍ക്കും മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഇങ്ങനെയൊക്കെയുള്ള ഒ രാജഗോപാലിന് ശ്രീരാമകൃഷ്ണനെന്ന പേരിനോട് മമതതോന്നുന്നുവെങ്കില്‍, അത് വെറും കൗതുകംകൊണ്ടുള്ളതല്ല, കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണു കരുതേണ്ടത്. എടുത്തുപറയാന്‍ എണ്ണത്തിന്റെ പിന്‍ബലമില്ലാത്ത ബിജെപി അടുത്ത അഞ്ചുവര്‍ഷം ‘രാജേട്ടന്‍’ എന്ന ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം തന്നെയാവും സഭയില്‍ ആയുധമാക്കുക. സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ രാജഗോപാലിന്റെ നിലപാടിനെ കുറിച്ച് തങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും തങ്ങളോട് ആരും ഒന്നും ആലോചിച്ചിട്ടില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിക്കുന്നതില്‍ കുറച്ചൊക്കെ സത്യമുണ്ടാവും. കാരണം, ഇതു മാത്രമല്ല, ഈ തിരഞ്ഞെടുപ്പില്‍ നേമത്ത് യുഡിഎഫ് വോട്ട് മറിഞ്ഞതടക്കമുള്ള പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് തമ്പാനൂരിലെ മാരാര്‍ജി ഭവനില്‍ നിന്നായിരുന്നില്ല. അവിടെയുണ്ടായിരുന്നവരില്‍ പലരും അതൊന്നും അറിഞ്ഞിട്ടുമുണ്ടാവില്ല. ഇക്കണ്ടകാലമത്രയും ബിജെപി തലകുത്തിമറിഞ്ഞിട്ടും സാധ്യമാവാതിരുന്ന അക്കൗണ്ട് തുറക്കല്‍ സ്വപ്നം ആര്‍എസ്എസ് നേതൃത്വം നേരിട്ട് ഇടപെട്ടപ്പോള്‍ പൂവണിഞ്ഞെങ്കില്‍, കുറച്ചുകാലത്തേക്കുകൂടി ഈ രീതി ഇങ്ങനെയൊക്കെത്തന്നെ തുടരാനാണു സാധ്യത.
സഭയില്‍ വ്യക്തമായ മേധാവിത്വമുള്ള സ്ഥിതിക്ക് ഇത്തരം ചര്‍ച്ചകള്‍ തല്‍ക്കാലം ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തമായ കാര്യമല്ല. സ്പീക്കര്‍സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മുന്നണിനേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചു തന്നെ നടപ്പാവുകയും ചെയ്തു. മുന്നണിയുടെ രാഷ്ട്രീയനിലപാടുകള്‍ക്കനുസരിച്ചുള്ള നയപരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയും ചെയ്യും. എന്നാല്‍, യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സ്ഥിതി അതല്ല. വ്യക്തമായ വിപ്പ് നല്‍കിയിട്ടും, സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ നടപടിക്രമങ്ങള്‍ സംബന്ധിച്ച് അംഗങ്ങള്‍ക്ക് പരിശീലനം തന്നെ നല്‍കിയിട്ടും, ആദ്യ ഊഴത്തില്‍ തന്നെ ഒരുവോട്ട് ഇടതുപക്ഷത്തേക്ക് വഴിമാറിപ്പോയി എന്നത് അത്ര ശുഭകരമായ സൂചനയല്ല. പ്രതിപക്ഷ ബെഞ്ചില്‍ എവിടെയൊക്കെയോ ചില അശുഭചിന്തകള്‍ തുടക്കത്തിലേ മുളപൊട്ടിയിട്ടുണ്ടെന്നു വ്യക്തം. ഗൗരവമേറിയ ഒരു വിപ്പ് ലംഘനമുണ്ടായിട്ടും അതിനു പിന്നാലെ പോവാതെ ബിജെപി-എല്‍ഡിഎഫ് ബാന്ധവത്തില്‍ കടിച്ചുതൂങ്ങാനാണ് കെപിസിസി നേതൃത്വത്തിന് താല്‍പര്യം. സഭയില്‍ ബിജെപിയുടെയും പി സി ജോര്‍ജിന്റെയും പിന്തുണ വേണ്ടെന്ന് നേരത്തേ പ്രഖ്യാപിച്ചതിലാണ് ചെന്നിത്തലയും സുധീരനും മേനിനടിക്കുന്നത്. 47ന് ഒപ്പം രണ്ടു വോട്ട് കൂടി ചേര്‍ന്നാലും വി പി സജീന്ദ്രന്‍ സ്പീക്കറാവില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ യഥേഷ്ടം തള്ളിവിടാന്‍ പ്രതിപക്ഷനേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല തന്നെ വേണമെന്നൊന്നുമില്ല. അതിന്റെ പേരില്‍ ആരെങ്കിലും അദ്ദേഹത്തിന്റെ മേല്‍ ആദര്‍ശക്കുപ്പായം എടുത്തണിയാനും പോവുന്നില്ല. ബിജെപിക്കെതിരായ ആര്‍ജവം പിടിച്ചാല്‍ കിട്ടാതെ നില്‍ക്കുകയായിരുന്നെങ്കില്‍ അത് ചെന്നിത്തലയും കൂട്ടരും കാണിക്കേണ്ടിയിരുന്നത് നേമത്തായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രസ്താവന ഇത്രകണ്ട് പരിഹാസ്യമാവുമായിരുന്നില്ല.
ബിജെപി എംഎല്‍എ ആയി ഒ രാജഗോപാല്‍ നിയമസഭയിലേക്കു പ്രവേശിച്ച ചരിത്രമുഹൂര്‍ത്തത്തില്‍ അദ്ദേഹത്തെ ആദ്യം കൈപിടിച്ച് സ്വീകരിക്കാനുള്ള നിയോഗമുണ്ടായത് രണ്ട് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ക്കായിരുന്നു. എന്‍ എ നെല്ലിക്കുന്നും എന്‍ ഷംസുദ്ദീനും. നിലപാടുകള്‍ ചരിത്രത്തോട് സംവദിക്കുന്ന ചില ഘട്ടങ്ങളില്‍ ഇത്തരം നിമിഷങ്ങള്‍ കൂടുതല്‍ പ്രസക്തമാവും. അതുകൊണ്ടുതന്നെ, ഇപ്പോള്‍ സംഭവിച്ചത് യാദൃച്ഛികമോ, സ്വാഭാവികമോ, വിരോധാഭാസമോ എന്നൊക്കെയുള്ള ചോദ്യത്തിന് കാലം മറുപടി പറയട്ടെ!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക