|    Dec 19 Wed, 2018 11:09 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വി പി സെയ്തു മുഹമ്മദ് നിസാമി അന്തരിച്ചു

Published : 15th August 2018 | Posted By: kasim kzm

തേഞ്ഞിപ്പലം: പ്രമുഖ വാഗ്മിയും പണ്ഡിതനുമായ വി പി സെയ്ത് മുഹമ്മദ് നിസാമി (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ഓടെ ചേളാരിയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്‍സിപ്പല്‍, വാഫി സിഐസി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍, വളാഞ്ചേരി മര്‍കസ് കമ്മിറ്റി അംഗം, പന്നിയങ്കര മുഅത്ത് പള്ളി ഖത്തീബ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ബേപ്പൂര്‍ എല്‍പി, യുപി, നടുവട്ടം ഹൈസ്‌ക്കൂള്‍, വാഴക്കാട് ദാറുല്‍ഉലൂം അറബി കോളജ്, ചാലിയം മസ്ജിദുല്‍ ജാമിഅ, ഹൈദരാബാദ് ജാമിഅ നിസാമിയ്യ അറബികോളജ്, വെല്ലൂര്‍ ബാഖിയാത്തു സ്വലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം. കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാര്‍, സി എച്ച് ഹൈദ്രോസ് മുസ്‌ല്യാര്‍, ഒ കെ സൈനുദ്ദീന്‍ മുസ്‌ല്യാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്‍മാര്‍. ഇസ്‌ലാമിക വിശ്വാസം ശാസ്ത്രദൃഷ്ടിയില്‍, ഖുര്‍ആനും ശാസ്ത്രീയസത്യങ്ങളും തുടങ്ങിയവ പ്രധാന ഗ്രന്ഥങ്ങളാണ്.
പിതാവ്: പരേതനായ ഉമ്മര്‍. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ജാവിദ്, മുഹമ്മദ് ഷെജീഹ്, ഹൈറുന്നിസ, സുമയ്യ, റാഹില, മുഹ്‌സിന. മരുമക്കള്‍: പരേതനായ ഹസൈനാര്‍ ഫൈസി കൂനൂള്‍മാട്, ലത്തീഫ് ചെട്ടിപ്പടി, കോയമോന്‍ കുറ്റിക്കാട്ടൂര്‍, ഹാഫിള് വാഫി കൊടുവള്ളി, മെഹ്ബൂബ, ഷംന. പാണമ്പ്ര ജുമുഅത്ത് പള്ളിയില്‍ നടന്ന മയ്യിത്ത് നമസകാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

സെയ്ദ് മുഹമ്മദ് നിസാമിയുടെ വിയോഗത്തില്‍ അനുശോചിച്ചു
കോഴിക്കോട്: എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സൈദ് മുഹമ്മദ് നിസാമിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. സുന്നീ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ പരസ്യമായി അണിചേരാതെ സമുദായ താല്‍പര്യത്തിന് മുന്‍ഗണന നല്‍കിയ വ്യക്തിയായിരുന്നു നിസാമി. മതത്തിനെതിരേ വരുന്ന പൊതു വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാണ് അദ്ദേഹം തന്റെ നാവും തൂലികയും പ്രയോഗിച്ചത്. എതിര്‍ വീക്ഷണക്കാരെ ബഹുമാനിക്കുന്ന മാതൃകാ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും മജീദ് ഫൈസി പറഞ്ഞു.

സമുദായത്തിന് നഷ്ടം: മൗലാനമുഹമ്മദ് ഈസാ മന്‍ബഇ
മലപ്പുറം: മതവിദ്യാഭ്യാസ പുരോഗതിക്കും സമുദായ ഐക്യത്തിനും വേണ്ടി ആത്മാര്‍ത്ഥമായി നിലകൊണ്ട പ്രമുഖ പണ്ഡിതന്‍ സെയ്ദ് മുഹമ്മദ് നിസാമിയുടെ വിയോഗം സമുദായത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മന്‍ബഇ അനുശോചനക്കുറിപ്പില്‍ അറിയിച്ചു. ജനാസ നമസ്‌കാരത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, സംസ്ഥാന സമിതി അംഗങ്ങളായ അര്‍ഷദ് മുഹമ്മദ് നദ്‌വി, അബ്ദുല്‍ മജീദ് അല്‍ ഖാസിമി, മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ വഹബി, സെയ്ദ് മൗലവി അരീക്കോട് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss