|    Mar 18 Sun, 2018 4:03 am
FLASH NEWS

വീട്ടമ്മയുടെ മരണം: കൊലപാതകമെന്നസംശയത്തില്‍ പോലിസ്

Published : 16th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഇത്തിത്താനം കുതിരപ്പടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാവാമെന്ന നിഗമനത്തില്‍ പോലിസ്. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി അന്യസംസ്ഥാനതൊഴിലാളികളെ ചോദ്യം ചെയ്തുവരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് ശ്രീനിലയത്തില്‍ ശ്രീലത(50)യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെട്ടിരിക്കാമെന്നാണ് പോലിസ് കരുതുന്നത്. ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ താമസിക്കുന്ന മാതാവ് പൊന്നമ്മയും സഹോദരങ്ങളും ശ്രീലതയുമായി ഇടക്കിടക്കു ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു.  എന്നാല്‍ പൊന്നമ്മ ശനിയാഴ്ച നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു ഓട്ടോയില്‍ ശ്രീലത താമസിക്കുന്ന ഇത്തിത്താനത്തു എത്തിയപ്പോള്‍ ഗേറ്റ് അടഞ്ഞും ജനല്‍പാളി തുറന്നുകിടക്കുന്ന നിലയിലും കാണപ്പെട്ടു. കൂടാതെ വീടിനു പുറത്തെ ലൈറ്റുകളും കത്തിക്കിടക്കുന്ന നിലയിലായിരുന്നു.  പുറത്തുവന്നു വിളിച്ചിട്ടു വിളി കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്നു ഓട്ടോ ഡ്രൈവര്‍ മതില്‍ ചാടിക്കടന്നു വീടിനുള്ളില്‍ നോക്കിയപ്പോള്‍ രക്തം വാര്‍ന്നൊഴുതി ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ശ്രലതയുടെ മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയും ഡിവൈഎസ്പി  ി അജിത്, സിഐ ബിനു വര്‍ഗീസ്, എസ്‌ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. കൂടാതെ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു സംസ്‌കരിച്ചു. തലയുടെ മധ്യഭാഗത്ത് മാരകായുധം കൊണ്ടേറ്റ ആഴത്തിലുള്ള മുറിവ് മൃതദേഹത്തില്‍ കാണാമായിരുന്നു.  ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങറള്‍ നഷ്ടപ്പെട്ടിട്ടില്ല. ബിഎസ്‌സി കെമിസ്ട്രി ബിരുദധാരിയായ  ശ്രീലത ആന്ധ്രായില്‍ കുറെക്കാലം വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി ജോലിനോക്കിയിട്ടുണ്ട്. രണ്ടു വിവാഹം കഴിച്ച ഇവരുടെ ആദ്യ വിവാഹം വേര്‍പെടുത്തിയതാണ്.രണ്ടാമത്തെയാള്‍ മരണപ്പെട്ടെന്നു വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ജീവിച്ചിരിക്കുന്നതായി പറയപ്പെടുന്നു. രണ്ടു വിവാഹത്തിലും മക്കളില്ലാത്ത ഇവര്‍ സമീപവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെ ഒറ്റക്കാണു താമസിച്ചിരുന്നത്. അതേസമയം വീട്ടമ്മ കാല്‍വഴുതിവീണ് തലക്കുമുറിവേറ്റതാണോ മരണകാരണമെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ക്കു വന്ന ഫോണ്‍കോളുകളും പരിശോധനയ്ക്ക് വിധേയമാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss