|    Oct 18 Wed, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിസ ഫീസ് നിരക്കുകള്‍ സൗദി വര്‍ധിപ്പിച്ചു; ഒക്ടോബര്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍

Published : 10th August 2016 | Posted By: SMR

ജിദ്ദ: എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ റീ എന്‍ട്രി വിസയ്ക്കുള്ള ഫീസ് ഉള്‍പ്പെടെ വിവിധ വിസകളുടെ ഫീസ് നിരക്ക് വര്‍ധിപ്പിച്ചു. സൗദി ആസൂത്രണ മന്ത്രാലയം തയ്യാറാക്കിയ പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഒക്ടോബര്‍ രണ്ടു മുതല്‍ (ഹിജ്‌റ വര്‍ഷാരംഭമായ മുഹര്‍റം ഒന്ന്) പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ അവധിയില്‍ നാട്ടില്‍ പോയിവരുന്നതിനുള്ള റീ എന്‍ട്രി വിസയ്ക്ക് 200 റിയാല്‍ നല്‍കണം. രണ്ടു മാസം വരെയുള്ള അവധിക്കാണിത്. തുടര്‍ന്നുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം ഈടാക്കും. താമസരേഖ അഥവാ ഇഖാമയുടെ കാലാവധി അടിസ്ഥാനമാക്കിയാണ് റീ എന്‍ട്രി വിസ കാലാവധി നിശ്ചയിക്കുന്നത്. ഒന്നിലധികം തവണ വന്നുപോകുന്നതിനുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയ്ക്ക് മൂന്നു മാസ കാലത്തേക്ക് 500 റിയാലായിരിക്കും ഫീസ്. പിന്നീടുള്ള ഓരോ മാസത്തിനും 200 റിയാല്‍ വീതം നല്‍കണം. ഇതിനും ഇഖാമ കാലാവധിവരെയാണ് പരിധി നിശ്ചയിച്ചിട്ടുള്ളത്. നിലവില്‍ ആറു മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ റീ എന്‍ട്രി വിസയ്ക്ക് 500 റിയാലാണ് ഫീസ് നല്‍കേണ്ടിയിരുന്നത്.
ഹജ്ജ്, ഉംറ വിസകള്‍ക്കും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. 2,000 റിയാലാണ് ഈ വിസകള്‍ക്കു നല്‍കേണ്ടി വരുക. എന്നാല്‍, ആദ്യ തവണ ഹജ്ജ്, ഉംറ നിര്‍വഹിക്കുന്നവരുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടെ ഫീസ് നിരക്ക് ആറു മാസത്തേക്ക് 3,000 റിയാലായി വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തേക്ക് 5,000 റിയാലും രണ്ടു വര്‍ഷത്തേക്ക് 8,000 റിയാലുമാണ് ഈടാക്കുക. ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സമ്പ്രദായം പുതുതായാണ് നടപ്പാക്കുന്നത്.
കസ്റ്റംസ് തീരുവ പോലുള്ള സേവന നികുതി ഒഴിവാക്കുന്നതിനു വിവിധ രാജ്യങ്ങളുമായി സൗദി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഹജ്ജ്, ഉംറ വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയ്ക്കുള്ള ഫീസില്‍ ഇളവുണ്ടാവില്ല. ട്രാന്‍സിസ്റ്റ് വിസയ്ക്കുള്ള ഫീസ് 300 റിയാലായും തുറമുഖങ്ങള്‍ വഴിയുള്ള വിസ ഫീസ് 50 റിയാലായും നിശ്ചയിച്ചിട്ടുണ്ട്. ഒരു തവണ പ്രവേശന ഫീസ് 2000 റിയാല്‍ നല്‍കണമെന്നും മന്ത്രിസഭ ഉത്തരവില്‍ പറയുന്നു. എന്നാല്‍, സന്ദര്‍ശന വിസയ്ക്ക് ഈ തുക ബാധകമാണോയെന്നു വ്യക്തമാക്കുന്നില്ല. തൊഴില്‍, കുടുംബ വിസകള്‍ക്കു 2,000 റിയാല്‍ നല്‍കണമെന്നാണ് നിലവിലെ വ്യവസ്ഥ.കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ വിശദവിവരങ്ങള്‍ സൗദി ജവാസാത്ത് അടുത്ത ദിവസങ്ങളില്‍ വ്യക്തമാക്കും

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക