|    Nov 15 Thu, 2018 12:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വീടുകളിലേക്ക് മടങ്ങേണ്ടത് പരിശോധനകള്‍ക്കു ശേഷം മാത്രം

Published : 22nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തിനുശേഷം വെള്ളം ഇറങ്ങിയ വീടുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറുടെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനകള്‍ക്കുശേഷമേ വീണ്ടും താമസിക്കാവൂ. വീടുകളില്‍ തിരിച്ചെത്തുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്കായി പഞ്ചായത്ത് മെമ്പര്‍മാരെ നിയോഗിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് മെമ്പറോടൊപ്പം ശുചിത്വ മിഷനും ആവശ്യമായ നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പും സഹകരിക്കും.

കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്ന വിധം

കിണറിലെ ജലത്തിന്റെ അളവനുസരിച്ചാണ് സൂപ്പര്‍ ക്ലോറിനേഷന് ആവശ്യമായ മിശ്രിതം തയ്യാറാക്കേണ്ടത്. ആയിരം ലിറ്റര്‍ ജലത്തിന് അഞ്ചു ഗ്രാം അഥവാ ഒരു ടീസ്പൂണ്‍ എന്ന തോതിലാണ് ബ്ലീച്ചിങ് പൗഡര്‍ എടുക്കേണ്ടത്. ഇത്തരത്തില്‍ കിണറ്റിലെ ജലത്തിന്റെ അളവനുസരിച്ച് എടുത്ത ബ്ലീച്ചിങ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ അല്‍പം ജലം ഉപയോഗിച്ച് കുഴമ്പുരൂപത്തിലാക്കുക. തുടര്‍ന്ന് വെള്ളം കോരാന്‍ ഉപയോഗിക്കുന്ന ബക്കറ്റിന്റെ അളവിലുള്ള ജലത്തില്‍ നന്നായി ഇളക്കിച്ചേര്‍ക്കുക. ലായനി തെളിയുന്നത് വരെ ഊറാന്‍ അനുവദിക്കണം. തുടര്‍ന്ന് ഊറിയ ലായനി മാത്രം വെള്ളം കോരുന്ന ബക്കറ്റില്‍ നിറച്ച് കിണറ്റില്‍ ശക്തമായി ഇറക്കി ലായനി കിണറില്‍ പകരാന്‍ അനുവദിക്കുക. ഒരു മണിക്കൂറിനുശേഷം തിളപ്പിച്ച് കുടിക്കാവുന്നതാണ്.കിണറുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍ ആദ്യ ആഴ്ചയില്‍ ദിവസത്തില്‍ ഒരു തവണ എന്ന രീതിയില്‍ നടത്തണം. പിന്നീട് ഒരു മാസത്തേക്ക് ആഴ്ചയില്‍ രണ്ടു ദിവസമെന്ന രീതിയിലും തുടര്‍ന്ന് വരുന്ന ഒരു മാസം ആഴ്ചയില്‍ ഒരു ദിവസവും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. ഇത്തരത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയാലും 20 മിനിറ്റ് തിളപ്പിച്ചതിനുശേഷമേ വെള്ളം കുടിക്കാന്‍ ഉപയോഗിക്കാവൂ.

വെള്ളത്തില്‍ ഇറങ്ങിയവര്‍ ശ്രദ്ധിക്കുക

സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ നിറഞ്ഞൊഴുകിയ ഈ മഴയില്‍ കലക്ക വെള്ളത്തില്‍ ഇറങ്ങിയവര്‍ നിര്‍ബന്ധമായും 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ ഗുളിക ഉടന്‍ കഴിക്കുകയും തുടര്‍ന്നും ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ ഇതേ അളവില്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന തോതില്‍ ആവര്‍ത്തിക്കുകയും ചെയ്യണം. അതേസമയം, ഗര്‍ഭിണികളും എട്ടു വയസ്സിന് താഴെയുള്ള കുട്ടികളും ഈ ഗുളിക കഴിക്കരുത്. കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അസിത്രോമൈസിന്‍ എന്ന മരുന്ന് ശരീരഭാരം കിലോഗ്രാമിന് 10 മില്ലിഗ്രാം എന്ന തോതില്‍ ഒരു ശിശുരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം കഴിക്കാം. ഈ മരുന്നുകളെല്ലാം സൗജന്യമായി ആരോഗ്യകേന്ദ്രങ്ങളില്‍ ലഭിക്കും.

വീടുകളിലേക്ക് മടങ്ങുമ്പോള്‍

ആദ്യപടിയായി വീടിന് അകവും ജലാശയങ്ങളും വൃത്തിയാക്കുകയാണ് വേണ്ടത്. കിണറുകളില്‍ രണ്ടു മാസത്തോളം സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെ നടത്തണം. കുടിക്കാനുള്ള വെള്ളം ക്ലോറിനേഷന്‍ നടത്തിയാലും 20 മിനിറ്റ് തിളപ്പിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ.

വീടിന് അകം വൃത്തിയാക്കുമ്പോള്‍

10 ലിറ്റര്‍ വെള്ളത്തിലേക്ക് 150 ഗ്രാം ബ്ലീച്ചിങ് പൗഡര്‍, രണ്ട് ടീ സ്പൂണ്‍ സോപ്പുപൊടി അല്ലെങ്കില്‍ അലക്കുകാരം എന്നിവ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഈ മിശ്രിതം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തുടര്‍ന്ന് 10 മിനിറ്റിന് ശേഷം ഊറിവരുന്ന തെളിവെള്ളം ഉപയോഗിച്ച് വീടിന് അകം വൃത്തിയാക്കാവുന്നതാണ്. വീടിനകത്തെ ചളി ഉള്‍പ്പെടെയുള്ളവ നീക്കിയതിനുശേഷമാണ് ക്ലോറിനേഷന്‍ നടത്തേണ്ടത്. അകം കഴുകി വൃത്തിയാക്കിയതിനുശേഷം അരമണിക്കൂറോളം ക്ലോറിനേഷന്‍ മിശ്രിതം വീടിനകത്ത് ഒഴുക്കി നിര്‍ത്തേണ്ടതാണ്. പിന്നീട് ഈ ലായനി വാര്‍ത്തുകളഞ്ഞതിനുശേഷം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയ കിണറിലെ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. വെള്ളം ഇറങ്ങിയതിനുശേഷം വീടിന്റെ പരിസരങ്ങളില്‍ പ്രാണികളുടെ ശല്യം ഒഴിവാകുന്നതിന് ഒരു കിലോ കുമ്മായപ്പൊടിക്ക് കാല്‍ കിലോ ബ്ലീച്ചിങ് പൗഡര്‍ എന്ന തോതില്‍ കലര്‍ത്തി വിതറാവുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss