|    Oct 18 Wed, 2017 8:24 pm
FLASH NEWS

വീട്ടമ്മമാര്‍ക്കും തെങ്ങില്‍ കയറാം; പരിശീലനവുമായി അടുക്കളത്തോട്ടം കൂട്ടായ്മ

Published : 6th October 2016 | Posted By: Abbasali tf

പൊന്നാനി: നവ മാധ്യമങ്ങളില്‍ കാര്‍ഷിക അറിയിപ്പുകള്‍ നല്‍കുകമാത്രമല്ല അവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കുകയാണ് ‘ഓരോവീട്ടിലും അടുക്കളത്തോട്ടം’ എന്ന ഫേയ്‌സ്ബുക് ആന്റ് വാട്ട്‌സ്ആപ്പ് കൂട്ടായ്മ.  വെളിയങ്കോട് പഴഞ്ഞിയിലാണ് വീട്ടമ്മമാരെ ഉള്‍പ്പെടുത്തിയുള്ള മുപ്പതോളം വരുന്ന സംഘത്തിന് തെങ്ങില്‍ കയറാനും കവുങ്ങില്‍ കയറാതെ അടക്കപറിക്കാനും യന്ത്രങ്ങളുടെ സഹായത്തോടെയുള്ള പരിശീലനം നല്‍കിയത്. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രഫസര്‍ ഡോ. സജീന ഹക്കീമിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. വണ്ടര്‍ ക്ലൈംബര്‍ (കവുങ്ങില്‍ കയറാതെ അടക്ക പറിക്കുന്ന മെഷീന്‍), തെങ്ങ് കയറ്റ മെഷീന്‍ എന്നിവയെ കുറിച്ചുള്ള ക്ലാസും അവ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും ഇതിനോടകം പൂര്‍ത്തിയാക്കി. വെളിയംകോട്, മാറഞ്ചേരി, ആലങ്കോട്, നന്നമുക്ക് എന്നീ കൃഷിഭവന്‍ പരിധിയിലെ കര്‍ഷകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ഇതിനുപുറമെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈകുന്നേരങ്ങളില്‍ അയല്‍പക്കങ്ങളിലെ സ്ത്രീകളെയും കുട്ടികളേയും  ഒരുമിച്ചുകൂട്ടി കൂട്ടായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ “സായാഹ്നകൃഷി” പദ്ധതിയും തുടങ്ങുന്നുണ്ട് ഇതിന്റെ  ഔദ്യോഗിക ഉദ്ഘാടനവും പരിശീലന പരിപാടിയില്‍ ഡോ: സജീന ഹക്കീം നിര്‍വഹിച്ചു. തുടക്കത്തില്‍ മൂന്ന്  കൃഷിയിടങ്ങളിലാണ് സായാഹ്നകൃഷി നടത്തുന്നത്. ക്രമേണ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്  ലക്ഷ്യം.ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അധ്യാപികയായ വെളിയങ്കോട് പഴഞ്ഞി സ്വദേശി ബാഹിയ ഫായിസാണ് വെളിയങ്കോട്, മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തന്റെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക