|    Nov 18 Sun, 2018 5:31 pm
FLASH NEWS

വിസ നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Published : 5th August 2016 | Posted By: SMR

ആറ്റിങ്ങല്‍: വിദേശത്തേക്ക് വിസ നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് നിരവധിപേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ വിരുതനെ ആറ്റിങ്ങല്‍ പോലിസ് പിടികൂടി. കടയ്ക്കല്‍ ചുണ്ട പോസ്റ്റ് ഓഫിസിന് സമീപം നൗഷാദ് മന്‍സിലില്‍ നൗഷാദ് (40) ആണ് അറസ്റ്റിലായത്. കൊല്ലത്തെ പ്രമുഖ വ്യാപാരിയുടെ മകനാണെന്ന് പരിചയപ്പെടുത്തി വിശ്വാസം ആര്‍ജിച്ചാണ് ഇയാള്‍ ആറ്റിങ്ങലിലെ ആറുപേരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയത്.
ഊരൂപൊയ്ക സ്വദേശികളായ ഷാജഹാന്‍, സാബു, കോരാണി സ്വദേശി ഈസിക്കുഞ്ഞ്, പള്ളിപ്പുറം സ്വദേശി മുഹമ്മദി അനസ്, വാളക്കാട് സ്വദേശി സാദിഖ് ഖാന്‍, അണ്ടൂര്‍ക്കോണം സ്വദേശി ജാഫര്‍ എന്നിവരാണ് പരാതി നല്‍കിയിട്ടുള്ളത്. ഇവരില്‍ നിന്നുമായി പത്തു ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തിരുന്നു. ഇനിയും ധാരാളം പേരെ കബളിപ്പിച്ച് പണം തട്ടിയതായാണ് അറിയുന്നത്. നൗഷാദിനെക്കൂടാതെ ഇയാളുടെ ഭാര്യ സുലിത ബിവിയും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. രണ്ടുപേരും കൂടിയാണ് പണം വാങ്ങിയത്. ആറ്റിങ്ങളില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ നൗഷാദ് ഇവിടെവച്ച് ഊരൂപൊയ്ക സ്വദേശി ഷാജിയെ പരിചയപ്പെട്ടു. കൊല്ലത്തെ പ്രമുഖ വ്യാപാരിയായ യൂനൂസ് കുഞ്ഞിന്റെ മകനാണെന്ന് പറഞ്ഞായിരുന്നു ഇത്.
വേഷവിതാനവും മറ്റും കണ്ട ഷാജിയും കൂട്ടരും അത് വിശ്വസിച്ചു. തന്റെ കുഞ്ഞിന് ഓട്ടിസമാണെന്നും ഇവിടുത്തെ പള്ളിയില്‍ നേര്‍ച്ചയ്ക്കായി 10 ലക്ഷം രൂപ നല്‍കാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചപ്പോള്‍ ഷാജി ഊരൂപൊയ്ക പള്ളിയുടെ ഭാരവാഹികളുമായി ഇയാളെ ബന്ധപ്പെടുത്തി. പള്ളിക്കാരിലും വിശ്വാസം വളര്‍ത്തിയ ഇയാള്‍ ഷാജിയോട് മറ്റൊരു ജീവകാരുണ്യ പദ്ധതി അവതരിപ്പിച്ചു. കൈവശം 30 വിസ ഉണ്ടെന്നും അത് തീരെ പാവങ്ങളായ കുടുംബത്തിലെ ഒരാളെ രക്ഷപെടുത്താനായി നല്‍കാമെന്നും രണ്ടു ലക്ഷത്തിനടുത്ത് ചെലവിട്ടാല്‍ അവര്‍ രക്ഷപ്പെടുമെന്നുമായിരുന്നു പറഞ്ഞത്. ഷാജി തന്റെ പരിചയത്തിലെ പാവപ്പെട്ടവരുമായി നൗഷാദിനെ ബന്ധപ്പെടുത്തി. ഇയാളുമായി സംസാരിച്ചവരെയെല്ലാം വലയില്‍ വീഴ്ത്തി. കൂടാതെ ഇവരുടെ വീടുകളില്‍ സല്‍ക്കാരത്തിനും പ്രാര്‍ഥനയ്ക്കും പങ്കെടുക്കുകയും ചെയ്തു. ഭാര്യാ സമേതമാണ് സല്‍ക്കാരങ്ങളില്‍ പങ്കെടുത്തത്.
ആഡംബരത്തിന് ഒരു കുറവും വരുത്തിയതുമില്ല. നിശ്ചിതദിവസം പറഞ്ഞ് എല്ലാവരില്‍ നിന്നും പണം വാങ്ങിയ ഇയാള്‍ ഗള്‍ഫിലേയ്ക്ക് മുങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയെങ്കിലും വിദേശത്തായതിനാല്‍ യാതൊന്നും പോലിസിനും ചെയ്യാനായില്ല. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ഇയാള്‍ കൊല്ലം ഭാഗത്ത് ഇതേ രീതിയില്‍ തട്ടിപ്പ് നടത്തുന്നതായി കടയ്ക്കല്‍ പോലിസിന് പരാതി ലഭിച്ചു. എന്നാല്‍ കൂടുതല്‍ പരാതി ആറ്റിങ്ങല്‍ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ഇവിടേയ്ക്ക് കേസ് കൈമാറി. കടയ്ക്കല്‍ പോലിസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളില്‍ ഇതേ രിതിയില്‍ ഇയാളും ഭാര്യയും തട്ടിപ്പ് ആസൂത്രണം ചെയ്തുവരുമ്പോഴാണ് പിടിവീണത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി അജിത് കുമാര്‍, സിഐ ജി സുനില്‍കുമാര്‍, എസ്‌ഐ വി എസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ ഭാര്യ സുലിത ബീവി ഒളിവിലാണെന്നും കുട്ടിയ്ക്ക് അസുഖം ഉണ്ടെന്നു പറഞ്ഞതുമാത്രം സത്യമാണെന്നും പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss