|    Oct 22 Sun, 2017 5:04 am
Home   >  Todays Paper  >  page 11  >  

വീണ്ടും അശ്വിന്‍; വിജയം സമ്പൂര്‍ണം

Published : 12th October 2016 | Posted By: SMR

ഇന്‍ഡോര്‍: ലോക ടെസ്റ്റ് റാങ്കിങിലെ ഒന്നാംസ്ഥാനം ആധികാരികമായിതന്നെ ടീം ഇന്ത്യ ആഘോഷിച്ചു. ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഒരു ദിനം ബാക്കിനില്‍ക്കെ 321 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. രണ്ടാമിന്നിങ്‌സില്‍ 475 റണ്‍സെന്ന ഏറക്കുറെ അപ്രാപ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ക്ക് പൊരുതാന്‍ പോലുമായില്ല. കേവലം 153 റണ്‍സില്‍ ഇന്നലെ സന്ദര്‍ശകര്‍ ബാറ്റ് താഴെവച്ചു. ഇതോടെ പരമ്പര ഇന്ത്യ 3-0നു തൂത്തുവാരി.
രണ്ടാമിന്നിങ്‌സില്‍ റോസ് ടെയ്‌ലര്‍ (32), മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (29) എന്നിവര്‍ മാത്രമേ അ ല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. സ്പിന്നര്‍ ആര്‍ അശ്വിന്റെ മാന്ത്രിക ബൗളിങാണ് കിവികളുടെ താളംതെറ്റിച്ചത്.
ഒന്നാമിന്നിങ്‌സില്‍ ആറു വിക്കറ്റ് പിഴുത അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് കടപുഴക്കി ന്യൂസിലന്‍ഡിനെ നിലംപരിശാക്കുകയായിരു ന്നു. അശ്വിന്‍ ഒറ്റയ്ക്കാണ് രണ്ടാമിന്നിങ്‌സില്‍ കിവികളെ തകര്‍ത്തതത്. 59 റണ്‍സിനാണ് അശ്വിന്‍ ഏഴു വിക്കറ്റ് പിഴുതത്. ടെസ്റ്റില്‍ താരത്തിന്റെ ഏറ്റ വും മികച്ച പ്രകടനം കൂടിയാണിത്. രണ്ടിന്നിങ്‌സുകളിലായി ഇതോടെ താരം 13 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. അശ്വിനാണ് കളിയിലെയും പരമ്പരയിലെയും താരം.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ അഞ്ചിന് 557 ഡിക്ലയേര്‍ഡിനു മറുപടിയില്‍ കിവീസ് 299നു പുറത്തായി. ഗുപ്റ്റില്‍ (72), ജിമ്മി നീഷാം (71), ടോം ലാതം (53) എന്നിവര്‍ തിളങ്ങി. 27.2 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 81 റണ്‍സ് വഴങ്ങി അശ്വിന്‍ ആറു വിക്കറ്റെടുത്തു.
തുടര്‍ന്ന് രണ്ടാമിന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റിന് 216ല്‍ ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറിയാണ് ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിന്റെ പ്രത്യേകത. 101 റണ്‍സോടെ പുജാര പുറത്താവാതെ നിന്നു. 148 പന്തില്‍ ഒമ്പത് ബൗണ്ടറികളടങ്ങുന്നതാണ് പുജാരയുടെ ഇന്നിങ്‌സ്. ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ഓപണര്‍ ഗൗതം ഗംഭീര്‍ 50 റണ്‍സുമായി തിളങ്ങി.
ഇന്നലെ മല്‍സരത്തിനു ശേഷം ലോക ഒന്നാംനമ്പര്‍ ടെസ്റ്റ് ടീമിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറില്‍ നിന്ന് ഏറ്റുവാങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക