|    Dec 17 Mon, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: വെള്ളം ഇറങ്ങിക്കഴിഞ്ഞാല്‍ വീട്ടിലേക്കു പോവുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെന്നു വ്യക്തമാക്കുകയാണ് യുഎന്നിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധനും മലയാളിയുമായ മുരളി തുമ്മാരുകുടി:
ി ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര്‍ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റും.
ി ആദ്യമായി വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. എന്താണ് അവിടെ കാണാന്‍ പോകുന്നതെന്നോ എന്തൊക്കെ അപകടങ്ങള്‍ ഉണ്ടെന്നോ പറയാന്‍ പറ്റില്ല. കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും.
ി ഒരു കാരണവശാലും രാത്രിയില്‍ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് പാമ്പ് മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതല്‍ അപകടം വിളിച്ചുവരുത്തുകയാണ്.
ി വീട്ടിലേക്കുള്ള വഴിയിലും വീടിന്റെ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തില്‍ ചളിയായിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കില്‍ തുറക്കാന്‍ പ്രയാസപ്പെടും.
ി മതിലിന്റെ നിര്‍മാണം മിക്കവാറും നല്ല ബലത്തിലാവില്ല. അതുകൊണ്ടുതന്നെ ഗേറ്റ് ശക്തമായി തള്ളിത്തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും. സൂക്ഷിക്കണം.
ി റോഡിലോ മുറ്റത്തോ ചളിയില്‍ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കില്‍ ചളിയുടെ നിരപ്പിനു മുകളിലുള്ള ചെരുപ്പുകള്‍ ധരിക്കണം. വ്യക്തിസുരക്ഷയ്ക്കു വേണ്ടി ഒരു മാസ്‌ക് ഉപയോഗിക്കണം. അത് ലഭ്യമല്ലെങ്കില്‍ ഒരു തോര്‍ത്ത് മൂക്കിനു മുകളിലൂടെ ചുറ്റിക്കെട്ടണം. കൈയില്‍ കട്ടിയുള്ള കൈയുറകള്‍ ഉണ്ടെങ്കില്‍ നല്ലതാണ്.
ി നമ്മുടെ വീടിനു ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കില്‍ ഒരിക്കലും അത് കൈ കൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹമാണെങ്കില്‍ പോലിസിനെ അറിയിക്കണം.
ി വീടിനകത്ത് കയറുന്നതിനു മുമ്പ് വീടിന്റെ ഭിത്തിയില്‍ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിന്റെ അടയാളം കാണും. അത് കൂടുതല്‍ വ്യക്തമായി ചോക്കു കൊണ്ടോ പെയിന്റ് കൊണ്ടോ മാര്‍ക്ക് ചെയ്തുവെക്കുക. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന വന്‍ പ്രളയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1924ല്‍ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകള്‍ രേഖപ്പെടുത്തിവെക്കാത്തതുകൊണ്ടാണ് പ്രളയസാധ്യതയുള്ള പുഴത്തീരങ്ങള്‍ ജനവാസകേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.
ി വീടിനകത്തേക്ക് കയറുന്നതിനു മുമ്പ് വീടിന്റെ നാലു ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങള്‍ എടുത്തുവെക്കണം. വെള്ളം എവിടെയെത്തി എന്ന മാര്‍ക്ക് ഉള്‍െപ്പടെ. വീടിന്റെ ചുവരുകളും മേല്‍ക്കൂരയും ശക്തമാണോ, നശിച്ചിട്ടുണ്ടോ എന്നു ശ്രദ്ധിക്കുക.
ി വീടിന്റെ ജനാലകള്‍ പുറത്തുനിന്ന് തുറക്കാന്‍ പറ്റുമെങ്കില്‍ അവ തുറന്നിട്ട് കുറച്ചു സമയം കഴിഞ്ഞു വേണം അകത്ത് പ്രവേശിക്കാന്‍.
ി വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം.
ി വീടിനകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യണം. വീടിനു പുറത്തു നിന്നു പൈപ്പ് വഴിയാണ് ഗ്യാസ് സപ്ലൈ ചെയ്യുന്നതെങ്കില്‍, അഥവാ ഗ്യാസിന്റെ സിലിണ്ടര്‍ വീടിനു വെളിയിലാണെങ്കില്‍ അത് ഓഫ് ചെയ്യണം.
ി വീടിന്റെ വാതിലിന് ഇരുവശവും ചളിയായതിനാല്‍ തുറക്കുക ശ്രമകരമായിരിക്കാനാണ് വഴി. ബലം പ്രയോഗിക്കേണ്ടിവരും. പഴയ വീടാണെങ്കില്‍ അത് ഭിത്തിയെയോ മേല്‍ക്കൂരയെയോ അസ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. സൂക്ഷിക്കണം.
ി വീടിനകത്ത് കയറുന്നതിനു മുമ്പ് ഏതെങ്കിലും തരത്തിലുള്ള ഗ്യാസ് ലീക്ക് ഉള്ളതായി (അസ്വാഭാവിക ഗന്ധം) തോന്നിയാല്‍ വാതില്‍ തുറന്ന് കുറേ കഴിഞ്ഞിട്ട് അകത്തു കയറിയാല്‍ മതി.
ി വീട്ടുസാധനങ്ങള്‍ ഫാനിന്റെ മുകളിലോ മറ്റോ തങ്ങിനിന്ന് നമ്മുടെ തലയില്‍ വീഴാനുള്ള സാധ്യതയും മുന്നില്‍ കാണണം.
ി ഒരു കാരണവശാലും വീടിനകത്ത് ലൈറ്റര്‍ ഉപയോഗിക്കരുത്. സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.
ി വീടിനകത്തെ എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെയും പ്ലഗ് സൂക്ഷിച്ച് ഊരിയിടണം.
ി ഫ്രീസര്‍ തുറക്കുമ്പോള്‍ ഉള്ളിലുള്ള ഗ്യാസ് ശക്തമായി ഫ്രീസറിന്റെ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സൂക്ഷിക്കണം.
ി വീട്ടില്‍ നഷ്ടം പറ്റിയ ഓരോ വസ്തുവിന്റെയും കണക്കെടുക്കുക. അതിന്റെ ഫോട്ടോ എടുക്കുക. ഇവ ഒരു ഡാമേജ് ആന്റ് ലോസ് എസ്റ്റിമേറ്റിനു സഹായിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss