|    Nov 15 Thu, 2018 3:11 am
FLASH NEWS

വീടുകളുടെ വിസ്തൃതി 1,200 എന്നത് 1,500 ആക്കണമെന്നാവശ്യപ്പെട്ട് പ്രമേയം

Published : 9th August 2018 | Posted By: kasim kzm

വടകര: ക്ഷേമ പെന്‍ഷനു വേണ്ടി പുതുതായി അപേക്ഷ നല്‍കിയവര്‍ക്ക് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള പുതിയ ഉത്തരവില്‍ വീടുകളുടെ വിസ്തൃതി 1200 സ്‌ക്വയര്‍ ഫീറ്റില്‍ നിന്ന് 1500 ആക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ ഐക്യഖണ്‌ഠേന പ്രമേയം പാസാക്കി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സഫിയയാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ ഉത്തരവില്‍ 1200 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കരുതെന്നാണ് തീരുമാനം.
തീരദേശത്ത് താമസിക്കുന്ന പലരും കൂട്ടുകുടംബമായിട്ടാണ് കഴിയുന്നതിനാല്‍ പല വിടീകളും ഈ മാനദണ്ഡത്തിലൂടെ പുറത്താവുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ തീരദേശവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്ത അവസ്ഥായി മാറും. വീടുകളുടെ വിസ്തൃതി മാനദണ്ഡമാക്കി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് ശരിയല്ലെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. നിലവില്‍ നഗരസഭയില്‍ നൂറ് കണക്കിന് അപേക്ഷകളാണ് നല്‍കിയിട്ടുള്ളത്. ഈ അപേക്ഷകള്‍ക്കൊന്നും പരിഹാരം കാണാന്‍ മാസങ്ങളായി കഴിഞ്ഞിട്ടില്ലെന്നും, പുതിയ ഉത്തരവ് വരുന്നതോടെ ഈ അപേക്ഷകളില്‍ മിക്കതും തള്ളപ്പെടുകയും ചെയ്യും. നിലവില്‍ പുതിയ അപേക്ഷകള്‍ക്കാണ് ഈ ഉത്തരവ് ബാധകമാകുന്നതെങ്കിലും തുടര്‍ന്ന് പഴയ ഉപഭോക്താക്കള്‍ക്കും ബാധമാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രമേയം സംസ്ഥാന സര്‍ക്കാരിലേക്ക് അയക്കും.
കുടിവെള്ള വിതരണം നഗരസഭയില്‍ പാടെ അവതാളത്തിലാണെന്ന് വിവിധ കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചു. പല പ്രദേശങ്ങളിലും പത്തും ഇരുപതും ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ള വിതരണം നടക്കുന്നില്ല. പല ദിവസങ്ങളിലും പരാതി പറഞ്ഞ് കൊണ്ട് വാട്ടര്‍ അതോറിറ്റി ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഇതിന് അടിയന്തിര പരിഹാരം കാണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭയിലേക്ക് വെള്ളം പമ്പിംഗ് നടത്തുന്ന സ്ഥലത്ത് കൗണ്‍സിലര്‍മാര്‍ സന്ദര്‍ശനം നടത്തണമെന്നും ആവശ്യം ഉയര്‍ന്നു. കറുകപാലത്തിലെ തൂണുകള്‍ തകര്‍ന്നത് നഗരസഭ എഞ്ചിനീയര്‍ പരിശോധിച്ചെങ്കിലും ഒന്നും കൂടി പരിശോധിച്ച് റീ എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് കൗണ്‍സിലര്‍ എംപി അഹമ്മദ് ആവശ്യപ്പെട്ടു.
പിഎംഎവൈ പ്രകാരം ഭവന നിര്‍മാണ അപേക്ഷയില്‍ നഞ്ച സംബന്ധിച്ച പ്രശ്‌നം നിലനില്‍ക്കുകയാണെന്നും ഇതിന് വേണ്ടി അപേക്ഷകള്‍ മാസങ്ങളോളമായി ഓഫീസില്‍ കയറിയിറങ്ങുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതകുരുക്ക് മൂലം വീര്‍പ്പ് മുട്ടിയ നഗരത്തില്‍ പലയിടങ്ങളിലായി നോ പാര്‍ക്കിംഗ് ബോര്‍ഡ് വെക്കാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയില്ലെന്ന് എംപി ഗംഗാധരന്‍ പറഞ്ഞു. തെരുവ് വിളക്കുകള്‍ പലതും രാത്രി കാലങ്ങളില്‍ കത്താതെ പകല്‍ സമയത്താണ് കത്തുന്നതെന്ന് ഇത് അടിയന്തിരമായി മാറ്റണമെന്ന് പി അശോകന്‍ പറഞ്ഞു. അക്ലോത്ത് നട കനാലില്‍ മാലിന്യം തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട് ഇവിടെ നഗരസഭ ബോര്‍ഡ് സ്ഥാപിക്കണമെന്ന് വി ഗോപാലന്‍ മാസ്റ്റര്‍ പറഞ്ഞു.
ലിങ്ക് റോഡ് പാര്‍ക്കിങ് കേന്ദ്രമായി മാറ്റിയെന്നും നഗരസഭ പാര്‍ക്കിംഗ് കേന്ദ്രം നോക്കുകുത്തിയായി മാറിയെന്നും സുരേഷ് ബാബു പറഞ്ഞു. ഒവി തോട്, കരിമ്പന തോടുകളിലേക്ക് മാലിന്യം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളെ കുറിച്ച് സ്ഥാപന ഉടമകളെ അറിയിക്കണമെന്ന് എം ബിജു പറഞ്ഞു. പുത്തൂര്‍ ജിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്ക് കളിക്കാന്‍ കഴിയുന്നില്ലെന്നും, ഗ്രൗണ്ട് നവീകരണം നടത്തണമെന്നും പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ റീന ജയരാജ് ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് പോലീസിനെ സജീവമാക്കുന്നത് സംബന്ധിച്ച് പോലീസുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യണമെന്ന് ചെയര്‍മാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നഞ്ച ഭൂമിയുമായി ബന്ധപ്പെട്ട് ഭവന നിര്‍മ്മാണ വായ്പ ലഭിക്കാത്ത പ്രശ്‌നത്തില്‍ ആര്‍ഡിഒ ആണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പ്രശ്‌നം എത്ര ഇടപെട്ടിട്ടും പരിഹാരം കാണുന്നില്ല.
വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകള്‍ ഇപ്പോഴും പഴയ പൈപ്പുകളാണെന്നും ഇതാണ് പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്താമെന്നും ചെയര്‍മാന്‍ പറഞ്ഞു. തെരുവ് വിളക്കുകള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ചെയ്ത് വരികയാണ്.
എന്നിട്ടും പരിഹാരമില്ലാത്തത് കൗണ്‍സിലര്‍മാര്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരനെ വിളിച്ച് സംസാരിക്കാമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. യോഗത്തില്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ടിഐ നാസര്‍, എന്‍പിഎം നഫ്‌സല്‍, പി ഗിരീഷന്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss