|    Jul 16 Mon, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വി വി രാജേഷിനെതിരേ നടപടി ; കുമ്മനത്തിനെതിരേ പടയൊരുക്കവുമായി മുരളിപക്ഷം രംഗത്ത്

Published : 11th August 2017 | Posted By: fsq

 

എ  എം  ഷമീര്‍  അഹ്മദ്

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയും വക്താവുമായ വി വി രാജേഷിനെതിരേ അച്ചടക്കനടപടി എടുത്ത സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ലക്ഷ്യമിട്ട് മുരളീധര വിഭാഗം. പാര്‍ട്ടിയോട് ആലോചിക്കാതെ സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായി അന്വേഷണ കമ്മീഷനെ നിയമിച്ചതും റിപോര്‍ട്ട് പൂഴ്ത്തിവച്ചതും കഴിഞ്ഞ കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതു പ്രധാന ആയുധമാക്കിയുള്ള നീക്കമാണ് മുരളീധരവിഭാഗം നടത്തുന്നത്. ഔദ്യോഗിക പദവികളില്‍ നിന്നും ഒഴിവാക്കിയ നടപടി നീതീകരിക്കാനാവില്ലെന്നും തന്നെ മറയാക്കി കോഴ വിവാദത്തില്‍ ആരോപണവിധേയരായവരെ കുമ്മനം സംരക്ഷിക്കുന്നതായുമാണ് രാജേഷിന്റെ പരാതി. കേന്ദ്രനേതൃത്വത്തിന് രാജേഷ് കത്ത് നല്‍കുന്നുണ്ട്. അതേസമയം സാഹചര്യം മുതലാക്കി കുമ്മനത്തെ കൂടെനിര്‍ത്താനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ശ്രമം. രേഖാമൂലം പരാതി ഇല്ലാതിരിക്കെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ രഹസ്യമായി നിയോഗിച്ച കുമ്മനത്തിന്റെ നടപടിയില്‍ കൃഷ്ണദാസ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കേന്ദ്ര പ്രതിനിധികള്‍ പങ്കെടുത്ത കഴിഞ്ഞ കോര്‍ കമ്മിറ്റി യോഗത്തില്‍ ആരോപണവിധേയനായ എം ടി രമേശടക്കമുള്ളവര്‍ ഇതു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മുരളീധര വിഭാഗത്തിലെ പ്രമുഖര്‍ക്കെതിരേ നടപടിവന്നതോടെ കൃഷ്ണദാസ് പക്ഷം അയഞ്ഞു. ആര്‍എസ്എസ് നോമിനിയായ കുമ്മനത്തെ സംഘത്തെ ഉപയോഗപ്പെടുത്തിത്തന്നെ സ്വന്തം പാളയത്തിലേക്കെത്തിക്കാനാണ് കൃഷ്ണദാസ് വിഭാഗത്തിന്റെ ആലോചന. ഇത് ഏറെക്കുറെ വിജയംകണ്ടതിന്റെ സൂചനയായും വി വി രാജേഷിനെതിരായ നടപടിയെ വിലയിരുത്തുന്നുണ്ട്. അതേസമയം സംസ്ഥാന പ്രസിഡന്റ്് തന്നെ ഗ്രൂപ്പിന്റെ ഭാഗമായി ചിത്രീകരിക്കപ്പെട്ടതോടെ വിഭാഗീയത ഇല്ലാതാക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ അവസാന നീക്കവും പാളി. കുമ്മനത്തിന്റെ വരവോടെ പാര്‍ട്ടി ആഭ്യന്തരമായി ശക്തിപ്പെടുമെന്ന പ്രതീക്ഷ കേന്ദ്രനേതൃത്വത്തിനുണ്ടായിരുന്നു.  അതിനിടെയാണ് കുമ്മനത്തെ തന്നെ പ്രതിരോധത്തിലാക്കിയുള്ള മെഡിക്കല്‍ കോഴ വിവാദം പൊങ്ങിവന്നത്. കുമ്മനത്തിന്റെ വരവോടെ പാര്‍ട്ടിയില്‍ അപ്രസക്തരായി മാറിയ മുതിര്‍ന്ന നേതാക്കള്‍ കുമ്മനത്തിനെ അടിക്കാനുള്ള വടിയായും വിവാദം ഉപയോഗിച്ചു. കോഴ വിവാദത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ ശക്തിയായി പ്രതിരോധിച്ച് നിര്‍ത്തുന്നതില്‍ കുമ്മനം പരാജയപ്പെട്ടതായാണു മുതിര്‍ന്ന നേതാക്കളുടെ പരാതി. മാധ്യമങ്ങളെ നേരിടാന്‍ ഭയന്ന് കോര്‍ കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അഡ്വ. എസ് ശ്രീധരന്‍പിള്ളയെ അയച്ചതും ഇതിന് തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പോഷക സംഘടനകളും കുമ്മനത്തിനെതിരേ രംഗത്തുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss