|    May 23 Tue, 2017 2:30 pm
FLASH NEWS

വീട്ടമ്മ പട്ടിണി കിടന്നുമരിച്ചു

Published : 27th September 2016 | Posted By: SMR

സ്വന്തം പ്രതിനിധി

എടപ്പാള്‍: മനോരോഗിയായ മാതാവ് ദിവസങ്ങളോളം പട്ടിണി കിടന്നുമരിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍ ഹോസ്പിറ്റല്‍സിനു മുന്നിലെ കുന്നത്ത്‌നാട് ഹൗസിലെ ശോഭന(55)യാണ് മരിച്ചത്. അമ്മ മരിച്ച വിവരമറിയാതെ മകള്‍ മണിക്കൂറുകളോളം മൃതദേഹം കെട്ടിപ്പിടിച്ചു കിടന്നു.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. എടപ്പാള്‍ ടൗണിന് നടുവിലുള്ള വീട്ടിലായിരുന്നു സംഭവം. ശോഭനയുടെ ഏകമകള്‍ നേരിയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ശ്രുതി(26)ആണ് അമ്മ മരിച്ചതറിയാതെ മൃതദേഹം കെട്ടിപ്പിടിച്ചു കിടന്നത്. രാവിലെ എട്ടോടെ ഗ്രാമപ്പഞ്ചായത്തംഗമാണ് ഇവരുടെ വീട്ടില്‍ചെന്ന് വാതില്‍ തുറന്നത്. അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് ഒന്നും സംഭവിക്കാത്തമട്ടില്‍ കിടക്കുകയായിരുന്നു അപ്പോള്‍ മകള്‍.
വിവരമറിഞ്ഞെത്തിയ വരാണ് ശ്രുതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് അടിയന്തര ചികില്‍സ നല്‍കുകയായിരുന്നു. പരിസരവാസികളോടോ ബന്ധുക്കളോടോ യാതൊരു സമ്പര്‍ക്കവുമില്ലാതെയായിരുന്നു ശോഭയും മകളും കഴിഞ്ഞിരുന്നത്. എപ്പോഴെങ്കിലും പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെക്കൊണ്ടാണ് എന്തെങ്കിലും ഭക്ഷണം ഇവര്‍ വാങ്ങിക്കാറുള്ളത്. തങ്ങള്‍ അവസാനമായി ഭക്ഷണം കഴിച്ചതെന്നാണെന്നുപോലും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശ്രുതിക്ക് അറിയില്ല. കണ്ണുകള്‍ താഴ്ന്ന് കവിളുകള്‍ ഒട്ടി അസ്ഥിപഞ്ജരം കണക്കെയായിരുന്നു ശ്രുതിയുടെ അവസ്ഥ.
എടപ്പാള്‍ ടൗണില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുവകകളും വീടും ഇവര്‍ക്കുണ്ടെങ്കിലും ഇവരെ ശുശ്രൂഷിക്കാനും പരിചരിക്കാനും ബന്ധുക്കളോ നാട്ടുകാരോ തയ്യാറായിരുന്നില്ലെന്നതാണ് വസ്തുത. ശോഭയുടെ മൃതദേഹം ഉറുമ്പരിച്ച നിലയിലും മുഖത്ത് ഏതോ ജീവികള്‍ കടിച്ച രീതിയിലുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമം നടന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെയാണ് അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു തയ്യാറായത്. ചങ്ങരംകുളം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം  പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. റിട്ടയേര്‍ഡ് ധനലക്ഷ്മി ബാങ്ക് മാനേജര്‍ ശങ്കരനുണ്ണി, റിട്ടയേര്‍ഡ് മെഡിമിക്‌സ് ജീവനക്കാരന്‍ ശ്രീകുമാര്‍, സാവിത്രി(ബറോഡ), ലത(കോഴിക്കോട്)എന്നിവര്‍ സഹോദരങ്ങളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day