|    Mar 25 Sat, 2017 3:25 am
FLASH NEWS

വീടുനിര്‍മാണം നിലച്ചു: പെരുവമ്പാടം ആദിവാസി കോളനിക്കാര്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

Published : 5th April 2016 | Posted By: SMR

നിലമ്പൂര്‍: പെരുവമ്പാടം ആദിവാസി കോളനിയിലെ വീടുനിര്‍മാണം പൂര്‍ത്തികരിക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികള്‍ നിലമ്പൂര്‍ ഐടിഡിപി ഓഫിസിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി. വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഐടിഡിപി അധികൃതരും ജില്ലാ കലക്ടറുമായും കോളനി നിവാസികള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇന്നലെ ഉച്ചയോടെ കോളനിയില്‍ നിന്നെത്തിയ അന്‍പതോളം പേര്‍ സമരം തുടങ്ങിയത്.
2013-14 വര്‍ഷത്തെ ഹാംലറ്റ് വികസന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്ത പെരുവമ്പാടം ആദിവാസി കോളനിയിലെ വീടു നിര്‍മാണം പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിലച്ചത്. നിര്‍മാണ ചുമതലയുള്ള ജില്ലാ നിര്‍മിതി കേന്ദ്രത്തിന് ഇതുവരെ 77.34 ശതമാനം രൂപ അധികൃതര്‍ നല്‍കിയിട്ടുണ്ട്. മുഴുവന്‍ തുകയും ലഭിച്ചാല്‍ മാത്രമേ ഇനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവു എന്ന കര്‍ശന ഉപാധി നിര്‍മിതി കേന്ദ്രം മുന്നോട്ടുവച്ചതോടെയാണ് നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്. ഒരു വീടിന് 4,37,308 രൂപ പ്രകാരം 20 വീടുകളുടെ നിര്‍മാണമാണ് നടക്കുന്നത്. ഇതില്‍ 16 എണ്ണത്തിന്റെ മേല്‍ക്കൂര വാര്‍പ്പ് കഴിഞ്ഞിട്ടുണ്ട്. മൂന്നെണ്ണം വാര്‍പ്പിനാവുന്നതേയുള്ളു. ഒരെണ്ണത്തിന്റെ തറപ്പണി തുടങ്ങിയിട്ടേയുള്ളു. ഫണ്ട് നിലച്ചതിനെ തുടര്‍ന്ന് ജനവരിയിലാണ് നിര്‍മാണം നിര്‍ത്തിവച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി കോളനി നിവാസികള്‍ ഐടിഡിപിയില്‍ എത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ മെയ് 16നു ശേഷമേ നടപടിയെടുക്കാനാവുവെന്ന നിലപാടാണ് പ്രൊജക്ട് ഓഫിസര്‍ കെ കൃഷ്ണന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. എന്നാല്‍, അത്രയും കാത്തിരിക്കാന്‍ കഴിയില്ലെന്ന് ആദിവാസികള്‍ വ്യക്തമാക്കിയതോടെ കലക്ടര്‍, സബ്കലക്ടര്‍ എന്നിവരുമായി ആലോചിച്ച് നിര്‍മാണം പുനരാരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് നിര്‍മിതി പ്രോജക്ട് ഓഫിസര്‍ കെ ആര്‍ ബീന ആദിവാസികള്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് ആദിവാസികള്‍ പിരിഞ്ഞുപോയി. ഏപ്രില്‍ നാലിനു മുന്‍പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഐടിഡിപിക്കു മുന്‍പില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ആദിവാസി പ്രതിനിധി ബിന്ദു വൈലാശ്ശേരി പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ സമരം തുടങ്ങിയത്. 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് ആദിവാസി കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ ഹാംലറ്റ് വികസന പദ്ധതിയില്‍ പെരുവമ്പാടം കോളനിയെ ഉള്‍പ്പെടുത്തിയത്.
360 ചതുരശ്രഅടി തറ വിസ്തീര്‍ണ്ണത്തില്‍ 36 വീടുകള്‍ നിര്‍മിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, 2014 ഡിസംബര്‍ മൂന്നിന് ആദിവാസികള്‍ ഐടിഡിപിക്ക് മുന്‍പില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരത്തെ തുടര്‍ന്ന് 412 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ 20 വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പദ്ധതി മാറ്റിയെങ്കിലും ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഫണ്ട് തടഞ്ഞുവയ്ക്കാന്‍ കാരണം. പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ ഫണ്ട് നല്‍കാമെന്ന് നിര്‍മിതി കേന്ദ്രത്തിന് പ്രോജക്ട് ഓഫിസര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
ആദിവാസികളുമായി നിലമ്പൂര്‍ എസ്‌ഐ കെ എം.സന്തോഷ്, ഐടിഡിപി പ്രോജക്ട് ഓഫിസര്‍ കെ കൃഷ്ണന്‍ എന്നിവര്‍ സമരം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പായില്ല.

(Visited 73 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക