|    Dec 14 Fri, 2018 8:20 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വീട്ടുതടങ്കല്‍ മതി; സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നത് സുപ്രിംകോടതി തടഞ്ഞു

Published : 30th August 2018 | Posted By: kasim kzm

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ജനുവരി ഒന്നിന് പൂനെയില്‍ ഭീമ കൊരേഗാവ് അനുസ്മരണത്തോട് അനുബന്ധിച്ചു നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൂനെ പോലിസ് അറസ്റ്റ് ചെയ്ത അഞ്ചു സാമൂഹികപ്രവര്‍ത്തകരെ വീട്ടുതടങ്കലില്‍ വച്ചാല്‍ മതിയെന്ന് സുപ്രിംകോടതി. കേസില്‍ അടുത്ത വാദംകേള്‍ക്കുന്നത് വരെ ഇവരെ വീട്ടില്‍ നിന്ന് മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. ഇവരെ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോവാന്‍ പോലിസിന് കോടതി അനുമതി നിഷേധിച്ചു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
അറസ്റ്റിനെതിരേ റോമിലാ ഥാപ്പര്‍, ദേവകി ജെയ്ന്‍, പ്രഭാത് പട്‌നായിക്, സതീഷ് ദേശ്പാണ്ഡെ, മജ ദാറുവാല എന്നിവര്‍ നല്‍കിയ റിട്ട് ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. വിയോജിപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് മഹാരാഷ്ട്ര പോലിസ് നടത്തുന്നതെന്നും അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സഹായിക്കുന്നത് തടഞ്ഞ് ജനങ്ങളുടെ മനസ്സില്‍ ഭീതിപരത്തുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഹരജിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നോട്ടീസയച്ചു. സപ്തംബര്‍ അഞ്ചിനകം മറുപടി സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം.
വിയോജിപ്പെന്നത് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വാണെന്നും ആ വാല്‍വ് ഇല്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുമെന്നും ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസിന് മുമ്പാകെ രാവിലെ മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, ഇന്ദിരാ ജയ്‌സിങ്, രാജു രാമചന്ദ്രന്‍, ദുഷ്യന്ത് ധവെ, പ്രശാന്ത് ഭൂഷണ്‍, വൃന്ദ ഗ്രോവര്‍ എന്നിവരാണ് അടിയന്തരമായി വിഷയം ഉന്നയിച്ചത്. വൈകീട്ട് 4.30ഓടെയാണ് ഹരജി പരിഗണിച്ചത്. നിയമവിരുദ്ധമായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും എഫ്‌ഐആറില്‍ ഇവരുടെ പേരില്ലെന്നും നടപടി സ്‌റ്റേ ചെയ്യണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ആരോപിക്കപ്പെടുന്ന അനുസ്മരണ യോഗവുമായി ഇവര്‍ക്കു ബന്ധമില്ല. ഇന്ത്യയില്‍ അഭിഭാഷകയായി ജോലി ചെയ്യാന്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ചയാളാണ് അറസ്റ്റിലായവരില്‍ ഒരാള്‍. നാഷനല്‍ ലോ യൂനിവേഴ്‌സിറ്റിയിലെ അധ്യാപികയുമാണവര്‍. ഇവര്‍ക്കാര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സുധാ ഭരദ്വാജിനെ പരാമര്‍ശിച്ച് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഈ വാദത്തെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. ഹരജി നല്‍കിയത് കേസുമായി ബന്ധമില്ലാത്തവരാണെന്നും കുറ്റാരോപിതര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടില്ലെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്തയുടെ വാദം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും കുറ്റാരോപിതരില്‍ സുധാ ഭരദ്വാജും ഗൗതം നവ്‌ലാഖയും മാത്രമേ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളൂവെന്നുമായിരുന്നു ഇതിന് സിങ്‌വിയുടെ മറുപടി. അതേസമയം, സാങ്കേതിക തടസ്സങ്ങള്‍ കോടതി പരിഗണിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ് മറുപടി സത്യവാങ്മൂലം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്. അതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരെ അവരുടെ വീടുകളില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന സിങ്‌വിയുടെ നിര്‍ദേശം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രമുഖ വിപ്ലവ കവി പി വരവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറ എന്നിവരെയാണ് കഴിഞ്ഞദിവസം വിവിധ നഗരങ്ങളില്‍ നിന്ന് പൂനെ പോലിസ് അറസ്റ്റ് ചെയ്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss