|    Sep 22 Sat, 2018 6:43 am
FLASH NEWS
Home   >  Todays Paper  >  page 12  >  

വീട് വൃത്തിയാക്കാന്‍ നല്ലത് ക്ലോറിനേഷന്‍

Published : 21st August 2018 | Posted By: kasim kzm

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോവാനുള്ള ശ്രമം തുടങ്ങി. അതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചന്വേഷിച്ചത് വീട് വൃത്തിയാക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നതാണ്. ഡെറ്റോള്‍ എന്നത് മണംകൊണ്ട് നല്ലതാണെങ്കിലും ശക്തമായ ഒരു അണുനശീകരണ ഉപാധിയല്ല എന്ന് നാം തിരിച്ചറിയണം.
അല്‍പം ദുര്‍ഗന്ധമുണ്ടെങ്കിലും വെള്ളപ്പൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും വീടുകള്‍ അണുവിമുക്തമാക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെയാണ്. ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങനെ അണുനശീകരണം നടത്താമെന്ന് ചുവടെ വിവരിക്കുന്നു:

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

സാധാരണ ലഭിക്കുന്ന ബ്ലീച്ചിങ് പൗഡറില്‍ 30 മുതല്‍ 40 ശതമാനം വരെയാണ് ക്ലോറിന്റെ അളവ്. 33 ശതമാനം ക്ലോറിനുണ്ട് എന്ന നിഗമനത്തിലാണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്.
ി കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിന് ആദ്യം കിണറിന്റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (ആഴം). തുടര്‍ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവിലുള്ള വെള്ളത്തിന്റെ ആഴം മീറ്ററില്‍ കണക്കാക്കുക (ഉയരം)
വെള്ളത്തിന്റെ അളവ് = 3.14 ഃആഴം ഃആഴം ഃ ഉയരം ഃ250 ലിറ്റര്‍
ി സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ ആണ് ആവശ്യം വരുക. എന്നാല്‍, വെള്ളപ്പൊക്കത്തിനുശേഷം വെള്ളം അതീവ മലിനമായിരിക്കും എന്നതുകൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് അഞ്ചുഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരമായി) ബ്ലീച്ചിങ് പൗഡര്‍ ആണ് ആവശ്യം.
ി വെള്ളത്തിന്റെ അളവു വച്ച് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറ്റിന്റെ മുക്കാല്‍ ഭാഗം വെള്ളമൊഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വയ്ക്കുക
ി 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളിലുള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചുചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ചശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്ത് വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.
ി ഒരുമണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ചശേഷം കിണറിലെ വെള്ളം ഉപയോഗിച്ചുതുടങ്ങാം.

വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

ി പരിസരം വൃത്തിയാക്കാന്‍ പലരും ബ്ലീച്ചിങ് പൗഡര്‍ വിതറുന്നതു കാണാം. ഇതുകൊണ്ട് പരിസരം അണുവിമുക്തമാക്കാന്‍ സാധിക്കില്ല.
ി ഒരു ശതമാനം ക്ലോറിന്‍ ലായനി തയ്യാറാക്കുന്ന വിധം: ആറ് ടീസ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ എടുത്ത് കുഴമ്പു പരുവത്തിലാക്കുക. അതിനുശേഷം അതിലേക്കു ഒരുലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞപോലെ കലക്കി 10 മിനിറ്റ് വച്ചശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടയ്ക്കാനും പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യമെങ്കില്‍ ഒരു ലിറ്ററിന് ആറ് ടീസ്പൂണ്‍ എന്ന കണക്കിന് ലായനി തയ്യാറാക്കാം.
ി നിലം തുടച്ച ശേഷം/വീട്ടുപരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ചശേഷം ചുരുങ്ങിയത് 20-30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണുനശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടയ്ക്കാനോ വെള്ളം ഒഴിക്കാനോ പാടില്ല.
ി അരമണിക്കൂറിനു ശേഷം മണമുള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തിയാക്കി ക്ലോറിന്‍ മണം മാറ്റാം.

കടപ്പാട്: ആരോഗ്യകേരളം, വയനാട്
തയ്യാറാക്കിയത്: ഡോ. വി ജിതേഷ് സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss