|    Sep 23 Sun, 2018 11:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വീട്ടമ്മയെ വെട്ടിക്കൊന്ന കേസ്: ഭര്‍ത്താവ് കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും

Published : 30th May 2018 | Posted By: kasim kzm

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. നെയ്യാറ്റി ന്‍കര മാമ്പഴക്കര നെടുവിള പുത്തന്‍വീട്ടില്‍ വല്‍സലനെ (52) യാണ് ജഡ്ജി പി എന്‍ സീത കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ  ഇന്നു പ്രഖ്യാപിക്കും. ഭാര്യ എസ്താറിനെ (50) യാണ് വല്‍സലന്‍ വീടിന്റെ അടുക്കളയില്‍ വച്ച് കൊലപ്പെടുത്തിയത്.
2011 നവംബര്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 വര്‍ഷമായി വിദേശത്തായിരുന്ന വല്‍സലന്‍ കൊല നടക്കുന്നതിന് ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇരുവരും റോമന്‍ കത്തോലിക് വിഭാഗത്തില്‍ പെട്ടവരായിരുന്നു. എന്നാല്‍ വല്‍സലന്‍ ഗള്‍ഫിലായിരുന്നപ്പോള്‍ ഭാര്യ പെന്തക്കോസ്റ്റ് വിഭാഗത്തില്‍ ചേര്‍ന്നു. പെന്തക്കോസ്റ്റ് പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോവുന്നതിനെ പ്രതി എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. സംഭവദിവസവും രാവിലെ ഇരുവരും വഴക്കിട്ടതായി മകന്‍ അനീഷ് കോടതിയില്‍ മൊഴി നല്‍കി. കൂടാതെ എസ്താര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് പോവുന്ന വിരോധംകൊണ്ട് പലപ്പോഴും വെട്ടുകത്തികൊണ്ട് വെട്ടാന്‍ പ്രതി ഓടിച്ചിരുന്നതായി മക്കളായ സീന, ബീന എന്നിവരും കോടതിയില്‍ മൊഴിനല്‍കി. സംഭവദിവസം രാവിലെ 11മണിക്ക് വീട്ടില്‍ നിന്ന് എസ്താറിന്റെ നിലവിളി കേട്ടുവെന്നും തുടര്‍ന്ന് വല്‍സലന്‍ പുറത്തേക്ക് പോവുന്നത് കണ്ടുവെന്നുമുള്ള അയല്‍വാസി ഗ്രേസിയുടെ മൊഴി വിചാരണയില്‍ നിര്‍ണായക തെളിവായി. എസ്താര്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോവാന്‍ ശ്രമിച്ചത് ഭര്‍ത്താവ് എതിര്‍ത്തു. വാക്തര്‍ക്കത്തിനിടെ വെട്ടു കത്തിയെടുത്ത് കഴുത്തിലും തലയിലും വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ എസ്താര്‍ മരിച്ചു. വല്‍സലന്‍ ധരിച്ചിരുന്ന ലുങ്കിയിലും വെട്ടുകത്തിയിലും എസ്താറിന്റെ രക്തം രാസപരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളിലൂടെയും ശാസ്ത്രീയ തെളിവിലൂടെയും ആണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്. നെയ്യാറ്റിന്‍കര പോലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ സലാഹുദ്ദീന്‍ ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss