|    Apr 27 Fri, 2018 10:36 am
FLASH NEWS
Home   >  Editpage  >  Lead Article  >  

വീണ്ടും ഒരു മഴക്കാലം വരുമ്പോള്‍

Published : 23rd June 2016 | Posted By: SMR

slug-environmentകാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ പ്രവചനങ്ങള്‍ തെറ്റിച്ചാണെങ്കിലും തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ആദ്യതുള്ളികള്‍ കേരളമണ്ണില്‍ വീണതോടെ ഇന്ത്യ മുഴുവന്‍ ഇത്തവണ ആഹ്ലാദത്തിമിര്‍പ്പിലാണ്. കാരണം, വരാന്‍പോവുന്നത് രണ്ടു വര്‍ഷത്തെ തുടര്‍ച്ചയായ വരള്‍ച്ചയ്ക്കു ശേഷമുള്ള ഐശ്വര്യപൂര്‍ണമായ നാലു മഴമാസങ്ങളാണ്. പോയ മാസങ്ങളിലെ വരള്‍ച്ച ഉത്തരേന്ത്യയെ തകര്‍ത്തെറിഞ്ഞിരുന്നു. രാജ്യത്തുടനീളം ഒന്നരലക്ഷത്തോളം ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയിലമര്‍ന്നു. മഹാരാഷ്ട്രയാണ് കഠിനമായ വരള്‍ച്ച നേരിട്ടത്. ഇതില്‍ നിന്ന് ഒരു മോചനമായി എത്തുന്ന കാലവര്‍ഷം ഗ്രാമീണ ഭാരതത്തെ ഏറെ ആശ്വസിപ്പിക്കുന്നുണ്ട്.
ഇത്തവണ കാലവര്‍ഷം സാധാരണത്തേതിലും കൂടുതലായിരിക്കാമെന്നാണ് പ്രവചനം. സ്‌കൈമെറ്റ് വെതര്‍ എന്ന സ്വകാര്യ കാലാവസ്ഥാ ഏജന്‍സി നടത്തിയ പ്രവചനം കാലവര്‍ഷം ശരാശരി ലഭിക്കേണ്ട 89 സെ.മീ.യേക്കാള്‍ നാലു ശതമാനം കൂടുതലോ കുറവോ ആവുമെന്നാണ്. മാത്രമല്ല മെയ് 10ന് ഈ സ്ഥാപനം പറഞ്ഞു കാലവര്‍ഷം നേരത്തെ എത്തുമെന്ന്. പിന്നീട് അതു തിരുത്തേണ്ടി വന്നു. അതേസമയം, കേന്ദ്ര കാലാവസ്ഥാ വിഭാഗം ജൂണ്‍ 7ന് മാത്രമേ കാലവര്‍ഷമെത്തൂ എന്നും പ്രവചിച്ചു. മെയ് അവസാനവാരത്തില്‍ തന്നെ കേരളത്തില്‍ പരക്കെ ചെറിയ തോതിലെങ്കിലും മഴ ലഭിച്ചുകൊണ്ടിരുന്നു. ജൂണ്‍ ആദ്യവാരമായപ്പോള്‍ മഴ അല്‍പം കനത്തു. കേരളത്തിന്റെ തലസ്ഥാനനഗരം വെള്ളത്തില്‍ മുങ്ങി. ജൂണ്‍ 7ന് പോലും കാലാവസ്ഥാ വകുപ്പ് കാലവര്‍ഷം കേരളത്തില്‍ എത്തിയതായി പ്രഖ്യാപിച്ചില്ല. ജൂണ്‍ 8ന് കേരളം കറുത്തിരുണ്ടപ്പോള്‍ കാലവര്‍ഷം കനിഞ്ഞതായി കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.
ഇന്ത്യ കഴിഞ്ഞ രണ്ടു വര്‍ഷം അനുഭവിച്ച ദുരിതങ്ങളുടെയെല്ലാം കാരണക്കാരന്‍ എല്‍ നിനോ എന്ന വില്ലനാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. എന്നാല്‍, ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ എല്‍ നിനോ പ്രതിഭാസത്തിന്റെ ശക്തി കുറയുകയാണെന്നും ശാസ്ത്രലോകം തുറന്നുപറഞ്ഞതോടെ സകലര്‍ക്കും ആശ്വാസമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന കാലവര്‍ഷം കെങ്കേമമാവുമെന്ന പ്രഖ്യാപനമുണ്ടായത്. ഗോഡ്‌സില എന്നു പേരിട്ടിരിക്കുന്ന ഈ എല്‍ നിനോ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കകമുണ്ടായ ഏറ്റവും ശക്തിയേറിയതാണത്രെ. മെയ് മാസത്തില്‍ ആസ്‌ത്രേലിയയിലെ കാലാവസ്ഥാ ബ്യൂറോ ഗോഡ്‌സിലയുടെ ജീവനൊടുങ്ങിയെന്നു പ്രഖ്യാപനം നടത്തിയത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏറെ ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. പക്ഷേ, ഇതിന് ഒരു മറുവശമുണ്ടെന്ന ആശങ്ക പരക്കെ നിലനില്‍ക്കുന്നുണ്ട്. അതായത്, എല്‍ നിനൊയുടെ ശക്തി കുറയുന്നതോടെ, അതായത് ശാന്തസമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തുള്ള അസാമാന്യ ചൂട് കുറയുന്നതോടെ വരുന്ന ലാ നിന ചൂട് ഇന്ത്യയില്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാമെന്നാണ് ഭയം. മാത്രമല്ല, കാലവര്‍ഷം ഒക്ടോബറിലേക്കു കൂടി നീളുമോ എന്നും ഭയപ്പെടുന്നുണ്ട് ചില കാലാവസ്ഥാ ശാസ്ത്രജ്ഞന്‍മാര്‍.
കഴിഞ്ഞ 50 വര്‍ഷത്തെ കാലവര്‍ഷം ശ്രദ്ധാപൂര്‍വം വിശകലനം ചെയ്ത ചില ശാസ്ത്രജ്ഞന്മാര്‍ അടുത്തകാലത്ത് കാലവര്‍ഷത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. ഒരു പ്രധാന മാറ്റം മഴയുടെ ശക്തി ഏറിയേറി വരുന്നുവെന്നതാണ.് മുന്‍വര്‍ഷങ്ങളിലെപ്പോലെ കുറച്ചു സമയം ശക്തികൂടിയ നിലയിലും പിന്നെ ചാറ്റല്‍മഴയായും വീണ്ടും ശക്തികൂടിയുമല്ല വരാന്‍പോവുന്ന മഴകള്‍. പെയ്യുമ്പോള്‍ കനത്ത മഴപെയ്യുക, അതായത് മണികൂറില്‍ ഏഴ് സെ.മീ.യില്‍ കൂടുതല്‍ പെയ്യുക. പിന്നെ മഴ കാണില്ല. എന്നുമാത്രമല്ല, കുറേ ദിവസത്തേക്ക് നല്ല വരണ്ട കാലാവസ്ഥയായിരിക്കുമത്രെ. ഇത്തരം മഴ വിടവുകളുടെ എണ്ണം ക്രമേണ കൂടിവരുന്നതായിട്ടാണ് നിരീക്ഷണം. ചുരുക്കത്തില്‍ പഴയ തലമുറയുടെ ഓര്‍മയില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന, ദിവസങ്ങളോളം മൂടിക്കെട്ടിയ ആകാശവും ഉച്ചച്ചോര്‍ച്ചയും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 1950കളില്‍ മലബാറില്‍ ഇടവപ്പാതിയില്‍ ചിലപ്പോള്‍ എട്ടും പത്തും ദിവസങ്ങളോളം സൂര്യനെ കണികാണാന്‍ കിട്ടില്ലായിരുന്നു. ഇതുതന്നെയാണ് നൂല്‍മഴയുടെ കാര്യവും. ഇന്നത്തെ പുതിയ തലമുറ അതെന്താണെന്നു ചോദിച്ചാലും അദ്ഭുതപ്പെടേണ്ടതില്ല. നേര്‍ത്ത പതിനായിരകണക്കിന് നൂല്‍വെള്ളത്തുള്ളികള്‍ ഒന്നിച്ച് നേരിയ കാറ്റില്‍ ഭൂമിയിലേക്ക് ഒഴുകിയെത്തുന്നതു പുതിയ തലമുറ കണ്ടിട്ടേ ഉണ്ടാവില്ല. മേഘസ്‌ഫോടനമെന്ന പുതിയ പ്രതിഭാസവും മുന്‍ അനുഭവത്തിലില്ലാത്തതാണ്. ഒരു നിശ്ചിത വീതിയിലും നീളത്തിലുമുള്ള ചെറിയസ്ഥലത്ത് മാത്രം ലഭിക്കുന്ന കനത്ത മഴയാണിത്. തൊട്ടപ്പുറത്ത് മഴയുടെ അടയാളമേ ഉണ്ടാവില്ല.
ഇന്ത്യയുടെ ഉള്‍ഭാഗങ്ങളില്‍ ഉണ്ടാവുന്ന വെള്ളപ്പൊക്കങ്ങള്‍ നമ്മുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന നിരീക്ഷണങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്. ഇതിനോടൊപ്പമാണ് അടുത്തകാലത്ത് ഐക്യരാഷ്ട്രസംഘടന പുറത്തിറക്കിയ ലോക പരിസ്ഥിതി റിപോര്‍ട്ട് കൂടി വായിക്കേണ്ടത്. ക്രമേണയായുള്ള കടല്‍കയറ്റമുണ്ടാവുകയാണെങ്കില്‍ 2050ഓടെ ഇന്ത്യയുടെ കടല്‍ തീരങ്ങളില്‍ താമസിക്കുന്ന നാലു കോടി ജനങ്ങളുടെ ജീവന്‍ അപകടത്തിലാവാമെന്ന് റിപോര്‍ട്ട് പറയുന്നു. നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്നത് മുംബൈയിലും കൊല്‍ക്കത്തയിലുമാണത്രെ. കടല്‍ത്തീരം കൈയേറിയുള്ള വികസന പ്രവര്‍ത്തനങ്ങളും വീടുനിര്‍മാണവുമാണ് അപകടം വരുത്തിവയ്ക്കുക. കടല്‍വിതാനമുയരുമ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവരുന്ന ഏഷ്യാ-പസഫിക് മേഖലയിലെ പത്ത് രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണെന്ന വെളിപ്പെടുത്തല്‍ നമ്മുടെ വികസന നായകന്‍മാര്‍ ഓര്‍ത്തിരിക്കണം. കേരളത്തില്‍ കൊച്ചിയും ആലപ്പുഴയും കൊല്ലവുമെല്ലാം അപകടമേഖലയിലാണ്. കൊച്ചി നഗരപ്രദേശം വളരെ ചെറിയ തോതിലാണെങ്കിലും താഴ്ന്നുകൊണ്ടിരിക്കുകയാണെന്നു പ്രഗല്ഭരായ ചില ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
കാലവര്‍ഷം ഇത്തവണ ഇന്ത്യയെ നന്നായി അനുഗ്രഹിക്കുമെന്ന പ്രവചനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍ മഴയെന്നാല്‍ കൂടുതല്‍ ധാന്യോല്‍പാദനം എന്നതാണ്. അതിന്റെ അര്‍ഥം ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ്. രണ്ടു വര്‍ഷം കുടിവെള്ളത്തിനുപോലും പരക്കം പാഞ്ഞ ഇന്ത്യന്‍ ഗ്രാമീണമേഖല പ്രവചനം കേട്ട് സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. രൂപയുടെ മൂല്യം പെട്ടെന്നു വര്‍ധിച്ചതും സ്റ്റോക്കുകളുടെ വിലയിലുണ്ടായ വര്‍ധനയും എല്ലാവരും ശ്രദ്ധിച്ച കാര്യങ്ങളാണ്. ഇന്ത്യയില്‍ ലഭിക്കുന്ന മഴയില്‍ ഏകദേശം 80 ശതമാനവും കാലവര്‍ഷം എന്നറിയപ്പെടുന്ന കേരളത്തിന്റെ സ്വന്തം ഇടവപ്പാതിയില്‍ നിന്നാണ്. അതായത്, പരമ്പരാഗത കണക്കനുസരിച്ച് ഇടവം 15നു തുടങ്ങേണ്ട തെക്കു-പടിഞ്ഞാറന്‍ കാവര്‍ഷത്തില്‍ നിന്ന് ഏകദേശം 50,000ത്തിലേറെ വര്‍ഷത്തെ പാരമ്പര്യമുണ്ടത്രെ ഇടവപ്പാതിക്ക്!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss