|    Nov 21 Wed, 2018 4:02 am
FLASH NEWS

വീടുകള്‍ക്ക് വെളിച്ചമായി വിദ്യാര്‍ഥികളുടെ സന്നദ്ധസേന

Published : 6th September 2018 | Posted By: kasim kzm

തൃശൂര്‍: ജില്ലയില്‍ പ്രളയക്കെടുതിയില്‍ തകര്‍ന്ന ആയിരക്കണക്കിനു വീടുകളില്‍ വൈദ്യുതീകരണം ഉള്‍പ്പടെയുള്ള അറ്റകുറ്റപണികള്‍ നടത്തിയും നാശനഷ്ട ആഘാതപഠനത്തിന് ചുക്കാന്‍പ്പിടിച്ചും വിദ്യാര്‍ഥികളുടെ സന്നദ്ധസേന. ജില്ലയിലെ എഞ്ചിനീയറിംഗ് -പോളിടെക്‌നിക്ക്-ഐടിഐ കോളജുകളിലെ അയ്യായിരത്തിലേറെ വരുന്ന വിദ്യാര്‍ഥികളാണ് പ്രളയം ബാധിച്ച വീടുകളില്‍ അറ്റകുറ്റപണികള്‍ നടത്തിയും നാശനഷ്ട പഠനം നടത്തയും മാതൃകയാകുന്നത്. ജില്ലാഭരണകൂടവുമായി സഹകരിച്ച് കോസ്റ്റ്‌ഫോര്‍ഡിനാണ് ആണ് ഈപ്രവര്‍ത്തനങ്ങളുടെ എകോപന ചുമതല. ഇതുവരെ 6000ത്തിലധികം വീടുകളില്‍ സമഗ്ര സര്‍വേ നടത്തി. 700 വീടുകളിലെ ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തയാക്കി. പ്രളയത്തില്‍ കേടുവന്ന വിവിധ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണികളും ഇവര്‍ ചെയ്യുന്നു. ജില്ലയിലെ 21 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന വിദ്യാര്‍ഥികളുടെയും അമ്പതിലേറെ വരുന്ന അധ്യാപകരുടെയും നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍. നാഷ്ണല്‍ സര്‍വീസ് സ്‌കീമും ഹരിത കേരളം മിഷനും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ആഗസ്ത് 28ാം തീയതിയാണ് പദ്ധതിക്ക് തുടക്കംക്കുറിച്ചത്. പ്രളയം രൂക്ഷമായി ബാധിച്ച ചേര്‍പ്പ്, എടത്തിരുത്തി ഗ്രാമപഞ്ചായത്തുകളിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തിയും സര്‍വേയും ആരംഭിച്ചത്. നിലവില്‍ എകദേശം അന്‍പതിലധികം പഞ്ചായത്തുകളില്‍ നാശനഷ്ടങ്ങളുടെ സമഗ്ര സര്‍വ്വേയും വീടുകളിലെ ഇലക്ട്രിക്കല്‍ വര്‍ക്കുകളും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുടെ പിന്തുണയോടെയും സഹകരണത്തോടെയുമാണ് പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നത്. സിവില്‍, ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 5 പേരടങ്ങിയ വിദ്യാര്‍ഥികളുടെ സംഘമാണ് ഓരോ വീടുകളിലും സന്നദ്ധസേവനത്തിനുള്ളത്. കോസ്റ്റ്‌ഫോര്‍ഡ് പ്രതിനിധികളോ അധ്യാപകരോ ആണ് ഓരോ ടീമിനും നേതൃത്വം നല്‍കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. പ്രളയബാധിത വീടുകളുടെ അടിത്തറ, നിലം, മേല്‍ക്കൂര, പ്ലംബിഗ്, വൈദ്യുതി കണക്ഷന്‍ എന്നിവയ്ക്കുണ്ടായ കേടുപാടുകളെ സംബന്ധിച്ച വിവിരങ്ങളാണ് സര്‍വ്വേയിലൂടെ ശേഖരിക്കുന്നത്. ഒപ്പം പ്രളയബാധയുടെ തോത്, കാലദൈര്‍ഘ്യം എന്നിവയും സംഘം രേഖപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പമാണ് വീടുകളിലെ കേടായ വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിക്കുന്നതും മിക്‌സി, ഫാന്‍, മോട്ടോര്‍ തുടങ്ങിയ വൈദ്യത ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതും. ആഗസ്ത് 29 ന് കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ അവധിദിനങ്ങളിലാണ് വിദ്യാ ര്‍ഥികള്‍ ബാക്കിയുള്ള സര്‍വ്വേയും ഇലക്ട്രിക്കല്‍ വര്‍ക്കുകളും നടത്തുന്നത്. പദ്ധതിയുടെ എകോപനത്തിനൊപ്പം ആവശ്യമായ സാങ്കേതിക സഹായങ്ങളും ഉപദേശങ്ങളും നല്‍കാന്‍ കോസ്റ്റ്‌ഫോര്‍ഡിന്റെ 10 സീനിയര്‍ എഞ്ചിനീയര്‍മാരും 20 ജൂനിയര്‍ എഞ്ചിനീയര്‍മാരും 4 സാങ്കേതിക വിദഗ്ദ്ധരുമുണ്ട്. ആഗസ്ത് 28 ന് അസിസ്റ്റന്റ് കളക്ടര്‍ പ്രേംകൃഷ്ണന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് നാശനഷ്ട സര്‍വേയ്ക്കും ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ക്കുമായി ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും ഉദ്യമത്തില്‍ പങ്കാളികളായി. ചേര്‍പ്പ് പഞ്ചായത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ സംഘടന 50000 രൂപയുടെ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കിയിരുന്നു. സേവനത്തില്‍ എര്‍പ്പെടുന്ന മുഴുവന്‍പേരെയും സേവന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജില്ലാ ഭരണകൂടം ആദരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss