|    Nov 14 Wed, 2018 11:51 pm
FLASH NEWS

വിസ തട്ടിപ്പു കേസിലെ പ്രതി പിടിയില്‍

Published : 3rd August 2016 | Posted By: SMR

മേലാറ്റൂര്‍: വിസ തട്ടിപ്പു കേസിലെ പ്രതി പോലിസ് പിടിയില്‍. ദുബെയിലുള്ള സ്പിന്നേയ്‌സ് കമ്പനിയില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് നൂറുകണക്കിനു ഉദ്യോഗാര്‍ഥികളില്‍ നിന്നും ലക്ഷക്കണക്കിനു രൂപ വാങ്ങി വഞ്ചിച്ച പത്തനംതിട്ട കോന്നി സ്വദേശി പ്രിന്‍സ് സക്കറിയ (26)നെയാണ് പാണ്ടിക്കാട് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഒഎല്‍എക്‌സ് വെബ്‌സൈറ്റിലൂടെ പരസ്യം ചെയ്താണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. വെള്ളിയഞ്ചേരി ഷമീമിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വിസ ആവശ്യമുണ്ടെന്നു പറഞ്ഞ് മേലാറ്റൂര്‍ ചെമ്മാണിയോട് പാലത്തിനു സമീപം വിളിച്ചു വരുത്തിയാണ് മേലാറ്റൂര്‍ എസ്‌ഐ എന്‍ എസ് രാജീവ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി സഞ്ചരിച്ചുവന്ന കാറും ഫെഡറല്‍ ബാങ്കിന്റെ ചെക്ക് ബുക്കും എടിഎം കാര്‍ഡും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു. ഇയാള്‍ വാടകക്ക് താമസിച്ചിരുന്ന എറണാകുളം ജില്ലയിലെ മുഴുവനൂര്‍ എഴിപ്പുറത്തുള്ള വീട്ടില്‍ നിന്നും 33 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളും മറ്റു  രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇരകളില്‍ നിന്നും ആദ്യഘട്ടമായി 40000 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും പാസ്‌പോര്‍ട്ടും കൈപറ്റുകയും വിസ ശരിയായിക്കിട്ടിയതിനു ശേഷം ബാക്കി 45000 രൂപ വേണ്ടി വരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചുമാണ് തട്ടിപ്പു നടത്തിയിരുന്നത്. ചില ഉദ്യോഗാര്‍ഥികള്‍ക്ക് പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കിയിട്ടുണ്ടെന്നും പോലിസ് പറയുന്നു. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. പ്രതിയെ ഇന്നലെ പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം  കോടതി മുമ്പാകെ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
അന്വേഷണ സംഘത്തില്‍ മേലാറ്റൂര്‍ അഡീഷണല്‍ എസ്‌ഐ കെ പിഎ റഹ്മാന്‍, എഎസ്‌ഐ എം സുരേഷ്, എസ്‌സിപിഒമാരായ സി ജെ ബാബു, രാമചന്ദ്രന്‍, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss