|    Apr 27 Fri, 2018 2:51 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

വി എം സുധീരന്റെ വക ആദര്‍ശ സ്ഥാനാര്‍ഥി

Published : 16th October 2015 | Posted By: RKN

മധ്യമാര്‍ഗം/പരമു
ദര്‍ശം മൊത്തമായും ചില്ലറയായും പൊതുസമൂഹത്തില്‍ വിതരണം ചെയ്യുന്ന നേതാവാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആദര്‍ശം വിട്ട് അദ്ദേഹത്തിന് ഒരു കളിയുമില്ല. അധികാരത്തോട് ലവലേശം താല്‍പര്യമില്ല. മന്ത്രി, എംപി, സ്പീക്കര്‍ സ്ഥാനങ്ങള്‍ അദ്ദേഹത്തിനു കിട്ടിയത് ആദര്‍ശത്തിന്റെ പേരിലാണ്. കോണ്‍ഗ്രസ്സില്‍ ആദര്‍ശം വറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്  ഹൈക്കമാന്‍ഡ് അദ്ദേഹത്തെ കെപിസിസി പ്രസിഡന്റായി കേരളത്തിലേക്കു കെട്ടിത്താഴ്ത്തിയത്. ഇതൊക്കെയാണെങ്കിലും സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി ആദര്‍ശ കോണ്‍ഗ്രസ് ആക്കാന്‍ അദ്ദേഹം ഓവര്‍ടൈം പൊതുപ്രവര്‍ത്തനം നടത്തിവരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പോ ഗ്രൂപ്പിന്റെ ഉള്ളിലെ ഗ്രൂപ്പോ അദ്ദേഹത്തിനില്ല. പാര്‍ട്ടിയിലെ ഒരു എംഎല്‍എയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നില്ല. പാര്‍ട്ടിക്ക് അമ്പതിലധികം ഭാരവാഹികള്‍ ഉണ്ടെങ്കിലും ഒറ്റ ഭാരവാഹിയും അദ്ദേഹത്തിന്റെ കൂടെ ഇതുവരെ ഉണ്ടായിരുന്നില്ല.

എന്നാല്‍, സമീപകാലത്ത് മലബാറുകാരനായ കെ പി അനില്‍കുമാര്‍ എന്ന ഒരു ജനറല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്നു ‘സുധീരന്‍ ഗ്രൂപ്പ്’ എന്ന ഒരു പ്രസ്ഥാനത്തിനു രൂപം കൊടുത്തിരിക്കുകയാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിലായിരുന്നു അനില്‍കുമാര്‍. അഴിമതി ആരോപണങ്ങളുടെ പേരില്‍ സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനുമായി തെറ്റിയതിന്റെ പേരിലാണ്  അനില്‍കുമാര്‍ സുധീരന്റെ കൂടെ ചേര്‍ന്നത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഇപ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ പി അനില്‍കുമാറിനു പ്രത്യേകിച്ച് പണിയൊന്നുമില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി ചുമതല മറ്റൊരു ജില്ലയിലാണ്. എന്നാല്‍, കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കുന്ന മാരത്തണ്‍ ചര്‍ച്ചയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി രാവും പകലും പങ്കെടുത്തു. അദ്ദേഹത്തിന് ഒരു സീറ്റില്‍ മാത്രമേ താല്‍പര്യമുള്ളൂ. ഒരു വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി തന്റെ ഡ്രൈവറെ മത്സരിപ്പിക്കണം. ഡിസിസിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത് സ്വീകാര്യമായില്ല. കാരണം, ഈ ഡ്രൈവര്‍ കോണ്‍ഗ്രസ്സുകാരനാണോ എന്നത് ആര്‍ക്കും അറിയില്ല.

ഡിസിസി ഒറ്റക്കെട്ടായി ഈ സ്ഥാനാര്‍ഥിയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്ന് അറിയിച്ചു. പക്ഷേ, കെപിസിസി ജനറല്‍ സെക്രട്ടറി വിട്ടുകൊടുക്കാന്‍ ഭാവമില്ല. മണിക്കൂറുകളോളം ചര്‍ച്ച നീണ്ടു. കോഴിക്കോട് എംപിയും ഒരവസരത്തില്‍ ഇടപെട്ടു. രക്ഷയില്ല. ചര്‍ച്ച എങ്ങുമെത്താത്ത അവസ്ഥയില്‍ കോണ്‍ഗ്രസ് സീറ്റ് മുസ്‌ലിംലീഗിനു ദാനം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ മുന്നണിയിലെ സീറ്റുവിഭജന ചര്‍ച്ച പൂര്‍ത്തിയായിരുന്നു. മുസ്‌ലിംലീഗ് അവരുടെ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചിരുന്നു. ദാനം കിട്ടിയ സീറ്റ്  സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മന്ത്രി മുനീര്‍ ഇടപെടുകയും ചെയ്തു. ലീഗിനു ബൂത്തില്‍ ഇരിക്കാന്‍ പോലും ഒരാളില്ലാത്ത വാര്‍ഡാണിത്. ഒടുക്കം ദാനം കിട്ടിയ സീറ്റ് ലീഗ് കോണ്‍ഗ്രസ്സിനു തന്നെ തിരിച്ചുകൊടുത്തു. കോണ്‍ഗ്രസ് പുലിവാലു പിടിച്ചു. അവിടെ മത്സരിക്കാന്‍ പുതിയ നേതാക്കളും രംഗത്തെത്തി. തലവേദന തീരാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയം സുധീരനു വിടാന്‍ തീരുമാനമായി.

ഡിസിസി ഓഫിസിലെ ഫാക്‌സില്‍ നിന്നു വിവരമറിയിച്ചു. ഉടനെത്തന്നെ മറുപടിയും കിട്ടി. കെപിസിസി പ്രസിഡന്റിന്റെ ശക്തമായ ആദര്‍ശ നിലപാട്: കെപിസിസി ജനറല്‍ സെക്രട്ടറിയുടെ ഡ്രൈവറെ സ്ഥാനാര്‍ഥിയാക്കണം. സ്ഥാനാര്‍ഥി പ്രഖ്യാപനവും നടത്തി. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ജാഥയായി വന്ന് കോണ്‍ഗ്രസ് നേതാക്കളെ പ്രതിഷേധം അറിയിച്ചു. കോഴിക്കോട്ട് മാത്രമല്ല, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലും വിഷയം കത്തിപ്പടര്‍ന്നു. കെപിസിസി പ്രസിഡന്റ് നേരിട്ട് ഒരു സ്ഥാനാര്‍ഥിയെ കെട്ടിയിറക്കിയതില്‍ നേതൃത്വത്തില്‍ മുറുമുറുപ്പുണ്ടായി. മുന്‍മന്ത്രി പന്തളം സുധാകരനാണ് ആദ്യത്തെ പരസ്യ പ്രസ്താവന പുറപ്പെടുവിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടു. സ്ഥാനാര്‍ഥിയെ പിന്‍വലിച്ചുകൊണ്ട് ഫാക്‌സ് അയക്കേണ്ട ഗതികേടിലായി കെപിസിസി പ്രസിഡന്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss