|    Oct 20 Sat, 2018 12:20 pm
FLASH NEWS
Home   >  Pravasi   >  

വിസ്മയാനുഭവങ്ങള്‍ നിറക്കുന്ന അല്‍ഹൂത ഗുഹ വിനോദസഞ്ചാരികള്‍ക്കായി ഉടന്‍ തുറക്കും

Published : 21st August 2016 | Posted By: mi.ptk

മസ്‌കത്ത്: ഒമാന്‍ വിനോദസഞ്ചാര മേഖലയിലെ പ്രധാന ഇടങ്ങളിലൊന്നായ അല്‍ഹൂത ഗുഹയിലേക്ക് അടുത്ത മാസം 5 മുതല്‍ സന്ദര്‍ശകരെ സ്വീകരിച്ചു തുടങ്ങും. ഒമാന്‍ ടൂറിസം ഡെവലപ്‌മെന്റ് അഥോറിറ്റി (ഉംറാന്‍) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ട്വിറ്ററിയില്‍ അറിയിച്ചതാണിക്കാര്യം. അല്‍ഹംറ വിലായത്തിലുള്ള ഗുഹ രണ്ടു മില്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നുവെന്ന് ഉംറാന്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സലാഹ് അല്‍ ഗസാലി പറഞ്ഞു. അല്‍ഹംറ ജില്ലയിലെ അല്‍ഹജര്‍ പര്‍വത നിരകളുടെ താഴ്ഭാഗത്തെ തനൂഫ് താഴ്‌വര പരിസരത്താണ് അല്‍ഹൂത ഗുഹ സ്ഥിതി ചെയ്യുന്നത്.  ഒമാന്റെ പ്രവിശാലമായ മരുഭൂമിക്കും കൂറ്റന്‍ ഉയരത്തിലുള്ള പര്‍വത നിരകള്‍ക്കുമിടക്ക് ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ പ്രദേശമാണ് ഇവിടെയുള്ളത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ഭംഗിയാണ് ഈ പ്രദേശത്തിനുള്ളത്. അസാധാരണമായ തലങ്ങളിലും സവിശേഷതകളിലും നിറഞ്ഞു നില്‍ക്കുന്നതാണ് അല്‍ഹൂത. വിനോദ സഞ്ചാരികള്‍ക്കായി ഇവിടെ ഒരു ട്രെയിന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. തുരങ്ക കവാടത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഗുഹയുടെ മുഖ്യ കവാടത്തില്‍ സഞ്ചാരികളെ എത്തിക്കുന്നു. പാറയില്‍ നിന്ന് ഒലിച്ചിറങ്ങിയ ചുണ്ണാമ്പുകല്ല് ഗുഹാ ഭിത്തിയില്‍ കാണാം. ചില ഭാഗങ്ങളില്‍ ഇത് കട്ടിയില്‍ അടിഞ്ഞു കൂടിക്കിടക്കുന്നു. ഗുഹയുടെ മേല്‍ വശത്ത് നിന്ന് താഴേക്ക് ചുണ്ണാമ്പുമിശ്രിതം തൂങ്ങി നില്‍ക്കുന്നു. അടിയില്‍ നിന്ന് മുകളിലേക്കും ഈ വളര്‍ച്ച കാണാം. ഈ രൂപപ്പെടല്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായ അതിശക്തമായ കാറ്റും മഴയും മൂലമാവാം എന്നു പറയുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. ഗുഹയുടെ പ്രധാന ചേംബറിന് 120 മീറ്റര്‍ വലുപ്പമാണുള്ളത്. അല്‍ബുസ്താന്‍ പാലസ് ഹോട്ടലിന്റെ ബോള്‍ റൂം വലുപ്പത്തെ ചുറ്റിവരിഞ്ഞുള്ള ഈ ഭാഗം അതിശയിപ്പിക്കുന്നതാണ്. ഗുഹാന്തര്‍ഭാഗം കലാപരമായ ശേഷികളുടെ പ്രതീതി നിറക്കുന്നതോടൊപ്പം വിസ്മയിപ്പിക്കുന്ന അനുഭവവും സന്ദര്‍ശകരിലുണ്ടാക്കുന്നു. അല്‍ഭുതം നിറക്കുന്ന മറ്റൊരു കാര്യം, ഗുഹക്കടുത്തായുള്ള തടാകത്തില്‍ അസാധാരണമായ ജീവി വര്‍ഗങ്ങള്‍ ഉണ്ടെന്നതാണ്. പിങ്ക് നിറത്തിലുള്ള അ മല്‍സ്യങ്ങള്‍ ഈ തടാകത്തിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss