|    May 29 Mon, 2017 10:44 pm
FLASH NEWS

വീട്ടമ്മയെ കൊന്ന് മാലിന്യക്കുഴിയില്‍ തള്ളിയ പ്രതി റിമാന്‍ഡില്‍

Published : 28th July 2016 | Posted By: SMR

ആലത്തൂര്‍: വീട്ടമ്മയെ കൊന്ന ശേഷം പൊള്ളാച്ചിയില്‍ കൊണ്ടുപോയി മാലിന്യക്കുഴിയില്‍ തള്ളിയ സംഭവത്തില്‍ ബന്ധുവായ പ്രതിയെ റിമാന്‍ഡ് ചെയ്തു.  ചിതലി ചേങ്ങോട് ശിവരാമന്റെ ഭാര്യ പ്രീതി(39)യെ കൊലപ്പെടുത്തിയ കേസില്‍ അടുത്ത ബന്ധുവായ ചിതലി കല്ലയംകോണം സനാവില്ലയില്‍ ചെന്താമരയെ(41)യാണ് ഡിവൈഎസ്പി വി എസ് മുഹമ്മദ് കാസിമും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ; ജൂലൈ 14ന് രാവിലെ 10.30ന് ചെന്താമര പ്രീതിയുടെ വീട്ടിലെത്തി. തുണി അലക്കുകയായിരുന്ന പ്രീതിയോട് താന്‍ പുതുതായി തുടങ്ങാന്‍ പോവുന്ന റെഡിമെയ്ഡ് തുണി കച്ചവടത്തിന് പണം ആവശ്യപ്പെട്ടു. ഇയാളെ വീട്ടിനകത്തേക്ക് ക്ഷണിച്ച ശേഷം ചായയുണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയ പ്രീതിയെ ഇയാള്‍ പിന്തുടരുകയും കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചെന്താമരയെ എതിര്‍ത്ത പ്രീതി പിടിവലിക്കിടെ ചുമരില്‍ തലയിടച്ച് വീണ് ബോധം നഷ്ടപ്പെട്ടു. തുടര്‍ന്നു വീട്ടില്‍ നിന്ന് ലഭിച്ച കയറുകൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ച ശേഷം തന്റെ ഹോണ്ട ആക്ടീവയിലുണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കില്‍ മൃതശരീരം കയറ്റി സ്‌കൂട്ടറിന് മുന്‍വശത്ത് വച്ച് ഉച്ചയോടെ പൊള്ളാച്ചി വളന്തായ്മരം ചെക് പോസ്റ്റിനു സമീപം മെയിന്‍ റോഡിന്റെ അരികിലുള്ള മാലിന്യ കൂമ്പാരത്തില്‍ തള്ളുകയായിരുന്നു.
പ്രതി പിന്നീട് തിരിച്ചെത്തി കുടുംബക്കാരോടൊപ്പം തിരച്ചിലിന് സഹായിക്കുകയും ചെയ്തിരുന്നു. വീടിനുള്ളിലെ ചുമരിലും പെഡസ്റ്റല്‍ ഫാനിന്റെ സ്റ്റാന്‍ഡിലും കണ്ടെത്തിയ രക്ത തുളളികളും മുറിഞ്ഞ കമ്മലും ദുരൂഹതയിലേക്ക് പോലിസിനെ നയിച്ചു.  സംഭവ സമയത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണം മൂന്ന് പേരിലേക്ക് കേന്ദ്രീകരിച്ചു.
തുടര്‍ന്ന് പ്രതിയെ വിശദമായി പോലിസ് ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day