|    Jul 17 Tue, 2018 11:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വീക്ഷണം ദിനപത്രം, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരെ അയോഗ്യരാക്കി

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിക്കുന്ന കമ്പനിയുടെയും സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച നോര്‍ക്ക റൂട്ട്‌സിലെയും ഡയറക്ടര്‍മാരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അയോഗ്യരാക്കി. കഴിഞ്ഞ മൂന്നു വര്‍ഷം ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. വീക്ഷണം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, പൗലോസ് തങ്കച്ചന്‍, ഷാനവാസ് ഇബ്രാഹീം കുട്ടി, പുതിയപറമ്പില്‍ തോമസ് തോമസ് (പി ടി തോമസ്), ബെന്നി ബെഹനാന്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്.  2016 നവംബര്‍ ഒന്നു മുതല്‍ 2021 ഒക്ടോബര്‍ 31 വരെയാണ് അയോഗ്യതയുണ്ടാവുക. വീക്ഷണം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്. അതേസമയം, വീക്ഷണം പത്രം പ്രസിദ്ധീകരിക്കുന്നതിന് തടസ്സമുണ്ടാവില്ല. നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്ടര്‍മാരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുസുഫലി അബ്ദുല്‍ ഖാദര്‍ (എം എ യൂസുഫലി), കരുവേലിത്തറ ജോസഫ് (കെ സി ജോസഫ്) എന്നിവരടക്കം 11 ഡയറക്ടര്‍മാരെയും അയോഗ്യരാക്കിയിട്ടുണ്ട്.  രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വിവിധ കമ്പനികളില്‍ നിന്നായി 12,000 ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയത്. കേരള-ലക്ഷദ്വീപ്-മാഹി ഇളനീര്‍ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിലെ അഞ്ചു ഡയറക്ടര്‍മാരെയും കൈരളി ടീ പ്ലാന്റേഷന്‍ ഡയറക്ടര്‍മാരായ സാമുവല്‍ കുരുവിള, കുരുവിള സാം, മേരി സാമുവല്‍ എന്നിവരെയും അയോഗ്യരാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് കോക്കനട്ട് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ മൂന്ന് ഡയറക്ടര്‍മാരെയും അയോഗ്യരാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss