|    Mar 24 Sat, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വിസ തട്ടിപ്പ്: റിക്രൂട്ട്‌മെന്റ് നടത്തിയത് മുംബൈയിലെ സ്ഥാപനം; മലയാളി വനിതകളെ നാട്ടിലെത്തിച്ചു

Published : 19th November 2016 | Posted By: SMR

റഷീദ് ഖാസിമി

റിയാദ്: വിസ ഏജന്റിന്റെ ചതിയില്‍പ്പെട്ട് സൗദിയിലെത്തിയ 13 മലയാളി വനിതകളെ സന്നദ്ധപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചു. ആകര്‍ഷകമായ ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ശുചീകരണജോലിക്കായിട്ടായിരുന്നു ഇവരെ സൗദിയി ല്‍ കൊണ്ടുവന്നത്. മുംബൈയിലെ ഒരു റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനുവേണ്ടി കേരളത്തിലെ വിസ ഏജന്റായിരുന്നു ഇവരെ റിക്രൂട്ട് ചെയ്തത്. 1,500 റിയാല്‍ ശമ്പളം, താമസ സൗകര്യം, ഭക്ഷണം, ഓവര്‍ടൈം ഉള്‍പ്പെടെ 50,000 രൂപ പ്രതിമാസം ലഭിക്കുമെന്നായിരുന്നു വിസ ഏജന്റിന്റെ വാഗ്ദാനം.
കേരളത്തിലെ വിവിധ ആശുപത്രികളിലും മറ്റുമായി ഹോംനഴ്‌സ്, ശുചീകരണത്തൊഴിലുകള്‍ ചെയ്തുവരുന്നതിനിടെയാണ് വിസ ഏജന്റ് ഇവരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്തത്. റിയാദിലെത്തിയശേഷം ഇവരെ അബഹയിലേക്ക് കൊണ്ടുപോയി. അവിടെ പാര്‍ക്കുകളിലെ ശുചീകരണത്തിനായിരുന്നു ഇവര്‍ നിയോഗിക്കപ്പെട്ടത്. എന്നാല്‍, ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനു ശേഷമാണ് തങ്ങളുടെ ശമ്പളം 800 റിയാലാണെന്ന വസ്തുത എല്ലാവരും തിരിച്ചറിയുന്നത്.
മുംബൈയിലെ റിക്രൂട്ടിങ് ഏജന്‍സിയും റിയാദിലെ കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം 800 റിയാലായിരുന്നു ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാ ല്‍, 1,500 റിയാല്‍ ശമ്പളമായി ലഭിക്കുമെന്നു പറഞ്ഞ് കേരളത്തിലെ വിസ ഏജന്റ് ഇവരെ ചതിക്കുകയായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന വസ്തുത മനസ്സിലാക്കിയ തൊഴിലാളികള്‍ വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതെ ജോലി ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്ന് മാനേജരെ അറിയിച്ചു. എന്നാല്‍, ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. തങ്ങളുടെ പരാതി ഇവര്‍ ചെവികൊള്ളില്ലെന്ന് മനസ്സിലാക്കിയ വനിതകള്‍ ജോലിയില്‍നിന്നു വിട്ടുനിന്നു. തങ്ങളെ നാട്ടിലേക്കു മടക്കിയയക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ശക്തമായതോടെ ഇവരെ റിയാദ് ശുമേസിയിലെ ലേബര്‍ ക്യാംപിലേക്കു മാറ്റി.
ഇതിനിടെ അവരുടെ വീട്ടുകാര്‍ നാട്ടിലും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കി. വിഷയം എംബസിയിലെത്തിയതോടെ സംഭവത്തില്‍ ഇടപെടാന്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ സജ്ജാദ് ഖാനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് സജ്ജാദ് ഖാന്‍ തൊഴിലുടമയുമായി ബന്ധപ്പെട്ട് ഇവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്നു വിട്ടുനിന്ന മാസത്തെ ശമ്പളവും കൊച്ചിയിലേക്കുള്ള ടിക്കറ്റും തൊഴിലുടമ നല്‍കി. 13 പേരില്‍ അഞ്ചുപേര്‍ നേരത്തേ നാട്ടിലേക്കു മടങ്ങിയിരുന്നു. ബാക്കിയുള്ള എട്ടുപേര്‍ ഇന്നലെ നാട്ടിലെത്തി.
കോട്ടയം ഒഴുകൂര്‍ സ്വദേശിനി റോസമ്മ, സിന്ധു കൊടുങ്ങല്ലൂര്‍, ജെസി റോബര്‍ട്ട് കൊച്ചി, മഞ്ജു കാഞ്ഞിരപ്പള്ളി, റോസ്‌ലി എറണാകുളം, കോട്ടയം പാല സ്വദേശിനി ജിജി, അമ്പിളി, ജിന്‍സി ആലപ്പുഴ എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്കു യാത്രതിരിച്ചത്. സജ്ജാദ് ഖാന്‍, ഷംനാദ് കരുനാഗപ്പള്ളി, യഹ്‌യ കൊടുങ്ങല്ലൂര്‍, ഷാജി സോണ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss