|    Aug 21 Tue, 2018 4:10 pm
FLASH NEWS

വീടുകള്‍ക്ക് ഇനിമുതല്‍ കിണര്‍ റീചാര്‍ജിങ് നിര്‍ബന്ധം

Published : 22nd June 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയില്‍ പുതുതായി നിര്‍മിക്കുന്ന നൂറ് ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തൃതിയുള്ള എല്ലാ വീടുകള്‍ക്കും ദുരന്തനിവാരണ നിയമം 2005 (സെക്ഷന്‍ 26(2),30(2)) പ്രകാരം ഭൂജല പരിപോഷണ സംവിധാനം നിര്‍ബന്ധമാക്കി. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാകലക്ടറുടേതാണ് ഉത്തരവ്.  100 ച.മീ മുതല്‍ 150 വരെയുള്ളവയ്ക്ക് 90 സെ.മീ നീളവും വീതിയും 100 സെ.മീ ആഴവുമുള്ള ഭൂഗര്‍ഭ മഴവെള്ള സംഭരണിയാണ് സ്ഥാപിക്കേണ്ടത്. 150 ച.മീ മുതല്‍ 200 ച.മീ വരെയുള്ളവയ്ക്ക് 120 സെ.മീ നീളവും ആഴവും വീതിയുമുള്ള സംഭരണിയും 200 ച.മീറ്ററിന് മുകളിലുള്ളവയ്ക്ക് 150 സെ.മി നീളവും വീതിയും 120 സെ.മി ആഴവുമുള്ള സംഭരണിയും സ്ഥാപിക്കുന്നതിനാണ് നിര്‍ദേശം. വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നുള്ള വെള്ളം നേരിട്ട്  ശേഖരിക്കുന്ന തരത്തിലാണ് ടാങ്കുകള്‍ സ്ഥാപിക്കേണ്ടത്. കുഴിയുടെ പാര്‍ശ്വഭിത്തി ചെങ്കല്ല്, ഇഷ്ടിക എന്നിവ കൊണ്ട് കെട്ടി സംരക്ഷിച്ച് മുകള്‍ഭാഗം നീക്കിമാറ്റാന്‍ കഴിയുന്ന കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മൂടിവെക്കുന്ന തരത്തിലായിരിക്കണമെന്നു ഉത്തരവിലുണ്ട്.നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് കെട്ടിട നമ്പര്‍ /ഒക്യുപന്‍സി അനുവദിക്കുന്നതിന് മുമ്പായി തദ്ധേശസ്വയംഭരണ സ്ഥാപന സെക്രട്ടറി ഭൂജല പരിപോഷണ സംവിധാനം നിര്‍മിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും. കൂടാതെ പരിശോധനയ്ക്കായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ടൗണ്‍ പ്ലാനര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, വാട്ടര്‍ സപ്ലൈ ഡിവിഷന്‍, ഭൂജലവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സ്‌ക്വാഡിന്റെ പരിശോധനയില്‍ സംവിധാനം നിര്‍മിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ കെട്ടിട നമ്പര്‍ റദ്ദ് ചെയ്യുന്നതിന് സെക്രട്ടറിക്ക് ശുപാര്‍ശ നല്‍കും. ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സെക്രട്ടറിമാര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 51 (യ) പ്രകാരം നിയമനടപടി സ്വീകരിക്കണം. വീട് ഒഴികെയുള്ള മറ്റ് കെട്ടിടങ്ങള്‍ക്ക് കെട്ടിടനിര്‍മാണ ചട്ടപ്രകാരമുള്ള ഭൂജല പരിപോഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഴക്കാലം അവസാനിക്കുന്നതോടെ ടാങ്കില്‍  മണ്ണ് വീണ് പ്രവര്‍ത്തന ക്ഷമമല്ലാതാകുമെന്നതിനാല്‍ വര്‍ഷാവര്‍ഷം കെട്ടിട നികുതി സ്വീകരിക്കുന്നതിന് മുമ്പായി ഭൂജല പരിപോഷണ സംവിധാനം പ്രവര്‍ത്തന ക്ഷമമാണെന്നും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നില്ലെന്നും കെട്ടിട ഉടമയില്‍ നിന്ന് സാക്ഷ്യപത്രം എഴുതി വാങ്ങിക്കുന്നതിനായി തദ്ധേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ അയ്യന്‍കുന്ന്, മുഴക്കുന്ന്, ആറളം, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, വെള്ളാര്‍വള്ളി, ചെറുവാഞ്ചേരി, തൃപ്രങ്ങോട്ടൂര്‍, വെളളാട്, എരുവേശ്ശി, പയ്യാവൂര്‍, നുച്യാട്, വയത്തൂര്‍, തിമിരി, തിരുമേനി, ആലക്കോട്, പുളിങ്ങോം, വയക്കര, പാണപ്പുഴ വില്ലേജുകളെ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നടപടികളുടെ ഭാഗമാണ് ഉത്തരവ്. ജില്ലയില്‍ വേനലില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഭൂജല പരിപോഷണം സഹായിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീടുകളില്‍ കിണര്‍ റിച്ചാര്‍ജ് സംവിധാനം നിര്‍ബന്ധമാക്കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss