|    Sep 26 Tue, 2017 9:27 am
FLASH NEWS

വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ കത്തിച്ചതായി പരാതി

Published : 28th December 2015 | Posted By: SMR

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി തുരുത്തിയില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം കത്തിച്ചതായി പരാതി. ഫോര്‍ട്ട്‌കൊച്ചി തുരുത്തി മുസ്‌ലിം പള്ളിക്ക് പിറകുവശം സുധീറിന്റെ വാഹനമാണ് കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീടിന് മുന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ അറിയിച്ചപ്പോഴാണ് സ്‌കൂട്ടര്‍ കത്തിയ വിവരം സുധീര്‍ അറിയുന്നത്.
വീടിനകത്തേക്ക് പുക ഉയരുകയും മുറ്റത്തെ വൈദ്യുതി വിളക്ക് കടുത്ത ചൂടില്‍ പൊട്ടി തെറിക്കുകയും ചെയ്തു. അയല്‍വാസികളും സുധീറും ചേര്‍ന്ന് തീയണച്ചതിനാല്‍ വാഹനത്തിന്റെ പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നില്ല. ഇതുമൂലം വന്‍ അപകടം ഒഴിവായി. അടുത്തടുത്തായി നിരവധി വീടുകളാണ് ഈ ഭാഗത്തുള്ളത്. പെട്രോള്‍ ടാങ്കിന് തീപ്പിടിച്ചിരുന്നെങ്കില്‍ വീടുകളിലേക്കും തീ പടരുമായിരുന്നു. സമീപത്തെ സ്‌കൂളിന് മുന്‍വശം രാത്രിയില്‍ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരാണോ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. സുധീറിന്റെ രണ്ട് വീട് അകലെ മാറി സുമീറിന്റെ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മീന്‍ ബോക്‌സുകളും തീവച്ച് നശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ട്‌കൊച്ചി ഈരവേലിയിലും ഇത്തരത്തില്‍ മൂന്ന് ഇരുചക്രവാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചിരുന്നു.
ലഹരി വില്‍പ്പന ചോദ്യം ചെയ്ത യുവാക്കളുടെ വാഹനങ്ങളാണ് അന്ന് നശിപ്പിക്കപ്പെട്ടത്. ഈ കേസില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തില്‍ സംഭവം അരങ്ങേറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക