|    Apr 26 Thu, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിസ്മൃതിയിലായി മാര്‍ക്‌സും എംഗല്‍സും; മുട്ടിപ്പായി പ്രാര്‍ഥിച്ച് വിപ്ലവനേതാക്കള്‍

Published : 12th July 2016 | Posted By: SMR

കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് എംഗല്‍സ് എന്നീ വിപ്ലവാചാര്യന്‍മാരെ കമ്മ്യൂണിസ്റ്റുകാര്‍ മറന്നുതുടങ്ങിയോ? ഈയിടെയായി കോണ്‍ഗ്രസ്സുകാര്‍ക്കാണ് ഇതില്‍ ആവലാതി. കാലം മാറിയില്ലേ. വിപ്ലവാചാര്യന്‍മാരുടെ സംഗതികളൊന്നും അത്ര പോരായെന്ന വെളിപാട് കിട്ടിക്കാണും. ആശയപരമായ പോരാട്ടങ്ങള്‍ക്ക് ഇപ്പോള്‍ ബൈബിളും ഭഗവത്ഗീതയും ഖുര്‍ആനുമൊക്കെയാണ് ഇക്കൂട്ടര്‍ ആശ്രയിക്കുന്നതത്രേ. സംഗതി ഏറക്കുറേ സത്യവുമാണ്.
ഭരണം കിട്ടിയില്ലെ, അതിനിടെ ഇതൊക്കെ ആലോചിക്കാന്‍ എവിടെ സമയം. അതുകൊണ്ടാവും ബജറ്റ് ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിലെ യുവ എംഎല്‍എ ഷാഫി പറമ്പില്‍ ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഭരണപക്ഷത്തെ എംഎല്‍എമാര്‍ പലരും ഇപ്പോള്‍ മുട്ടിപ്പായി പ്രാര്‍ഥിക്കാറുണ്ടത്രേ. ഇത്രയും ബൈബിള്‍ വചനങ്ങള്‍ പഠിക്കാന്‍ സമയം കണ്ടെത്തിയതിലുള്ള അതിശയം പ്രകടിപ്പിച്ച ഷാഫി, ഇടയ്ക്ക് എപ്പോഴെങ്കിലും മാര്‍ക്‌സിനേയും എംഗല്‍സിനേയും ഓര്‍ക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. പാര്‍ട്ടി ഓഫിസുകളിലൊന്നും ഇവരുടെ പുസ്തകങ്ങള്‍ ലഭ്യമാകാന്‍ സാധ്യതയില്ലെന്നും വി ടി ബലറാമിനെ സമീപിച്ചാല്‍ മതിയെന്നും ഷാഫി ഉപദേശിക്കുന്നുണ്ട്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിക്കുമെന്ന ബജറ്റ് നിര്‍ദേശത്തെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യ ദിനം ബജറ്റ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. റോഡ്‌ബോര്‍ഡ് ഫണ്ടിലേക്ക് വരേണ്ട പണം കിഫ്ബിയിലൂടെ ധനവകുപ്പ് കൊണ്ടുപോവുമെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
കൗശലത്തിലൂടെ പൊതുമരാമത്ത് വകുപ്പിനെ ധനവകുപ്പ് വിഴുങ്ങുമെന്നും സതീശന്‍ മുന്നറിയിപ്പു നല്‍കി. ഒരു ട്രഷറിക്ക് പകരം മറ്റൊരു ട്രഷറിയാണ് ധനമന്ത്രി ലക്ഷ്യമിടുന്നതെന്ന് വി ടി ബലറാമും വാദിച്ചു. ഇതുവഴി സൂപ്പര്‍ മുഖ്യമന്ത്രിയായി ധനമന്ത്രി മാറുമെന്ന ആശങ്കയും ബലറാം പ്രകടിപ്പിച്ചു. ‘പല്ലക്കിലേറാന്‍ മോഹമുണ്ട് പക്ഷേ, ഊന്നിക്കയറാനുള്ള ശക്തിയില്ല’ എന്ന തരത്തിലുള്ളതാണ് ബജറ്റെന്ന് എം കെ മുനീര്‍. ശ്രീനാരായണ ഗുരു പറഞ്ഞ സകലകാര്യങ്ങളും പറഞ്ഞ ധനമന്ത്രി മനുഷ്യന് മനുഷ്യത്വമാണ് ജാതിയെന്ന അദ്ദേഹത്തിന്റെ നിലപാടുകൂടി ഉള്‍ക്കൊണ്ട് പൊതുമരാമത്ത് മന്ത്രിയോട് അല്‍പം മനുഷ്യത്വം കാണിക്കണമെന്നും മുനീര്‍ ഓര്‍മപ്പെടുത്തി. രണ്ടുമിനിറ്റ് സമയം കിട്ടിയ കോവൂര്‍ കുഞ്ഞുമോന്‍ ബജറ്റിനെ തലോടാതെ പന്തുമായി ആര്‍എസ്പിയുടെ ആളില്ലാത്ത പോസ്റ്റിലേക്കാണ് ഓടിക്കയറിയത്. കോപ്പ അമേരിക്കയില്‍ ചിലിയോട് തോറ്റ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ മെസ്സിയും കൂട്ടരും തലകുനിച്ചു പോയപൊലെയാണ് തിരഞ്ഞെടുപ്പില്‍ തോറ്റ് ആര്‍എസ്പി പോയതെന്ന് കോവൂര്‍.
മൂന്നു മുന്നണികളേയും തോല്‍പ്പിച്ചെത്തിയ തനിക്ക് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലെങ്കിലും സമയം അനുവദിക്കണമെന്നാണ് പി സി ജോര്‍ജ് ആവശ്യപ്പെട്ടത്. 28,000 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടിയ തനിക്ക് അനുവദിച്ചത് രണ്ടുമിനിറ്റാണ്. എല്‍ഡിഎഫ് ശക്തിപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ശിഥിലമായി. ലീഗ് പ്രതിപക്ഷമായി മാറി. പ്രതിപക്ഷത്തെ മൂന്നാമത്തെ പാര്‍ട്ടി എപ്പോള്‍ വേണമെങ്കിലും എല്‍ഡിഎഫിലേക്ക് കൂടിച്ചേരാന്‍ തയ്യാറെടുത്ത് നില്‍ക്കുവാണെന്നും പിസി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss