|    Oct 22 Mon, 2018 3:37 am
FLASH NEWS

വീടുകളില്‍ കയറി ആക്രമണം നടത്തിയ സംഭവം എട്ടംഗ സംഘത്തിന്റെ നേതാവ് പിടിയില്‍

Published : 18th January 2017 | Posted By: fsq

 

വൈപ്പിന്‍: എളങ്കുന്നപ്പുഴയില്‍ രണ്ടു വീടുകളില്‍ കയറി ആക്രമണം നടത്തുകയും വീട്ടുസാമഗ്രികള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ എട്ടംഗ സംഘത്തിന്റെ നേതാവിനെ ഞാറക്കല്‍ പോലിസ് പിടികൂടി. എളങ്കുന്നപ്പുഴ പണിക്കശ്ശേരി ലെനീഷ് (29) ആണ് പിടിയിലായത്. എളങ്കുന്നപ്പുഴ പെട്രോള്‍ പമ്പില്‍വച്ച് ബസ് ഡ്രൈവറെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതികൂടിയാണിയാളെന്ന് പോലിസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വീടുകയറി ആക്രണത്തിനു കേസെടുത്ത് പോലിസ് ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എളങ്കുന്നപ്പുഴ മാണിശ്ശേരി അശോകന്റെയും സഹോദരന്‍ ജോഷിയുടെയും വീടുകള്‍ കയറിയാണ് ആക്രമണം നടത്തിയത്. ആക്രണത്തില്‍ പരിക്കേറ്റ അശോകന്‍ (64), ഭാര്യ ഷൈല(56), ജോഷിയുടെ ഭാര്യ ഷീല(42) എന്നിവര്‍ മാലിപ്പുറം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച വൈകീട്ട് അശോകന്റെ വീടിനടുത്തുള്ള പാലത്തില്‍ ഒന്നാം പ്രതിയായ ലെനീഷിന്റെ സഹോദരന്‍ ജിനീഷും കൂട്ടരും വഴി തടസപ്പെടുത്തുന്ന തരത്തില്‍ മോട്ടോര്‍ ബൈക്ക് പാര്‍ക്ക് ചെയ്തത് അശോകന്റെ മകന്‍ അനൂപ് ചോദ്യംചെയ്തു. ഇതില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനുശേഷം രാത്രി 10 മണിയോടെ ജിനീഷിന്റെ സഹോദരനായ ലെനീഷിന്റെ നേതൃത്വത്തില്‍ എട്ടുപേരടങ്ങുന്ന സംഘം അനൂപിനെ തേടി മാരകായുധങ്ങളുമായി വീട്ടിലെത്തുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന സംഘം അനൂപിനെ അന്വേഷിച്ചെങ്കിലും ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് ടി വി, റഫ്രിജറേറ്റര്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ തല്ലിത്തകര്‍ത്തു. ചോദ്യംചെയ്ത അശോകനെയും ഭാര്യ ഷൈലയേയും കഴുത്തില്‍ വടിവാള്‍ വച്ച് ഭീഷണിപ്പെടുത്തുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനുശേഷം ജോഷിയുടെ വീട്ടിലുമെത്തി അനൂപിനെ ചോദിച്ച് വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തുണ്ടായിരുന്ന ടി വി, റഫ്രിജറേറ്റര്‍ തുടങ്ങിയവ തല്ലിത്തകര്‍ത്തു. തടയാന്‍ചെന്ന ജോഷിയുടെ ഭാര്യ ഷൈലയെയും മര്‍ദ്ദിച്ചു. നാട്ടുകാര്‍ പോലിസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടെ ചൊവ്വാഴ്ച എളങ്കുന്നപ്പുഴയില്‍വച്ച് പോലിസിനെകണ്ട് ഓടിയ ലെനീഷിനെ എസ്‌ഐ ആര്‍ രഗീഷ് കുമാറും പോലിസുകാരായ ഗിരീഷ്, സുധി, വിജിന്‍ എന്നിവര്‍ ചേര്‍ന്ന് പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഓടുന്ന വഴിയില്‍ വീണതിനെ തുടര്‍ന്ന് ഇയാളുടെ തലക്ക് നിസാര പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ തേടിയതിനുശേഷമാണ് പോലിസ് കേസെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. പ്രതികളില്‍ ലെനീഷ് ഉള്‍പെടെ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി നാലുപേര്‍ കണ്ടാലറിയാവുന്നവരാണെന്ന് പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss