|    Aug 21 Tue, 2018 9:43 pm
FLASH NEWS
Home   >  Sports  >  Cricket  >  

വീണ്ടുംബംഗ്ലാ തരംഗം

Published : 6th August 2018 | Posted By: jaleel mv

ലൗഡര്‍ഹില്‍(അമേരിക്ക): ട്വന്റി 20യില്‍ കുത്തക കൈയടക്കിയിരുന്ന വെസ്റ്റ് ഇന്‍ഡിസിനെ വീണ്ടും അടിയറവ് പറയിച്ച് ബംഗ്ലാദേശ്. ഇന്നലെ മഴ വില്ലനായ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിനെ 19 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാ വീര്യം വീണ്ടും പിറന്നത്. ഇതോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. നേരത്തേ ഏകദിന പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. മല്‍സരത്തില്‍ ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 184 റണ്‍സാണ് പടുത്തുയര്‍ത്തിയത്. മറുപടി ബാറ്റിങില്‍ കാരിബിയന്‍സ് 17.1 ഓവറില്‍ ഏഴ് വിക്കറ്റിന് 135 റണ്‍സില്‍ നില്‍ക്കവേ മഴ പെയ്യുകയായിരുന്നു. മഴ കനത്തതോടെ മല്‍സരവും പരമ്പരയും ബംഗ്ലാദേശ് സ്വന്തമാക്കി. ഓപണിങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ലിറ്റന്‍ ദാസും(61) വിന്‍ഡീസിന്റെ മൂന്ന് മികച്ച താരങ്ങളുടെ വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനുമാണ് ബംഗ്ലാകടുവകളുടെ വിജയം അനായാസമാക്കിയത്. ലിറ്റന്‍ ദാസാണ് കളിയിലെ താരം. ടൂര്‍ണമെന്റിലുടനിളം തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് ടൂര്‍ണമെന്റിലെ താരം. ആദ്യ ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് വേണ്ടി തുടക്കത്തില്‍ 32 പന്തില്‍ ആറു ഫോറുകളും മൂന്ന് സിക്‌സുകളുമടക്കം 61 റണ്‍സാണ് ലിറ്റണ്‍ നേടിയത്. മഹ്മൂദുള്ള (32), ഷാക്കിബ് അല്‍ഹസന്‍ (24), തമീം ഇഖ്ബാല്‍ (21) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റും കീമോ പോളും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മോശം തുടക്കമാണ് കാഴ്ച വച്ചത്. കൃത്യമായി വിക്കറ്റുകളും വീണതോടെ സ്‌കോറിങ് ഉയര്‍ത്താന്‍ മുന്‍നിരയ്ക്ക് സാധിച്ചില്ല. 32 റണ്‍സെടുക്കുന്നതിനിടെ മൂന്ന്് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. 21 പന്തില്‍ 47 റണ്‍സെടുത്ത് ആന്‍ന്ദ്രെ റസ്സല്‍ പ്രതീക്ഷ നല്‍കിയെങ്കിലും 18ാം ഓവറില്‍ താരത്തെ പുറത്താക്കി മുസ്തഫിസ് തന്റെ മൂന്നാം വിക്കറ്റും സ്വന്തമാക്കി. അതോടെ ബംഗ്ലാദേശ് വിജയത്തിലെത്തുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss