|    Oct 23 Tue, 2018 12:49 pm
FLASH NEWS

വീട്ടമ്മയുടെ മരണം : നഗരസഭാ വാദം തെറ്റ് ; മരണകാരണം ഡെങ്കിപ്പനിയെന്ന് ബന്ധുക്കള്‍

Published : 27th September 2017 | Posted By: fsq

 

ചാവക്കാട്: പുന്നയില്‍ വീട്ടമ്മ മരിച്ചത് ഡെങ്കിപ്പനി മൂലമല്ലെന്ന് നഗരസഭ വാദം തള്ളി ബന്ധുക്കള്‍ രംഗത്ത്. ചാവക്കാട്ട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ബന്ധുക്കള്‍  നഗരസഭ അധികൃതരുടെ വാദത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. ഡെങ്കിപ്പനി മൂലമാണ് വീട്ടമ്മ മരിച്ചതെന്ന് തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടറും ബന്ധുക്കള്‍ ഹാജറാക്കി. ഇക്കഴിഞ്ഞ 19നാണ് പുന്ന കാര്യാട്ട് അബൂബക്കറിന്റെ ഭാര്യ ഷാജിത(40) മരിച്ചത്. മരണകാരണം ഡെങ്കിപ്പനി മൂലമാണെന്നായിരുന്നു ബന്ധുക്കളറിയിച്ചത്. ഇതോടെ മേഖലയില്‍ കൊതുകുനിര്‍മാര്‍ജനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശികഘടകം രംഗത്ത് വന്നിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലും ഈ വിഷയത്തെച്ചൊല്ലി ഭരണപ്രതിപക്ഷ വാക്കേറ്റം നടന്നിരുന്നു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ അനാസ്ഥയാണ് പനിമരണത്തിന് കാരണമെന്ന് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദ് ആരോപിച്ചതോടെ ഏതു തരത്തിലുള്ള പനിയാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബറിന്റെ മറുപടി. ഇതിനു പിന്നാലേയാണ് ഷാജിത മരിച്ചത് ഡെങ്കിപ്പനി, എലിപ്പനി എന്നിവ മൂലമല്ലെന്ന് നഗരസഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍, ഇതേക്കുറിപ്പില്‍ത്തന്നെ പനിയെത്തുടര്‍ന്ന് വൃക്കകള്‍ തകരാറിലായതാണ് മരണകാരണമെന്നും വിശദീകരിച്ചിരുന്നു. ഇതോടേയാണ് ഷാജിതയുടെ ബന്ധുക്കള്‍ ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുകയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയും ചെയ്യേണ്ടതിനു പകരം ഇത്തരത്തില്‍ നഗരസഭ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാജിതയുടെ മകന്‍ കെ എ ഹാരിസ്, ബന്ധുക്കളായ കെ കബീര്‍, പി എം റസാക്ക്, പി എ നിഹാദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss