|    Jul 20 Fri, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടുടമയെ ആക്രമിച്ച് കവര്‍ച്ച ; ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ക്ക് കഠിനതടവും പിഴയും

Published : 13th September 2017 | Posted By: fsq

 

തൊടുപുഴ: തൊടുപുഴ നഗരത്തില്‍ പെട്രോള്‍ പമ്പ് ഉടമയെയും ഭാര്യയെയും വീടിനുള്ളില്‍ ആക്രമിച്ച് പണവും സ്വര്‍ണാഭരണവും കവര്‍ന്ന ഇതര സംസ്ഥാനക്കാരായ മൂന്നു പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയും വിധിച്ചു. ഒഡീഷ റായ്ഗഡ് ജില്ലയില്‍ മുനിഗുഡ റെയില്‍വേ കോളനിയിലെ താമസക്കാരായ ചിങ്കു കര്‍ക്കരിയ(21), രമേശ് ചിച്ചുവാന്‍(24), റായ്ഗഡ് ജില്ലയിലെ അങ്കോല സ്വദേശി രാജ്കുമാര്‍ പത്ര (രാജാ 19) എന്നിവരെയാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹഫീസ് മുഹമ്മദ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി ഹനുമന്ത്പുരി സ്വദേശിയായ പതിനേഴുകാരനെ നാലുമാസം മുമ്പ് തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ കോട്ടയം സ്‌പെഷ്യല്‍ ഹോമിലാണുള്ളത്. ഭവനഭേദനം, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. ഭവനഭേദനത്തിന് മൂന്നു വര്‍ഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് മൂന്നു വര്‍ഷം വീതം കഠിന തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ നാലു മാസം വീതം തടവു കൂടി അനുഭവിക്കണം. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2016 സപ്തംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രകാശ് ഫ്യുവല്‍സ്് ഉടമ കൃഷ്ണവിലാസത്തില്‍ കെ ബാലചന്ദ്രനെയും ഭാര്യ ശ്രീജയെയും വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് ബന്ധിച്ച ശേഷമായിരുന്നു മോഷണം. പെട്രോള്‍ പമ്പിലെ കലക്ഷന്‍ തുകയായ 1.70 ലക്ഷം രൂപയും അഞ്ചര പവന്റെ സ്വര്‍ണവും മൊബൈല്‍ ഫോണുകളും ഐപാഡും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. സ്വന്തം നാട്ടിലേക്ക് കടന്ന മോഷ്ടാക്കളെ അവിടെയെത്തിയാണു പിടികൂടിയത്. രാജ്കുമാര്‍ പത്രയെയും ഹനുമന്ത്പുരി സ്വദേശിയായ പതിനേഴുകാരനെയും തൊടുപുഴ എസ്‌ഐയായിരുന്ന ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ സപ്തംബര്‍ 26നാണ് പിടികൂടിയത്. വീട്ടില്‍ നിന്നു കവര്‍ന്ന് പങ്കിട്ടെടുത്ത പണത്തി ല്‍ നിന്ന് 8000 രൂപയും ശ്രീജയുടെ മൊബൈല്‍ ഫോണും ഇവരില്‍ നിന്നു കണ്ടെടുത്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം ഒഡീഷയില്‍ നിന്ന് ചിങ്കുവിനെയും രമേശിനെയും  അറസ്റ്റ് ചെയ്യുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss